ലോകവായനക്കാരെ ആകര്‍ഷിച്ച ഇതിഹാസകൃതിയാണ് ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്കേസിന്റെ 'വണ്‍ ഹണ്‍ഡ്രഡ് ഇയേഴ്‌സ് ഓഫ് സോളിറ്റിയൂഡ്' (ഏകാന്തതയുടെ നൂറ് വര്‍ഷങ്ങള്‍). നോവല്‍ വെബ്‌സീരീസാകുന്നു എന്ന വാര്‍ത്ത പുറത്തുവന്നിട്ട് വര്‍ഷങ്ങളായെങ്കിലും കാത്തിരിപ്പിന്റെ മുള്‍മുനയിലായിരുന്നു ആരാധകര്‍. 

To advertise here,

നെറ്റ്ഫ്‌ളിക്‌സ് ഒരുക്കുന്ന 'വണ്‍ ഹണ്‍ഡ്രഡ് ഇയേഴ്‌സ് ഓഫ്സോളിറ്റിയൂഡ് 'എന്ന സീരീസ് ഡിസംബര്‍ 11-ന് റിലീസ് ചെയ്യുമെന്ന വിവരം നേരത്തേ പുറത്തുവിട്ടിരുന്നു. എട്ട് എപ്പിസോഡുകളടങ്ങിയ ഒന്നാം സീസണാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്. ലോറാ മോറ, അലക്‌സ് ഗാര്‍സിയ ലോപ്പസ് എന്നിവര്‍ ചേര്‍ന്നാണ് സീരീസ് സംവിധാനം ചെയ്തിരിക്കുന്നത്. 

വെബ്‌സീരീസ് വരുന്ന വാര്‍ത്ത പുസ്തകം വായിച്ചവരില്‍ മാത്രമല്ല പുസ്തകം വായിക്കാത്ത പലരിലും ആകാംക്ഷയുണ്ടാക്കിയിരുന്നു. സീരീസ് വായനക്കാരുടെ പ്രതീക്ഷയ്ക്ക് മങ്ങലേല്‍പ്പിച്ചിട്ടില്ലെന്ന അഭിപ്രായങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. 

1967-ല്‍ സ്പാനിഷ് ഭാഷയിലാണ് നോവല്‍ പ്രസിദ്ധീകരിച്ചത്. കൊളംബിയ പശ്ചാത്തലമാക്കി സ്പാനിഷ് ഭാഷയില്‍ തന്നെയാണ് സീരീസും ചിത്രീകരിച്ചിരിക്കുന്നത്. 

മക്കോണ്ടോ എന്ന സാങ്കല്‍പിക ഗ്രാമത്തിലെ ബുവെന്‍ഡിയ കുടുംബത്തിന്റെ 7 തലമുറകളുടെ കഥയാണ് നോവല്‍ പറയുന്നത്. പുസ്തകം 1982-ല്‍ മാര്‍ക്കേസിനെ നൊബേല്‍ പുരസ്‌കാരത്തിന് അര്‍ഹനാക്കിയിരുന്നു.