കോഴിക്കോട്: സമൂഹത്തിൽ വ്യാപകമാകുന്ന ലഹരി ഉപയോഗം കുടുംബങ്ങളെയും യുവതലമുറയെയും ഗുരുതരമായി ബാധിക്കുന്ന സാഹചര്യത്തിൽ ശക്തമായ സാമൂഹിക സന്ദേശവുമായി 'ANTI D KL 01' എന്ന ഹ്രസ്വചിത്രം ജൂലായ് 17ന് വൈകുന്നേരം ഏഴ് മണിക്ക് ഡ്യൂ ഡ്രോപ്‌സ് യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്യും.

To advertise here,

ഡ്യൂ ഡ്രോപ്‌സ് ക്രിയേഷൻസിന്റെ ബാനറിൽ നിർമിച്ച ചിത്രത്തിന് ഡോ. ഷയറിത്ത് എം.പി ആണ് രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ഓപ്പറേഷൻ തൂഫാന്റെ ലഹരി വിരുദ്ധ ബോധവൽക്കരണവുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം.

ലഹരി ഉപയോഗം വ്യക്തിജീവിതത്തെയും കുടുംബബന്ധങ്ങളെയും സമൂഹത്തിന്റെ സുരക്ഷിതത്വത്തെയും എങ്ങനെ പ്രതികൂലമായി ബാധിക്കുന്നു എന്നതാണ് ചിത്രത്തിന്റെ ഉള്ളടക്കം.

യുവാക്കളെ പ്രത്യേകിച്ച് സ്‌കൂൾ വിദ്യാർഥികളെ തെറ്റായ വഴികളിൽ നിന്ന് പിന്തിരിപ്പിക്കുകയും ജാഗ്രതയോടെ ജീവിതത്തെ സമീപിക്കേണ്ടതിന്റെ ആവശ്യകത ഓർമപ്പെടുത്തുകയും ചെയ്യുന്ന സന്ദേശമാണ് ചിത്രം മുന്നോട്ടുവയ്ക്കുന്നത്.രാജേഷ് രാജുവും ആഗ്‌നേയ് ജി. എസും ചേർന്നാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.

എഡിറ്റിങ്ങ് ശ്രീജിത്ത് പുതുപ്പാടി, പശ്ചാത്തല സംഗീതം സാജൻ കെ റാം (ഗ്രാമഫോൺ മീഡിയ ), ഡോ. ഷയറിത്ത്എം.പി, ഡോ. സസ്‌ന എം.ടി, ലിജിൻ വി.താമരശ്ശേരി, ശ്രീജേഷ് എം.കെ, ഷോണിയ കെ, മഹേശ്വർ എസ് ബിജു, ബിജു കെ.വി, കെ.പി. നൈസൽ, സജീഷ് പോൾ, ആർ .വി മനാഫ്, രജീഷ് കെ.വി, ലക്ഷ്മി യു, ആരവ് കെ.വി, ആരാദ്ധ്യ കെ.വി, സായന്ത് എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കൾ.

ഹ്രസ്വ ചിത്രമാണെങ്കിലും ശക്തമായ ഉള്ളടക്കവും വ്യക്തമായ സാമൂഹിക സന്ദേശവും ഉൾക്കൊള്ളുന്നതാണ് ചിത്രം.അതുകൊണ്ടു തന്നെ ലഹരി വിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങൾക്ക് പ്രചോദനമാകുമെന്നാണ് അണിയറ പ്രവർത്തകർ ലക്ഷ്യം വെക്കുന്നത്.