ഓണം റിലീസുകളായെത്തിയ വമ്പൻ ചിത്രങ്ങളെ പോലും കടത്തിവെട്ടി കുതിപ്പ് തുടരുകയാണ് നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ആർ.ഡി.എക്സ്. ചിത്രത്തിലെ നായികയായി എത്തിയ മഹിമാ നമ്പ്യാരും കൂടുതൽ പ്രേക്ഷകശ്രദ്ധ നേടുകയാണ്. ചെറിയോരു ഇടവേളയ്ക്ക് ശേഷം മഹിമയ്ക്ക് കിട്ടിയ ഗംഭീര തിരിച്ചുവരവായിരുന്നു ആർ.ഡി.എക്സ്. തിരക്കിനിടയിൽ കാസർകോട്ടെ വീട്ടിലെത്തിയ മഹിമ പുതിയ വിശേഷങ്ങളും പ്രതീക്ഷകളും മാതൃഭൂമിയുമായി പങ്കുവെക്കുന്നു.
ആർ.ഡി.എക്സിന്റെ വിജയം പ്രതീക്ഷിച്ചിരുന്നതാണോ?
സിനിമ പ്രേക്ഷകർക്ക് ഇഷ്ടമാകുമെന്ന് ഉറപ്പായിരുന്നു. കഥയിലും ആക്ഷൻ രംഗങ്ങളിലും വിശ്വാസമുണ്ടായിരുന്നു. എന്നാൽ ഇത്രയും വലിയ സ്വീകാര്യത പ്രതീക്ഷിച്ചതല്ല. ചിത്രത്തിന്റെ റിലീസ് ദിവസം ചന്ദ്രമുഖി-2 ന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ചെന്നൈയിലായിരുന്നു. റിലീസ് ദിവസമായതിന്റെ ടെൻഷനും ഉണ്ടായി. ആന്റണി വർഗീസ് ആയിരുന്നു അടിക്കടി വിളിച്ച് അപ്ഡേറ്റ് ചെയ്തത്. 'എടീ നമ്മടെ പടം വിജയിച്ചു' എന്ന് വിളിച്ച് പറഞ്ഞതോടെ എത്രയും വേഗം സിനിമ തീയേറ്ററിൽ കാണണമെന്നായിരുന്നു. തമിഴ്നാട്ടിലും നല്ല സ്വീകരണമാണ് ചിത്രത്തിന് കിട്ടിയത്.
ചിത്രം ഇറങ്ങുന്നതിന് മുമ്പുണ്ടായിരുന്ന പ്രതികരണം എന്തായിരുന്നു?
ഒരുപാട് നെഗറ്റീവ് പ്രചാരണങ്ങളും ട്രോളും സിനിമ ഇറങ്ങുന്നതിന് മുൻപുണ്ടായിരുന്നു. വലിയ ചിത്രങ്ങൾക്കൊപ്പം ഇറക്കിയാൽ പരാജയപ്പെടുമെന്നും റിലീസ് തീയതി മാറ്റാനും ഡയറക്ടർ ഉൾപ്പെടെയുള്ളവരോട് ആളുകൾ പറഞ്ഞിരുന്നു. എന്നാൽ സിനിമയിൽ ഞങ്ങൾക്ക് വിശ്വാസമുണ്ടായിരുന്നു. മലയാളി പ്രേക്ഷകർ വമ്പൻ താരനിരയും സൂപ്പർസ്റ്റാറുകളും ഉണ്ടോയെന്ന് നോക്കിയല്ല സിനിമയെ വിലയിരുത്തുന്നത്. കഥയും അത് അവതരിപ്പിക്കുന്ന രീതിയുമാണ് പ്രധാനം. സംവിധായകന് കമൽ സാർ പറഞ്ഞ് കേട്ടിട്ടുണ്ട്, മലയാളികൾ ഒരു സിനിമ അംഗീകരിച്ചാൽ അത് പിന്നെ ലോകത്തിന്റെ ഏത് കോണിലും പ്രദർശിപ്പിക്കാം എന്ന്.
ശരിക്കും കാസർകോട് സ്വദേശിയാണോ?
കാസർകോടാണ് താമസം എങ്കിലും നാട് കണ്ണൂരാണ്. അച്ഛന് കെ.സുധാകരൻ കണ്ണൂർ സ്വദേശിയാണ്. അമ്മ പി.സി.വിദ്യ നീലേശ്വരം സ്വദേശിയും. അച്ഛന് ചെന്നൈയിൽ റെയിൽവേ എൻജിനീയറായിരുന്നു. അമ്മ നായന്മാർമൂല ടി.ഐ.എച്ച്.എസ്.എസിൽ അധ്യാപികയാണ്. സഹോദരൻ പി.സി.ഉണ്ണികൃഷ്ണൻ മെക്കാനിക്കൽ എന്ജിനീയറാണ്. പ്ലസ് ടു വരെ ടി.ഐ.എച്ച്.എസ്.എസിലാണ് പഠിച്ചത്. പിന്നീട് കണ്ണൂർ സർവകലാശാലയിൽ നിന്ന് ഇംഗ്ലീഷിൽ ബിരുദവും ഡിസ്റ്റന്റ് ആയി ബിരുദാനന്തര ബിരുദവും എടുത്തു.
മധുരരാജയ്ക്ക് ശേഷം ചെയ്യുന്ന മലയാള സിനിമ ആർ.ഡി.എക്സാണ്. മൂന്നു വർഷത്തെ ഇടവേള മനപ്പൂർവം എടുത്തതാണോ?
മലയാളത്തിൽ അഭിനയിച്ചില്ല എന്നേയുള്ളൂ, ആ സമയം തമിഴിൽ ചിത്രങ്ങൾ ചെയ്തിരുന്നു. മധുരരാജയിലെ കഥാപാത്രം വളരെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മമ്മൂക്കയുടെ അനുജന്റെ നായികയായി പ്രാധാന്യമുള്ള വേഷമാണ് ചെയ്തത്. എന്നാൽ പിന്നീട് വന്ന കഥാപാത്രങ്ങളെല്ലാം അനിയത്തിക്കുട്ടി ടൈപ്പ് ആയിരുന്നു. അത്തരം കഥാപാത്രങ്ങളിലേക്ക് ചുരുങ്ങാൻ താത്പര്യമില്ലാത്തത് കൊണ്ട് നല്ല കഥാപാത്രത്തിനായി കാത്തിരിക്കുകയായിരുന്നു. അതിനിടെ തമിഴില് കുട്രം 23, പുരിയാത പുതിർ, ഇരവുക്ക് ആയിരം കൺകൾ തുടങ്ങിയ ത്രില്ലർ ചിത്രങ്ങൾ ചെയ്തു. പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രങ്ങളായിരുന്നു അതെല്ലാം. സാട്ടൈ ആയിരുന്നു ആദ്യ തമിഴ് ചിത്രം. ഗോപിക എന്ന പേര് മാറ്റി മഹിമാ നമ്പ്യാരെന്ന പേര് സ്വീകരിച്ചത് സാട്ടൈയിലൂടെയാണ്.
ആർ.ഡി.എക്സിലേക്കുള്ള കടന്നുവരവ്?
നഹാസ് ആദ്യമായി ചെയ്യാനിരുന്നത് 'ആരവം' എന്ന ചിത്രമായിരുന്നു. ആന്റണി വർഗീസ് ആയിരുന്നു നായകൻ. ആ ചിത്രത്തിലേക്ക് എന്നെ വിളിച്ചെങ്കിലും ഡേറ്റ് ഇല്ലാത്തതിനാൽ ഒഴിയേണ്ടിവന്നു. പിന്നീട് ആ ചിത്രം നടന്നില്ല. ആർ.ഡി.എക്സിലേക്ക് നായികയെ തേടിയപ്പോൾ ആദ്യം വിളിച്ചത് എന്നെയായിരുന്നു. ചിത്രത്തിന്റെ പേര് കേട്ടപ്പോൾ തന്നെ ഇഷ്ടമായി. ഇതുവരെ ചെയ്തതിൽ നിന്ന് വ്യത്യസ്തമായ കഥാപാത്രമാണ് ആർ.ഡി.എക്സിലെ മിനി. രണ്ട് കാലഘട്ടങ്ങളിലായി കഥപറയുന്ന രീതിയും ഇഷ്ടമായി. അരങ്ങേറ്റ ചിത്രമാണെങ്കിലും സംവിധായകൻ എന്ന നിലയിൽ എന്താണ് വേണ്ടതെന്ന് നല്ല ധാരണയുള്ളയാളാണ് നഹാസ്.
ചിത്രത്തിലെ മിനിയുടെ മാസ് രംഗം കയ്യടി നേടിയിരുന്നു. അൻപറിവ് മാസ്റ്റേഴ്സുമായി പ്രവർത്തിച്ച അനുഭവം എങ്ങനെ?
അത്തരമൊരു രംഗമുണ്ടെന്ന് നേരത്തെ പറഞ്ഞിരുന്നു. ചെറുതാണ്, മഹിമയ്ക്ക് ചെയ്യാൻ കഴിയും എന്നൊക്കെ. റിഹേഴ്സൽ നോക്കാമെന്ന് പറഞ്ഞപ്പോഴാണ് രംഗത്തിന്റെ പ്രാധാന്യം മനസ്സിലായത്. രംഗങ്ങൾ കട്ട് ചെയ്ത് ചേർക്കാം എന്നാണ് ആദ്യം കരുതിയത്. പക്ഷേ ഒറ്റ ഷോട്ടിൽ എടുക്കാൻ കഴിഞ്ഞു. ആക്ഷൻ രംഗങ്ങള് മികച്ചതാക്കാൻ എല്ലാവരും നന്നായി പരിശ്രമിച്ചിട്ടുണ്ട്.
ബാബു ആന്റണി, ലാൽ, മാലാ പാർവതി തുടങ്ങി വളരെ ചുരുക്കം മുതിർന്ന അഭിനേതാക്കളാണ് ചിത്രത്തിൽ. ഭൂരിഭാരവും പുതുമുഖങ്ങളാണല്ലോ.
കഥാപാത്രങ്ങൾക്ക് ചേർന്ന അഭിനേതാക്കളെ കണ്ടെത്തിയത് നഹാസിന്റെ മിടുക്കാണ്. ചുരുക്കം സിനിമകളിലൂടെ മലയാളികൾക്ക് പരിചിതരായവരെയാണ് തിരഞ്ഞെടുത്തത്. എല്ലാവരും നല്ല കഴിവുള്ള കലാകാരന്മാരാണ്. ലാൽ സാർ ആണെങ്കിലും ബാബു ആന്റണി ചേട്ടനാണെങ്കിലും മാലാ പാർവതി ചേച്ചിയാണെങ്കിലും നല്ല പിന്തുണ നൽകിയിട്ടുണ്ട്. ബാബു ആന്റണി ചേട്ടന്റെ ആക്ഷൻ രംഗം കുറച്ചുകൂടി വേണമെന്ന് ആഗ്രഹമുണ്ടായിരുന്നു.
മലയാള സിനിമ മലബാറിലേക്ക് കുടിയേറുകയാണോ?
വടക്കൻ ജില്ലകൾ കഥാപശ്ചാത്തലമായി വരുന്ന ചിത്രങ്ങൾ മലയാളത്തിൽ പൊതുവെ കുറവായിരുന്നു. ഇപ്പോൾ കണ്ണൂർ, കാസർകോട് ജില്ലകളിൽ ചിത്രീകരിച്ച സിനിമകൾക്ക് ജനപ്രീതിയേറി. നമ്മുടെ ഭാഷാ ശൈലിയും സംസാര രീതിയും ആകർഷകമായത് കൊണ്ടാകാം പ്രേക്ഷകർ ഏറ്റെടുത്തതെന്ന് തോന്നുന്നു. കേട്ട് പരിചയിച്ച ശൈലികളിൽ നിന്ന് വ്യത്യസ്തമായത് കൊണ്ടുമാകാം.
പുതിയ ചിത്രങ്ങൾ ഏതൊക്കെയാണ്?
ചന്ദ്രമുഖി 2 ആണ് റിലീസിനൊരുങ്ങുന്നത്. 28-ന് ചിത്രമിറങ്ങും. രാഘവ ലോറൻസിന്റെ വലിയ ആരാധികയാണ് ഞാൻ. അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം. കങ്കണ റണൗത്ത് ചിത്രത്തിൽ പ്രധാന വേഷത്തിലുണ്ട്. അവർ ആർ.ഡി.എക്സിനെ കുറിച്ച് സംസാരിക്കുകയും കാണാൻ ആഗ്രഹമുണ്ടെന്ന് പറയുകയും ചെയ്തു. മുത്തയ്യ മുരളീധരന്റെ ജീവിതം പറയുന്ന 'മുരളി 800', വിജയ് ആന്റണിയുടെ രത്തം എന്നിവയാണ് മറ്റ് ചിത്രങ്ങൾ.
Content Highlights: mahima nambiar interview rdx
Published: 16 Sept 2023, 01:50 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented