മലയാളത്തിന്റെ മോഹൻലാലിനെ സംബന്ധിച്ച് ഏറ്റവും മികച്ച വർഷങ്ങളിൽ ഒന്നാണ് 2025. 'എമ്പുരാൻ', 'തുടരും', 'ഹൃദയപൂർവ്വം' തുടങ്ങി കലാമൂല്യംകൊണ്ടും വാണിജ്യവിജയംകൊണ്ടും ശ്രദ്ധേയമായ ചിത്രങ്ങൾ ഇറങ്ങിയ വർഷം. റീ- റിലീസായെത്തിയ ചിത്രങ്ങളും ബോക്‌സ് ഓഫീസിൽ കോടിക്കിലുക്കം മുഴക്കി. ഇതേവർഷം ആരാധകർ പ്രതീക്ഷയോടെ കാത്തിരുന്ന രണ്ട് അന്യഭാഷാ ചിത്രങ്ങളായിരുന്നു 'കണ്ണപ്പ'യും 'വൃഷഭ'യും. നന്ദകിഷോർ സംവിധാനം ചെയ്ത 'വൃഷഭ' അണിയറ പ്രവർത്തകരുടെ വാഗ്ദാനങ്ങളോട് നീതിപുലർത്തുന്ന ചിത്രമാണ് .

To advertise here,

കന്നഡ സംവിധായകൻ മലയാളത്തിന്റെ സൂപ്പർതാരത്തെ നായകനാക്കി തെലുങ്കിലും മലയാളത്തിലുമായി ഒരേസമയം ഷൂട്ട് ചെയ്ത ചിത്രമെന്ന പ്രത്യേകത 'വൃഷഭ'യ്ക്കുണ്ട്. രണ്ടു കാലങ്ങളിലായുള്ള കഥയാണ് സംവിധായകൻ തന്നെ രചയിതാവായ ചിത്രം പറയുന്നത്. ആദി ദേവ വർമയെന്ന വജ്രവ്യാപാരിയായും മുൻജന്മത്തിൽ ത്രിലിംഗ രാജ്യത്തെ രാജാവിജയേന്ദ്ര വൃഷഭയായും മോഹൻലാൽ വേഷമിടുന്നു. മോഹൻലാലിന്റെ മകന്റെ വേഷത്തിൽ കന്നഡ താരം സമർജിത് ലങ്കേഷും എത്തുന്നു. നയൻ സാരിക, രാഗിണി ദ്വിവേദി, അജയ്, നേഹ സക്‌സനേ തുടങ്ങി വൻ താരനിര ചിത്രത്തിലുണ്ട്. ബോളിവുഡ് താരം ജിതേന്ദ്രയും അതിഥിവേഷത്തിൽ വന്നുപോകുന്നു.

കർമ, പുനർജന്മം, ശാപം, പ്രതികാരം തുടങ്ങിയ പ്രമേയങ്ങളിലൂടെ സഞ്ചരിക്കുന്ന ചിത്രത്തിന്റെ കേന്ദ്രബിന്ദു അച്ഛനും മകനും തമ്മിലെ ബന്ധമാണ്. ആദി ദേവിന്റെ മകൻ തേജ് എന്ന കഥാപാത്രത്തെയാണ് സമർജിത് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. മുജ്ജന്മപാപം സ്വപ്‌നത്തിൽ അലട്ടാൻ തുടങ്ങിയതോടെ നേട്ടങ്ങളുടെ കൊടുമുടിയിലും ആദി ദേവിന്റെ ജീവിതം ദുസ്സഹമാവുന്നു. ഇതിന് പരിഹാരം തേടി ഇറങ്ങിത്തിരിക്കുന്ന മകൻ തേജ് തന്നെയാണ് ആദി ദേവിന്റെ പ്രശ്‌നമെന്ന് തിരിച്ചറിയുന്നു. പൂർവ്വജന്മം ഇരുവരേയും അലട്ടാൻ തുടങ്ങിയതോടെ അതിന് പരിഹാരം തേടിയുള്ള യാത്രകളാണ് ചിത്രത്തെ മുന്നോട്ടുനയിക്കുന്നത്.

കഴിഞ്ഞ ജന്മത്തിൽ ശത്രുക്കൾ മക്കളായി ജനിക്കുന്നുവെന്ന ഐതീഹ്യത്തിനു മുകളിലാണ് ചിത്രത്തിന്റെ അടിത്തറ. അത് ബലപ്പെടുത്താൻ ഉപയോഗിച്ചിരിക്കുന്നതും പല മിത്തുകളിലും വ്യാപകമായി പറഞ്ഞുകേട്ട കഥകളാണ്. പലയിടത്തും പ്രേക്ഷകരുടെ പ്രവചനങ്ങൾ ഫലിക്കുന്നത് ഇതുകൊണ്ടാണ്.

മോഹൻലാലിന്റെ ശക്തിമേഖലകളായ ആക്ഷനും ഇമോഷനും സംവിധായകൻ ചിത്രത്തിൽ കാര്യമായി പ്രയോജനപ്പെടുത്തുന്നു. പീറ്റർ ഹെയ്‌നും സ്റ്റണ്ട് സിൽവയും നിഖിലും ഒരുക്കിയ സംഘട്ടനരംഗങ്ങളിൽ പതിവുപോലെ മോഹൻലാൽ തന്റെ മികവ് തെളിയിക്കുന്നുണ്ട്. രണ്ടു കാലഘട്ടങ്ങളിലായി നടക്കുന്ന കഥയിൽ, ഓരോ സന്ദർഭത്തിനും അനുയോജ്യമായി ഒരുക്കിയിരിക്കുന്ന വ്യത്യസ്ത ശൈലിയിലുള്ള ഇത്തരം രംഗങ്ങൾ അനായാസമായാണ് മോഹൻലാൽ ഫലിപ്പിക്കുന്നത്. അച്ഛനും മകനും തമ്മിലെ ബന്ധത്തിലെ വൈകാരിക മുഹൂർത്തങ്ങളിലും മോഹൻലാലിന് മാത്രം സാധ്യമായ കൈയടക്കം ചിത്രത്തിൽ കാണാൻ കഴിയും.

ശോഭ കപൂർ, ഏക്ത കപൂർ, സി.കെ. പത്മകുമാർ, വരുൺ മാത്തൂർ, സൗരഭ് മിശ്ര, അഭിഷേക് വ്യാസ്, വിശാൽ ഗുർനാനി, പ്രവീർ സിങ്, ജൂഹി പരേഖ് മേത്ത എന്നിവർ നിർമാതാക്കളും വിമൽ ലഹോട്ടി സഹനിർമാതാക്കളുമായ ചിത്രത്തിന്റെ സംഭാഷണങ്ങൾ രചിച്ചിരിക്കുന്നത് എസ്.ആർ.കെയും ജനാർദന മഹർഷിയും കാർത്തിക്കും ചേർന്നാണ്. ചിത്രത്തിന്റെ കഥയോട് പരമാവധി ചേർന്നുനിൽക്കുന്നതാണ് സംഭാഷണങ്ങൾ. സാം സി.എസിന്റേതാണ് സംഗീതം. ഓസ്‌കർ ജേതാവ് റസൂൽ പൂക്കുട്ടിയും വിജയ് കുമാറുമാണ് സൗണ്ട് ഡിസൈനിങ്. ആന്റണി സാംസൺ ഛായാഗ്രഹണവും കെ.എം. പ്രകാശ് എഡിറ്റിങ്ങും നിർവഹിച്ചരിക്കുന്നു.

രണ്ടുവ്യത്യസ്ത വേഷങ്ങളിലെത്തുന്ന മോഹൻലാലിന്റെ തോളിൽ ചാരിയാണ് ചിത്രം നിലനിൽക്കുന്നത്. വൈകാരികരംഗങ്ങൾ പൂർണ്ണതയിലെത്തിക്കാൻ കണ്ണുകൾ മാത്രം മതിയെന്ന് മോഹൻലാൽ ചിത്രത്തിൽ പലയിടത്തും വീണ്ടും തെളിയിക്കുന്നുണ്ട്. ആക്ഷനും ഇമോഷനും ഡ്രാമയുമായി ചിത്രം കംപ്ലീറ്റ് പാക്കേജാണ്. ആദ്യപകുതിയിൽ പലപ്പോഴും ചിത്രമൽപ്പം വേഗതയിലാണ് സഞ്ചരിക്കുന്നത്. പല സംഭവങ്ങളേയും സാധൂകരിക്കാൻ തിരക്കഥയ്ക്ക് കഴിയാതെ പോകുന്നത് കല്ലുകടിയാവുന്നുണ്ട്. മോഹൻലാലിനോടുള്ള ആരാധന സംവിധായകൻ ടൈറ്റിൽ കാർഡിൽ പോലും തെളിയിക്കുന്നുണ്ട്. 'ഗോഡ് ഓഫ് ആക്ടിങ്' എന്ന പുതിയ വിശേഷണം കൂടി ചിത്രം വഴി മലയാളത്തിന്റെ തലമുറകളുടെ നായകന് സമ്മാനിക്കുന്നു.