ഭൂതകാലത്തിൻ്റെ വേട്ടയാടലുകൾ മനുഷ്യമനസ്സിനെ എത്രത്തോളം സങ്കീർണമാക്കാം എന്ന് വെെകാരികമായി കാട്ടിത്തരുന്ന അർജൻ്റീനിയൻ ചിത്രമാണ് 'ദ കറൻ്റ്സ്'. ഐഎഫ്എഫ്കെയിൽ അന്താരാഷ്ട്ര മത്സര വിഭാഗത്തിലാണ് ചിത്രം പ്രദർശനത്തിനെത്തിയത്.

To advertise here,

അർജൻ്റീനയിലെ തിരക്കുള്ള ഫാഷൻ ഡിസെെനറാണ് ലിന. മകളും ഭർത്താവുമൊത്ത് ജീവിക്കുന്ന ലിനയുടെ ജീവിതത്തിൽ പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങളും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിൻ്റെ ഇതിവൃത്തം. സ്വിറ്റ്സർലൻഡിൽ ഒരു പുരസ്കാരം സ്വീകരിക്കാൻ എത്തിയതിന് ശേഷമാണ് ലിനയുടെ ജീവിതം ആകെ മാറിമറയുന്നത്. തനിക്ക് ചുറ്റും നടക്കുന്ന, തൻ്റെ മാറ്റങ്ങൾക്കുള്ള കാരണം തിരക്കിയുള്ള ലിനയുടെ യാത്രയാണ് പിന്നീടങ്ങോട്ട്.

പുരസ്കാരം സ്വീകരിച്ചതിന് ശേഷം സ്വന്തം ജീവനുപേക്ഷിക്കാനുള്ള തീരുമാനത്തിലേയ്ക്ക് ലിന എത്തിച്ചേരുന്നുണ്ട്. മകളുടെ ഓർമകൾ മാത്രമാണ് അവളെ ജീവിതത്തിലേയ്ക്ക് തിരിച്ചെത്താൻ പ്രേരിപ്പിക്കുന്നത്.

ലിനയുടെ മാറ്റം ചുറ്റുമുള്ളവരെ ആശങ്കയിലാഴ്ത്തുന്നുണ്ട്, ഭയപ്പെടുത്തുന്നുണ്ട്. തൻ്റെ ഉള്ളിലെ കലഹങ്ങളെയും ആശങ്കയേയും മറികടക്കാനുള്ള ലിനയുടെ പോരാട്ടം കൂടിയാണ് ചിത്രം. സെെക്കോളിക്കൽ ഡ്രാമ വിഭാഗത്തിൽ ഉൾപ്പെടുത്താവുന്ന ചിത്രം മനുഷ്യ മനസ്സിൻ്റെ സങ്കീർണതകളിലൂടെയും അലയടികളിലൂടെയുമാണ് സഞ്ചരിക്കുന്നത്.

മനസ്സിനെ അസ്വാരസ്യപ്പെടുത്തുന്ന സംഭവങ്ങൾക്ക് സാക്ഷ്യം വഹിക്കുകയും പിന്നീട് അതിൽ നിന്ന് അതിജീവനത്തിന് ശ്രമിക്കുന്നവരുടേയും പ്രയാസങ്ങൾ ചിത്രം വരച്ചുവെക്കുന്നു. സ്വന്തം മകൾക്ക് മുന്നിലോ ഭർത്താവിന് മുന്നിലോ തൻ്റെ പ്രശ്നങ്ങൾ തുറന്നുപറയാൻ ലിനയ്ക്ക് സാധിക്കുന്നില്ല. സുഹൃത്തിൽ നിന്ന് മാത്രമാണ് അവൾക്ക് കുറച്ചെങ്കിലും ആശ്വാസം ലഭിക്കുന്നത്. ലിനയുടെ കഥാപാത്രത്തിൻ്റെ ചിന്തയിലും കാഴ്ചകളിലൂടെയുമാണ് ചിത്രം ആദ്യാവസാനം സഞ്ചരിക്കുന്നത്.

മിലാഗ്രോസ് മുമൻതെലർ സംവിധാനം ചെയ്ത ചിത്രത്തിൽ സംഭാഷണങ്ങളിലുപരി ദൃശ്യാവിഷ്കാരത്തിനാണ് ഊന്നൽ നൽകുന്നത്. പ്രേക്ഷകന് സ്വയം വായിച്ചെടുക്കാൻ ധാരാളം കാഴ്ചകൾ സംവിധായിക ഒരുക്കിവെച്ചിട്ടുണ്ട്.