
പോലീസുകാരും കള്ളന്മാരും കുറ്റവാളികളുമെല്ലാം പ്രമേയമാകുന്ന, കഥാഗതി നിയന്ത്രിക്കുന്ന നിരവധി ചിത്രങ്ങൾ മലയാളത്തിൽ ഇതിനോടകം ഇറങ്ങിക്കഴിഞ്ഞിട്ടുണ്ട്. അതിൽ ഗൗരവത്തോടെയും തമാശയോടെയും അല്ലെങ്കിൽ ഇതുരണ്ടും ഇടകലർത്തിയുമുള്ള ചിത്രങ്ങൾക്ക് ഒരു പ്രത്യേക ആരാധകവൃന്ദംതന്നെയുണ്ട്. അങ്ങനെയൊന്നാണ് നവാഗതനായ സിന്റോ സണ്ണി സംവിധാനം ചെയ്ത് സൈജുകുറുപ്പ് നായകനായ 'പാപ്പച്ചൻ ഒളിവിലാണ്' എന്ന ചിത്രം.
വനനിയമം എന്ന, മലയാളസിനിമ അധികം ഉപയോഗിക്കാത്ത ഒരു മേഖലയിലേക്ക് പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോയി എന്നുള്ളിടത്താണ് പാപ്പച്ചൻ ഒളിവിലാണ് എന്ന ചിത്രം വ്യത്യസ്തമാവുന്നത്. കേരളത്തിലെ കാടിനോട് ചേർന്ന് കിടക്കുന്ന മലയോരഗ്രാമങ്ങൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് കാട്ടുമൃഗശല്യം. കാടിറങ്ങിവരുന്ന മൃഗങ്ങൾ കൃഷിയിടങ്ങളുടെ അന്തകരാവുന്ന സംഭവങ്ങൾ മലയാളിക്ക് അപരിചിതമല്ല. കൃഷിക്കും കൃഷിയിടങ്ങൾക്കും ഭീഷണിയാവുന്ന കാട്ടുമൃഗങ്ങളെ വെടിവെയ്ക്കാൻ ആർക്കെല്ലാം തോക്ക് അനുവദിക്കണമെന്നും കാട്ടുമൃഗങ്ങളെ വെടിവെച്ചാൽ എന്തായിരിക്കും സംഭവിക്കുകയെന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പത്രമാധ്യമങ്ങളിലൂടെ അറിയാറുണ്ട്. ഇത്തരം സംഭവങ്ങളിലേക്കാണ് പാപ്പച്ചനും കൂട്ടരും എത്തുന്നത്.
അടുത്തിടെ മലയാളസിനിമയിൽ കണ്ടുവരുന്ന പ്രവണതയായ നിയമം തമാശയിലൂടെ ജനങ്ങളിലെത്തിക്കുക എന്ന ദൗത്യമാണ് പാപ്പച്ചനും ഏറ്റെടുത്തിരിക്കുന്നത്. ന്നാ താൻ കേസ് കൊട്-ൽ റോഡുമായും ജയ ജയ ജയ ജയ ഹേയിൽ വിവാഹവുമായും കുറുക്കനിൽ സൈബറിടങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങളുമായിരുന്നെങ്കിൽ പാപ്പച്ചൻ ഒളിവിലാണ്-ൽ അത് വനനിയമമാണ്. കാട്ടിൽക്കയറി ഒരു മൃഗത്തെ വെടിവെച്ചുകൊന്നാൽ അനന്തരഫലമെന്തായിരിക്കും എന്ന ചോദ്യത്തിന്റെ ഉത്തരമാണ് ചിത്രം പറയുന്നത്. അതേസമയം കോർട്ട് റൂം ഡ്രാമ എന്ന നിലയിലേക്ക് പോകാതിരിക്കാൻ ശ്രമിച്ചിട്ടുമുണ്ട് സംവിധായകൻ.
പോലീസും ഫോറസ്റ്റ് ഉദ്യോഗസ്ഥരുമടക്കം സാധാരണക്കാരായവരുടെ ജീവിതത്തിലൂടെയാണ് കഥയുടെ ഗതി. തനിനാട്ടിൻപുറക്കാഴ്ചകളാൽ സമ്പന്നമാണ് ചിത്രം. കൊച്ചു കവലയും അതിലേ സഞ്ചരിക്കുന്ന കെ.എസ്.ആർ.ടി.ടി.സി ബസ്, ബസിലെ സ്ഥിരം യാത്രികരും ജീവനക്കാരും തമ്മിലുള്ള ബന്ധം, ചെറിയ ഇണക്കങ്ങളും പിണക്കങ്ങളുമെല്ലാം ചിത്രത്തിൽ പലയിടങ്ങളിലായി വിതറിയിട്ടിരിക്കുകയാണ് സംവിധായകൻ. വനത്തിനോട് ചേർന്നുനിൽക്കുന്ന സ്ഥലത്താണ് കഥ നടക്കുന്നത് എന്ന് വളരെ ലളിതമായാണ് ചിത്രം കാട്ടിത്തരുന്നത്. പള്ളിവികാരിയും പോലീസ് ഉദ്യോഗസ്ഥരുമടക്കം ഇത്രയും തമാശക്കാർ നിറഞ്ഞ വേറൊരു സ്ഥലം ചിലപ്പോൾ കാണില്ല.
നായകനായ പാപ്പച്ചന്റെ സ്വഭാവം എന്താണെന്ന് ആദ്യത്തെ രണ്ട് സീനുകൾ കൊണ്ടുതന്നെ പ്രേക്ഷകരിലേക്കെത്തിക്കാൻ സിന്റോ സണ്ണിക്കും കൂട്ടർക്കും ആയിട്ടുണ്ട്. കണ്ണിനുനേരെ തേരട്ടയെ കണ്ടാൽ അതിനെ മറ്റുള്ളവരുടെ മുന്നിൽ രാജവെമ്പാലയാക്കാനുള്ള സാമർത്ഥ്യമുള്ള, വാക്ചാതുരിയുള്ള പാപ്പച്ചനെ സൈജു കുറുപ്പ് മനോഹരമാക്കിയിട്ടുണ്ട്. ഇയാൾക്കൊരു ജീവിതലക്ഷ്യമുണ്ട്. ആ ലക്ഷ്യം നേടാനുള്ള ശ്രമത്തിനിടെയാണ് പാപ്പച്ചനെ തേടി അപ്രതീക്ഷിതസംഭവങ്ങളുടെ ഘോഷയാത്ര തുടങ്ങുന്നത്. പാപ്പച്ചന്റെ പിതാവ് മീശ മത്തായിയായി വിജയരാഘവനും മികവാർന്ന പ്രകടനമാണ് കാഴ്ചവെച്ചത്. ദർശന എസ് നായർ, ശ്രിന്ദ, കോട്ടയം നസീർ, അജു വർഗീസ്, ജഗദീഷ്, ശിവജി ഗുരുവായൂർ തുടങ്ങിയവരും അവരവരുടെ കഥാപാത്രത്തോട് നീതിപുലർത്തി.
ഔസേപ്പച്ചൻ ചിട്ടപ്പെടുത്തിയ ഗാനങ്ങളും പശ്ചാത്തലസംഗീതവും കേൾക്കാൻ സുഖമുള്ളതായിരുന്നു. ശ്രീജിത്ത് നായരുടെ ക്യാമറയും കാഴ്ചക്കാരെ ഒപ്പം കൂട്ടുന്നതാണ്. നിയമം പശ്ചാത്തലത്തിൽ കടന്നുവരുന്നുണ്ടെങ്കിലും നിയമം പഠിപ്പിക്കുക എന്ന ഉദ്ദേശമല്ല ചിത്രത്തിനുള്ളത്. അതേസമയം രസകരമായ സന്ദർഭങ്ങളിലൂടെ നിയമത്തിന്റെ നൂലാമാലകളും പഴുതുകളും കൃത്യമായി അടയാളപ്പെടുത്തുന്നുമുണ്ട് ഈ സിന്റോ സണ്ണി-സൈജു കുറുപ്പ് ചിത്രം.
Content Highlights: saiju kurup in pappachan olivilanu movie review
Published: 04 Aug 2023, 03:40 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented