തന്നെ പറ്റി ഒട്ടേറെ ആരോപണങ്ങള്‍ വരുന്നുണ്ടെന്നും താനെന്തോ നാട്ടുകാരുടെ കൈയിൽ നിന്ന് കടം മേടിച്ചിട്ട് മുങ്ങി നടക്കുകയാണെന്ന് പറഞ്ഞുകൊണ്ട് പലരും നടക്കുകയാണെന്നും നടൻ സൈജു കുറുപ്പ്. തന്നെ കടം സ്റ്റാറെന്നും പ്രാരാബ്ധം സ്റ്റാറെന്നുമൊക്കെ പലരും വിളിക്കുന്നുണ്ടെന്നും അതിലൊന്നും സത്യമില്ലെന്നും താരം പറഞ്ഞു. പക്ഷേ താൻ ഒളിവിലാണെന്നത് സത്യമാണെന്നും അതിനെ കുറിച്ച് ഉടൻ വ്യക്തമാക്കുമെന്നും അദ്ദേഹം ഫേസ്ബുക്ക് ലൈവിൽലൂടെ അറിയിച്ചു. 

To advertise here,

'ഇവിടെ എന്നെ പറ്റി ഒരുപാട് ആരോപണങ്ങള്‍ വരുന്നുണ്ട്. നാട്ടുകാര്‍ വെറുതെ ഇങ്ങനെ ഓരോന്ന് പറയുകയാണ്, എന്തിനാണെന്നറിയില്ല. ഞാനെന്തോ നാട്ടുകാരുടെ കൈയ്യിൽ നിന്ന് കടം മേടിച്ചിട്ട് മുങ്ങി നടക്കുകയാണെന്ന് പലരും പറഞ്ഞുകൊണ്ട് നടക്കുകയാണ്. ഞാൻ ഒളിവിലാണെന്നോ അങ്ങനെ എന്തൊക്കെയോ പറയുന്നുണ്ട്. എന്തിനാണ് ഇങ്ങനെയൊക്കെ പറയുന്നത്. പിന്നെന്തോ കടം സ്റ്റാറെന്നോ, പ്രാരാബ്ധം സ്റ്റാറെന്നോ ഒക്കെ പറയുന്നുണ്ട്. കാശ് മേടിച്ച് ഒളിവിൽ പോയെന്നോ, കാശ് കൊടുക്കാൻ വയ്യാത്തതു കൊണ്ടെന്നോ ഒക്കെ പറയുന്നുണ്ട്. ഇതിലൊന്നും സത്യമില്ല. ഇതിൽ ആകെ സത്യമുള്ളത്, ഞാൻ ഒളിവിലായിരുന്നു. ഞാനെന്തിനാണ് ഒളിവിൽ പോയത്. ആരെ പേടിച്ചിട്ടാണ്. ഇത് ഞാൻ ഉടനെ ലൈവിൽ വന്ന് പറയുന്നതായിരിക്കും. പക്ഷേ ഇപ്പോള്‍ തൽക്കാലം എനിക്ക് സാമ്പത്തിക പ്രതിസന്ധിയൊന്നുമില്ല. ഞാൻ നമ്മുടെ കാഞ്ഞിരപ്പിള്ളിയിലെ എസ്റ്റേറ്റൊക്കെ വിറ്റിട്ട് പടം നിര്‍മ്മിക്കാൻ നോക്കുന്നയാളാണ്. അപ്പോള്‍ അങ്ങനത്തെ പ്രശ്നമൊന്നുമില്ല, കടമൊന്നും ഞാൻ മേടിച്ചിട്ടില്ല. പക്ഷേ ഞാൻ എന്തിനാണ് ഒളിവിൽ പോയത്. അത് ഞാൻ ഉടനെ ക്ലിയറാക്കി എന്‍റെ ഫേസ്ബുക്ക് സുഹൃത്തുക്കളോട് പറയുന്നതായിരിക്കും', ലൈവിൽ സൈജു കുറുപ്പ് പറഞ്ഞിരിക്കുകയാണ്. 

വെള്ളിയാഴ്ച തിയേറ്ററുകളിലെത്തുന്ന 'പാപ്പച്ചൻ ഒളിവിലാണ്' സിനിമയുടെ റിലീസിന് മുന്നോടിയായാണ് സൈജു കുറുപ്പിന്‍റെ ഈ ലൈവ് വീഡിയോ എത്തിയിരിക്കുന്നത്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാ​ഗമായുള്ള വീഡിയോ ആണോ ഇതെന്നാണ് ആരാധകർ ചോദിക്കുന്നത്. 

തോമസ് തിരുവല്ല ഫിലിംസിന്‍റെ ബാനറിൽ തോമസ് തിരുവല്ല നിർമിക്കുന്ന ചിത്രത്തിൽ സൈജു കുറുപ്പ് നായകനായെത്തുമ്പോള്‍ ശ്രിന്ദ, ദർശന എന്നിവരാണ് നായികമാര്‍. ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത് സിന്‍റോ സണ്ണിയാണ്. അജു വർഗീസ്, വിജയരാഘവൻ, ജഗദീഷ്, ജോണി ആൻ്റണി, ശിവജി ഗുരുവായൂർ, കോട്ടയം നസീർ, ജോളി ചിറയത്ത്, വീണ നായർ തുടങ്ങി വലിയൊരു താരനിര തന്നെയാണ് ചിത്രത്തിലുള്ളത്.