
20 വർഷത്തെ കാത്തിരിപ്പ് വലിയൊരു ഇടവേള തന്നെയാണ്. പ്രത്യേകിച്ച് നിങ്ങൾ കാണാൻ ഇഷ്ടപ്പെടുന്ന സിനിമയുടെയോ സീരീസിന്റെയോ കാര്യത്തിൽ. ആ കാത്തിരിപ്പ് അവസാനിച്ചതിന്റെ ത്രില്ലിലാണ് 'ദി ലോർഡ് ഓഫ് ദി റിങ്സ്' ആരാധകർ. ബോക്സ് ഓഫീസിൽ വിസ്മയം തീർത്ത ബ്ലോക്ബസ്റ്ററിന്റെ തുടർച്ച എത്തിയിരിക്കുന്നു; റിങ്സ് ഓഫ് പവർ എന്ന പേരിൽ. ഒ.ടി.ടി. ആയി പ്രൈംവീഡിയോയിൽ എത്തിയ സീരീസിന്റെ ആദ്യ രണ്ടു എപ്പിസോഡുകൾ ആരാധകരെ നിരാശരാക്കില്ല. മിഡിൽ എർത്ത് എന്ന സാങ്കല്പികലോകം അതിന്റെ സകല വിസ്മയങ്ങളോടെയും മിനിസ്ക്രീനിൽ നിറയുകയാണ്.
ജെ.ആർ.ആർ.ടോൾകിന്റെ ഹോബിറ്റിലും ലോർഡ് ഓഫ് ദിറിങ്സിലും പരാമർശിക്കപ്പെട്ടുള്ളതിനും ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപുള്ള സംഭവവികാസങ്ങളാണ് 'റിങ്സ് ഓഫ് പവറി'ൽ കാണാൻ കഴിയുക. വാലിനോറിൽ നിന്നും മിഡിൽ എർത്തിലേക്ക് എത്തിയ എൽവ്സുകളുടെ ഒരുസംഘം. അന്ധകാരത്തിന്റെ ദേവനായ സൗറോണിനെ തോല്പിക്കുകയാണ് അവരുടെ ലക്ഷ്യം. പക്ഷേ അത് എളുപ്പമായിരുന്നില്ല. സൗറോണിന്റെ കിങ്കരൻമാരുമായുള്ള യുദ്ധത്തിനൊടുവിൽ എൽവ്സ് നായകൻ ഫിന്റോഡ് (വിൽ ഫ്ളച്ചര്‍) കൊല്ലപ്പെടുന്നു. സഹോദരി ഗലാഡ്രിയ ആ പോരാട്ടം ഏറ്റെടുക്കുന്നു. ആദ്യ എപ്പിസോഡിൽ ഭൂരിഭാഗവും ഗലാഡ്രിയലിന്റെ (മോർഫിഡ് ക്ലാർക്ക്) ഒറ്റയാൾപോരാട്ടങ്ങളാണ്.

ആമസോൺ പ്രൈംവീഡിയോ നിർമിച്ച ഏറ്റവും ചെലവേറിയ സീരിസ് എന്ന ഖ്യാതിയോടെയാണ് റിങ്സ് ഓഫ് പവർ എത്തിയിട്ടുള്ളത്. ജെഡി പെയ്നും പാട്രിക് മക്കേയും ചേർന്നൊരുക്കിയ സീരീസ് ആരാധകരുടെ പ്രതീക്ഷകാത്തു എന്നുതന്നെ പറയാം. എൽറോൻഡ് (റോബർട്ട് അരമയോ), ബ്രൗൺവിൻ (നസാനിൻ ബോനിയാദി), ടൈറോ മുഹാഫിദിൻ (തിയോ) ചാൾസ് എഡ്വേർഡ്സ് (സെലെബ്രിംബോർ), മാർക്കെലാ കവേനാഗ് (നോറി) എന്നിവരുടെ പ്രകടനം ആദ്യ രണ്ട് എപ്പിസോഡുകളെ ഗംഭീരമാക്കുന്നുണ്ട്.
സിനിമ എന്നതിലുപരി വലിയൊരു വൈകാനിക അനുഭവമായിരുന്ന ലോർഡ് ഓഫ് ദി റിങ്സ്. ആ നൊസ്റ്റാൾജിയ വീണ്ടെടുക്കാൻ പുതിയ സീരീസിന് കഴിയുന്നു എന്നത് നല്ല കാര്യമാണ്. വരും എപ്പിസോഡുകളിൽ കാഴ്ചകളുടെ പുതിയ അനുഭവങ്ങൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.
ലോർഡ് ഓഫ് ദി റിങ്സ്
ഇംഗ്ലീഷുകാരനായ കഥാകൃത്ത് ജെ.ആർ.ആർ.ടോൾകിന്റെ ലോകപ്രശസ്ത രചനയായിരുന്നു ദി ലോർഡ് ഓഫ് ദി റിങ്സ്. ഭൂമിക്ക് പുറത്തുള്ള സാങ്കല്പികലോകമായിരുന്നു അതിന്റെ ഇതിവൃത്തം. 'ദി ഫെലോഷിപ് ഓഫ് ദി റിങ് ', 'ദി ടു ടവേഴ്സ്', 'ദി റിട്ടേൺ ഓഫ് ദ കിങ്' എന്നിങ്ങനെ മൂന്നുഭാഗങ്ങളായാണ് നോവൽ രചിക്കപ്പെട്ടത്. മൂന്നുഭാഗങ്ങളും ഒടുവിൽ സിനിമകളായി പുറത്തുവന്നു.
ന്യൂസിലാൻഡുകാരനായ പീറ്റർ ജാക്സൻ ആയിരുന്നു സംവിധാനം. ഈ സീരീസിലെ ബാക്കി രണ്ടു ചിത്രങ്ങളുടേയും സംവിധാനം ജാക്സൻ ആയിരുന്നു. തീയേറ്ററുകളിൽ ചരിത്രം തീർത്ത ഈ സിനിമ ഒട്ടേറെ ഫാന്റസി ഫിക്ഷൻ സിനിമകളുടെ വല്യേട്ടനായിത്തീർന്നു.
Content Highlights: Rings of Power Review, Rings of Power Malayalam Review, Rings of Power Amazone Prime series
Published: 03 Sept 2022, 12:28 pm IST
ABOUT THE AUTHOR
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Most Commented