
‘ദി ലോർഡ് ഓഫ് ദി റിങ്സ്’ പരമ്പരയിലെ അവസാനസിനിമയായ ‘ദി റിട്ടേൺ ഓഫ് ദി കിങ്’ ഇറങ്ങിയത് 2003-ലായിരുന്നു. മിഡിൽ എർത്ത് എന്ന സാങ്കല്പികലോകത്തെ കഥപറഞ്ഞ മൂന്നുസിനിമയും ലോകമെമ്പാടും കോടിക്കണക്കിന് ആരാധകരെ സൃഷ്ടിച്ചു. ജെ.ആർ.ആർ. ടോൾകിൻ എന്ന കഥാകൃത്തിന്റെ രചനകളെ അടിസ്ഥാനമാക്കി നിർമിച്ച സിനിമകളുടെ സംവിധായകൻ പീറ്റർ ജാക്സൻ ആയിരുന്നു. 19 വർഷത്തെ ആരാധകരുടെ കാത്തിരിപ്പ് അവസാനിപ്പിച്ച് ‘ലോർഡ് ഓഫ് ദി റിങ്സി’ന്റെ പുതിയ സീരീസ് വരുകയാണ്. ‘ദി റിങ്സ് ഓഫ് പവർ’ എന്നുപേരിട്ട സീരീസിന്റെ ആദ്യരണ്ട് എപ്പിസോഡുകളുടെ ആഗോളറിലീസ് ആമസോൺ പ്രൈംവീഡിയോയിൽ സെപ്റ്റംബർ രണ്ടിന് തുടങ്ങും. തുടർന്ന് ആഴ്ചതോറും മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ പുതിയ എപ്പിസോഡുകൾ ലഭ്യമാകും. പുതിയ സീരീസിന്റെ ഭാഗമായ ഏഷ്യ-പസഫിക് പ്രീമിയർ ഈയിടെ മുംബൈയിൽ നടന്നിരുന്നു. പുതിയ സീരീസിനെക്കുറിച്ചുള്ള പ്രതീക്ഷകൾ നിർമാതാവ് ജെഡി പെയ്ൻ പങ്കുവെക്കുന്നു.
ഏറെ ആരാധകരെ നേടിയ ഒരു പരമ്പരയുടെ ഭാഗമാവുകയാണ് താങ്കൾ. ഒ.ടി.ടി. റിലീസായി എത്തുന്ന പുതിയ സീരീസിന്റെ പ്രതീക്ഷകൾ എത്രത്തോളമാണ്?
തലമുറകളെ സ്വാധീനിച്ച പരമ്പരയാണ് ടോൾകിന്റെ ‘ലോർഡ് ഓഫ് ദി റിങ്സ്’. ദൃശ്യമികവിലും വി.എഫ്.എക്സ്. പോലുള്ള നൂതനാശയങ്ങളുടെ കാര്യത്തിലുമെല്ലാം അത് വലിയൊരു മാതൃക സൃഷ്ടിച്ചു. അത്തരമൊരു വലിയ പ്രോജക്ടിന്റെ ഭാഗമാകുന്നതിൽ സന്തോഷമുണ്ട്. ടോൾകിന്റെ ‘ഹോബിറ്റി’ലും ‘ലോർഡ് ഓഫ് ദി റിങ്സി’ലും പരാമർശിക്കപ്പെട്ടതിനും ആയിരക്കണക്കിന് വർഷംമുമ്പുള്ള സംഭവവികാസങ്ങളാണ് ‘റിങ്സ് ഓഫ് പവറി’ൽ കാണാൻ സാധിക്കുക. സീരീസ് എല്ലാതരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുമെന്നുതന്നെയാണ് വിശ്വാസം.
ലോർഡ് ഓഫ് ദി റിങ്സ്’ സിനിമകളുമായി താരതമ്യംചെയ്താൽ പുതിയ സീരീസിന്റെ മേന്മകൾ എന്തെല്ലാമാണ് ?
പീറ്റർ ജാക്സൻ സംവിധാനംചെയ്ത മൂന്നുസിനിമകളുടെയും ആരാധകനാണ് ഞാൻ. ടോൾകിന്റെ പുസ്തകങ്ങൾ അതിനുമുന്നേ വായിച്ചിരുന്നു. സിനിമകണ്ടശേഷം വീണ്ടും വായിച്ചു. പുസ്തകത്തിലെയും സിനിമയിലെയും സാങ്കല്പികലോകത്തിന് പ്രേക്ഷകർക്കിടയിൽ പ്രത്യേകമായൊരു ഇടമുണ്ട്. ടോൾകിനെ അടിസ്ഥാനമാക്കിയതാണെങ്കിലും പുതിയ സീരീസ് തീർത്തും വ്യത്യസ്തമാണ്. ഇത് ആസ്വദിക്കാൻ നിങ്ങൾ പഴയ സിനിമകൾ കാണണമെന്നില്ല; ടോൾകിന്റെ പുസ്തകങ്ങൾ വായിക്കണമെന്നുമില്ല. തീർത്തും വ്യത്യസ്തമായ അനുഭവമായിരിക്കും ഈ സീരീസെന്ന് ഉറപ്പുണ്ട്.

മുൻഗാമികൾ തീർത്ത ദൃശ്യാനുഭവത്തിലും മികച്ചതാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്. അതിനുവേണ്ടിയുള്ള ശ്രമങ്ങൾ എന്തെല്ലാമായിരുന്നു?
മിഡിൽ എർത്ത് എന്ന സാങ്കല്പികലോകവും അതിന്റെ ദൃശ്യാവിഷ്കാരവും അപാരമായിരുന്നു. പുതിയ സീരീസിൽ അതിനെ മറികടക്കുന്ന ഒരു ലോകം സൃഷ്ടിക്കുക എന്നതായിരുന്നു വെല്ലുവിളി. അതിനായി ഏറ്റവും മികച്ച സാങ്കേതികവിദഗ്ധരെത്തന്നെ കൊണ്ടുവന്നു. ദൃശ്യങ്ങളുടെ ഒറിജിനാലിറ്റിക്കായി പരമാവധി ശ്രമിച്ചിട്ടുണ്ട്. ഒഴിച്ചുകൂടാൻ പറ്റാത്തിടത്തുമാത്രമാണ് കംപ്യൂട്ടർ ഗ്രാഫിക്സ് പോലുള്ള സാങ്കേതികവിദ്യകളെ ആശ്രയിച്ചത്.
ഇന്ത്യൻ സിനിമകൾ ആസ്വദിക്കാറുണ്ടോ?
ആദ്യമായിട്ടാണ് ഞാൻ ഇന്ത്യയിലേക്ക് വരുന്നത്. എനിക്ക് വളരെ ഇഷ്ടമായി ഇവിടം. പ്രത്യേകിച്ച് ഇന്ത്യയിലെ എരിവുള്ള ഭക്ഷണം. കുറച്ചുസിനിമകളേ കാണാൻ സാധിച്ചിട്ടുള്ളൂ. എങ്കിലും ഹിന്ദി സിനിമകൾ ഇഷ്ടമാണ്. ‘ലഗാൻ’ ഏറെ ഇഷ്ടപ്പെട്ട സിനിമയാണ്. ഏതുതരം പ്രേക്ഷകരെയും സന്തോഷിപ്പിക്കുന്ന ഒരു ഘടകം ബോളിവുഡ് സിനിമകളിൽ കാണാം. പുരാണങ്ങളുടെയും ഇതിഹാസകഥകളുടെയും നാടാണ് ഇന്ത്യ. എന്റെ ബാല്യത്തിൽ അത്തരം ചില കഥകൾ ഞാനും കേട്ടിരുന്നു. അത്തരം കാര്യങ്ങളെല്ലാം കൗതുകത്തോടെ കേട്ടിരിക്കാൻ താത്പര്യമുള്ള ആളാണ് ഞാൻ. സിനിമയാക്കാൻ പറ്റുന്ന അത്തരം കഥകളുണ്ടെങ്കിൽ പറയൂ, നോക്കാം.
മലയാളം ഉൾപ്പെടെയുള്ള ഭാഷകളിലേക്ക് മൊഴിമാറ്റുന്നത് സീരീസിന്റെ വിജയത്തിന് സഹായിക്കുമോ?
വലിയൊരു വിപണിയാണ് ഇന്ത്യയിലേത്. പ്രത്യേകിച്ച് ഇവിടെ ‘ലോർഡ് ഓഫ് ദി റിങ്സി’ന് വലിയ ആരാധകരുണ്ട്. അവരുടെ ഇടയിലേക്ക് എത്താൻവേണ്ടിത്തന്നെയാണ് പ്രാദേശികഭാഷകളിൽ സീരീസ് ഒരുക്കിയത്. ഈയൊരുമാറ്റം തീർച്ചയായും റിങ്സ് ഓഫ് പവറിനെ സഹായിക്കുമെന്നാണ് പ്രതീക്ഷ.
Content Highlights: the rings of power producer j d payne interview, the lord of the rings
Published: 28 Aug 2022, 10:24 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented