ജീവിതത്തിൽ ചെയ്ത തെറ്റുകൾ കാലമെത്ര കഴിഞ്ഞാലും വേട്ടയാടും, പല രൂപത്തിൽ. എത്ര കരുത്തനാണെങ്കിലും അപ്രതീക്ഷിതമായി ലഭിക്കുന്ന തിരിച്ചടികളിൽ പതറിപ്പോകും, തെറ്റുകൾ ചിലപ്പോൾ ഏറ്റുപറയേണ്ടിവരും. അത്തരത്തിലൊരു വേട്ടയാടലിൻ്റെ കഥപറയുന്ന ചിത്രമാണ് ജാഫർ പനാഹിയുടെ സംവിധാനത്തിലൊരുങ്ങിയ 'ഇറ്റ് വാസ് ജസ്റ്റ് ആൻ ആക്സിഡൻ്റ്'. ഐഎഫ്കെയിൽ ഫെസ്റ്റിവൽ ഫേവറേറ്റ് വിഭാഗത്തിലാണ് ചിത്രം പ്രദർശനത്തിനെത്തിയത്. 2025 കാൻ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ 'പാം ദ് ഓർ' വിജയിച്ച ചിത്രം കൂടിയാണ് 'ഇറ്റ് വാസ് ജസ്റ്റ് ആൻ ആക്സിഡൻ്റ്'.

To advertise here,

മാതാപിതാക്കളും കുഞ്ഞും അടങ്ങുന്ന ഒരു കുടുംബത്തിൻ്റെ യാത്രയിൽ നിന്നാണ് ചിത്രത്തിൻ്റെ തുടക്കം. യാത്ര മധ്യേ ഇവർക്ക് ചെറിയൊരു അപകടം സംഭവിക്കുന്നു. പക്ഷേ തങ്ങളുടെ ജീവിതത്തെ മാറ്റിമറിച്ചേക്കാവുന്ന ഒരു അപകത്തിനാണ് തങ്ങൾ സാക്ഷ്യം വഹിച്ചതെന്ന് ഇവർ മനസ്സിലാക്കുന്നില്ല. അപകടവും പിന്നാലെയുണ്ടാകുന്ന ചുരുളഴിക്കലുമാണ് ചിത്രത്തെ മുന്നോട്ട് നയിക്കുന്നത്.

ഒരുപാട് ജീവിതങ്ങൾ നശിപ്പിച്ചിട്ടുള്ള ഇഖ്ബാൽ എന്ന വ്യക്തിയെ തേടി നടക്കുകയാണ് മെക്കാനിക്ക് ആയ വാഹിദ്. ഇഖ്ബാലിനോട് സാദൃശ്യമുള്ള ഒരാൾ അവിചാരിതമായി വാഹിദിൻ്റെ മുന്നെലെത്തുകയാണ്. ഇഖ്ബാലിനെ തിരിച്ചറിയാനുള്ള ഏക മാർഗം അദ്ദേഹത്തിൻ്റെ വെപ്പ് കാലുകൾ തറയിൽ മുട്ടുന്ന ശബ്ദമാണ്. ഇഖ്ബാലിനോട് സാദൃശ്യമുള്ളയാളെ വാഹിദ് തട്ടിക്കൊണ്ട് പോവുകയാണ്, ക്രൂരമായി കൊല്ലുകയാണ് ലക്ഷ്യം. പക്ഷേ ഒരു നിമിഷം വാഹിദിൻ്റെ മനസ്സൊന്ന് ചാഞ്ചാടി, താൻ വർഷങ്ങളായി തേടുന്ന ഇഖ്ബാൽ ഇത് തന്നെയാണോ. ആ ഒരു നിമിഷത്തെ ചാഞ്ചാട്ടത്തിൽ നിന്ന് ചിത്രം മറ്റൊരു ദിശയിലേയ്ക്ക് സഞ്ചരിക്കുകയാണ്. സത്യങ്ങൾ തേടിയുള്ള യാത്രയിൽ ഇഖ്ബാലിൻ്റെ ഇരകളേയും വാഹിദ് കൂടെക്കൂട്ടുന്നു.

ചിത്രത്തിൽ ഓരോ കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോഴും ഇഖ്ബാലിനെക്കുറിച്ച് പ്രേക്ഷകർ കൂടുതൽ മനസ്സിലാക്കുകയാണ്. യുദ്ധവും രാഷ്ട്രീയ പകപ്പോക്കലുകളും ചേർന്ന് മനുഷ്യൻ്റെ ജീവിതങ്ങളെ ചവിട്ടിഞെരിക്കുന്ന കഥകൾ തെളിഞ്ഞുവരികയാണ്. പേർഷ്യൻ ഭാഷയിൽ ഒരുക്കിയിരിക്കുന്ന ചിത്രം ശക്തമായ രാഷ്ട്രീയം നർമ്മത്തിൽ ചാലിച്ച് അവതരിപ്പിച്ചിരിക്കുന്നു.

ഇഖ്ബാലിനെക്കുറിച്ച് വെളിപ്പെടുത്തുന്ന ഓരോ സത്യങ്ങളും കഥാപാത്രങ്ങൾ അനുഭവിച്ച യാതനയും വേദനയും വരച്ചുകാട്ടുന്നു. റിവെഞ്ച് ഡ്രാമ വിഭാഗത്തിൽപ്പെടുന്ന ചിത്രം ആദ്യാവസാനം സംശയത്തിൻ്റെ നിഴലിലൂടെയാണ് സഞ്ചരിക്കുന്നത്. പകയ്ക്കും ദേഷ്യത്തിനും ഒക്കെ അപ്പുറം ക്ഷമിക്കാനും പൊറുക്കാനും മനസ്സുള്ള ഒരുകൂട്ടം ജീവിതങ്ങളേയും ചിത്രത്തിൽ കാണും.

വേട്ടയാടപ്പെട്ടവർ പ്രതികാരത്തിനായി സർവ്വശക്തിയോടെ പാഞ്ഞടുക്കുമ്പോൾ ഏത് കരുത്തനും ഒന്ന് പതറും, തോൽവി സമ്മതിക്കേണ്ടി വരും. ചിത്രം കാണുന്ന പ്രേക്ഷകൻ്റെ മനസ്സിനേയും സംവിധായകൻ പലകുറി തിരുത്തുന്നുണ്ട്. കഥാപാത്രങ്ങളോടുള്ള പ്രേക്ഷകൻ്റെ സമീപനത്തെ മാറ്റിമറിക്കാനും ജാഫർ പനാഹിക്ക് സാധിക്കുന്നുണ്ട്. കാഴ്ചകൾക്കപ്പുറം മനുഷ്യമനസ്സിൻ്റെ സത്യാന്വേഷണം തേടുന്ന യാത്ര കൂടിയാണ് 'ഇറ്റ് വാസ് ജസ്റ്റ് ആൻ ആക്സിഡൻ്റ്'.