ലൗ ആക്ഷന്‍ ഡ്രാമയ്ക്ക് ശേഷം ധ്യാന്‍ ശ്രീനിവാസന്‍ രചനയില്‍ ഷഹദ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് 'പ്രകാശന്‍ പറക്കട്ടെ'. നീണ്ട ഇടവേളയ്ക്ക് ശേഷം ഹിറ്റ് ചിത്രങ്ങളുടെ അമരക്കാരായ ഫണ്‍ടാസ്റ്റിക് ഫിലിംസ് വീണ്ടുമെത്തുന്നുവെന്ന് പ്രത്യേകത കൂടിയുണ്ട് ചിത്രത്തിന്. ജൂണ്‍ 17 ന് തിയേറ്ററുകളിലെത്തിയ ചിത്രം ഇപ്പോഴും നിറഞ്ഞ സദസ്സുകളില്‍ പ്രദര്‍ശനം തുടരുകയാണ്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ പ്രകാശന്‍ എന്ന തനിനാട്ടിന്‍ പുറത്തുകാരനെ കേന്ദ്രീകരിച്ചാണ് ചിത്രം മുന്നോട്ട് പോകുന്നത്. ന്യുജെന്‍ ഫോര്‍മുലകളില്ല, ഡബിള്‍ മീനിങ് പ്രയോഗങ്ങളില്ല....അങ്ങനെ മൊത്തത്തില്‍ പ്രകാശം പരത്തുന്നുണ്ട് ചിത്രം.

To advertise here,

കുടുംബപ്രാരാബ്ദങ്ങള്‍ മൂലം വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ കഴിയാതെ കുടുംബ ഭാരം മൊത്തത്തില്‍ ഏറ്റെടുക്കുന്ന പ്രകാശന്റെ ജീവിതമാണ് ആകെത്തുക. അതിസാധാരണമാം വിധമുള്ള കഥയും പശ്ചാത്തലങ്ങളും ചിത്രത്തെ കൂടുതല്‍ മനോഹരമാക്കുന്നുണ്ട്. ആകെ മൊത്തത്തില്‍ വര്‍ഷങ്ങള്‍ പിന്നിലേക്ക് പോയ ഒരു ഫീല്‍ നല്‍കുന്നുണ്ട് ചിത്രം.

ദിലീഷ് പോത്തന്‍  ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്ന ചിത്രത്തില്‍ ധ്യാന്‍ ശ്രീനിവാസനും ഒരു വേഷം കൈകാര്യം ചെയ്യുന്നുണ്ട്. പീടിക നടത്തി ഉപജീവനം നടത്തുന്ന പ്രകാശനെ പിഴിഞ്ഞ് ജീവിതം നടത്തുന്ന അളിയനായി സൈജു കുറുപ്പിന്റെ 'കോഴി കുട്ടേട്ടന്‍' ചിത്രത്തിലുടനീളം നിറഞ്ഞു നില്‍ക്കുന്നു. 

പൂര്‍ണമായും കഥാപാത്രങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ആഖ്യാനം, മനോഹരമായ ഛായാഗ്രഹണം എന്നീ ഘടകങ്ങളെല്ലാം സിനിമയ്ക്ക് ഒരു ഫീല്‍ ഗുഡ് ചിത്രമെന്ന ഖ്യാതി നേടി കൊടുക്കുന്നുണ്ട്. കൃത്രിമം നിറഞ്ഞ ചിരി സീനുകള്‍ പ്രതീക്ഷിക്കുന്നവര്‍ക്ക് നിരാശയാകും ഫലം. മലയാള സിനിമയിലെ ഭാഗ്യനക്ഷത്രമായ മാത്യു തോമസാണ് പടത്തിന്റെ മറ്റൊരു ഹൈലൈറ്റ്. തനിക്ക് ലഭിക്കുന്ന കഥാപാത്രങ്ങളെ വേണ്ട വിധത്തില്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കാനുള്ള മാത്യുവിന്റെ ശ്രമം ഇവിടെയും വിജയിച്ചിട്ടുണ്ട്. 

നിഷ സാരംഗ്, ധ്യാന്‍ ശ്രീനിവാസന്‍, ശ്രീജിത്ത് രവി, ഗോവിന്ദ് വി പൈ, മാളവിക മേനോന്‍ എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു. പ്രകാശന്‍ എന്ന കഥാപാത്രത്തിലൂടെ അവതരണത്തില്‍ വേറിട്ട മാനം കൈവരിക്കാന്‍ ദിലീഷ് പോത്തന് സാധിച്ചപ്പോള്‍ കോഴി കുട്ടേട്ടന്‍ എന്ന കഥാപാത്രം സൈജു കുറുപ്പിന്റെ കൈകളില്‍ ഭദ്രമായിരുന്നു. 

മാത്യു അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രമായ ദാസന്‍ ബസ് ഉടമയുടെ മകളായ നീതുവിനോട് (മാളവിക മോഹന്‍) പ്രണയം തോന്നുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവ ബഹുലമായ മുഹൂര്‍ത്തങ്ങളും തിയേറ്ററുകളിലും പ്രേക്ഷക മനസ്സുകളെ പാറി പറക്കാന്‍ അനുവദിക്കുന്നുണ്ട്.

ദാസ് പ്രകാശന്‍ എന്ന കഥാപാത്രം മറ്റുള്ളവരിലേക്കും പ്രകാശം കൊണ്ടെത്തിക്കുന്നുണ്ട്. അനിയന്‍ അഖില്‍ പ്രകാശനായി വേഷമിട്ട ഋതുഞ്ജയ് ശ്രീജിത്തിന്റെ പ്രകടനം കൈയടി അര്‍ഹിക്കുന്നു. വളരെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ട വേഷം നന്നാക്കാന്‍ ഈ കൊച്ചു മിടുക്കന് സാധിച്ചു. അമ്മ കഥാപാത്രത്തിന് വേണ്ട പ്രാധാന്യം കൊടുക്കുകയും അതെ സമയം അച്ഛന്‍ റോള്‍ പൂര്‍ണതയിലേക്ക് എത്തിക്കാനും തിരക്കഥയ്ക്ക് സാധിച്ചു. പ്രതീക്ഷകളൊക്കെ പമ്പ കടന്നെങ്കിലും മക്കളായ ദാസനും അഖിലും പ്രകാശന്റെ മനസുകളില്‍ പുത്തന്‍ നാമ്പുകളുണര്‍ത്തുന്നു. സ്വപ്‌നങ്ങളും ലക്ഷ്യങ്ങളുമെന്തെന്ന ചോദ്യം ബാക്കിയാണെങ്കിലും ഇപ്പോഴും പ്രകാശന്‍ വെമ്പി നില്‍ക്കുകയാണ് പറക്കാന്‍....പ്രകാശന്‍ പറക്കട്ടെ...