മാസ് ആക്ഷൻ എന്നതിൽനിന്ന് വയലൻസ് പ്ലസ് ആക്ഷൻ എന്നതിലേക്കുള്ള ചുവടുമാറ്റമാണ് പിന്നീട് കാണാനാവുക. ചിത്രത്തിന് എങ്ങനെ എ സർട്ടിഫിക്കറ്റ് കിട്ടി എന്ന ചോദ്യത്തിനുള്ള ഉത്തരം ഈ രംഗങ്ങളിലാണ് കാണാനാവുക.

ആക്ഷൻ ചിത്രങ്ങളിൽ പലവിധ പരീക്ഷണങ്ങൾ നടക്കുന്ന സമയമാണിത്. നാടൻതല്ലു മുതൽ സ്റ്റൈലിഷ് വരെ ഇതിലുണ്ട്. അതിലേക്ക് അടുത്തകാലത്തായി വന്ന എൻട്രിയാണ് വയലൻസ് പ്ലസ് ആക്ഷൻ എന്നത്. ഇക്കൂട്ടത്തിലാണ് എ.ബി. ബിനിൽ തിരക്കഥയെഴുതി സംവിധാനം ചെയ്ത പൊങ്കാല എന്ന ചിത്രം ഉൾപ്പെടുന്നത്. ചോരക്കളി നിറഞ്ഞ ചിത്രം എ സർട്ടിഫിക്കറ്റ് നേടിയാണ് പ്രദർശനത്തിനെത്തിയിരിക്കുന്നത്.
കൊച്ചിയുടെ തീരദേശ ഗ്രാമമാണ് കഥാപശ്ചാത്തലം. മത്സ്യബന്ധനവും വിപണനവും തൊഴിലാക്കിയവരാണ് ഇവിടത്തെ നാട്ടുകാർ. ഇവർക്കിടയിലെ തരകനാണ് സാബു. സാബുവിന്റെ കീഴിൽ എന്തിനും ഏതിനും ചേർന്നുനിൽക്കുന്ന ഒരുപറ്റം യുവാക്കളുണ്ട്. അഭിയാണ് ഇവരിലെ പ്രധാനി. ഈ ചെറുപ്പക്കാർക്കിടയിൽ നടക്കുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ ആകെത്തുക. സംഘർഷഭരിതമായ മുഹൂർത്തങ്ങൾക്കൊപ്പം പ്രണയവും സൗഹൃദവും വൈകാരികതയും ചതിയുമെല്ലാം ചിത്രത്തിൽ കടന്നുവരുന്നുണ്ട്.
അഭി എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ചാണ് സിനിമ മുന്നോട്ടുപോകുന്നത്. അഭിയുടെ ജീവിതപശ്ചാത്തലം കാണിച്ചുകൊണ്ടാണ് ചിത്രം ആരംഭിക്കുന്നത്. പിന്നീട് വരുന്ന ഓരോ കഥാപാത്രവും അഭിയുടെ ജീവിതത്തിൽ കൃത്യമായ സ്വാധീനം ചെലുത്തുന്നുണ്ട്. ഫ്ളാഷ്ബാക്ക് രംഗങ്ങൾ ബ്ലാക്ക് ആൻഡ് വൈറ്റിലാണ് കാണിച്ചിരിക്കുന്നത്. ഓരോ കഥാപാത്രത്തിനും വ്യക്തമായ ഐഡന്റിറ്റി നൽകാനും കഥയുടെ മുന്നോട്ടുള്ള ഒഴുക്കിൽ ഇവർക്ക് എന്ത് കർത്തവ്യമാണുള്ളതെന്നും ഉറപ്പാക്കാൻ തിരക്കഥാകൃത്തുകൂടിയായ സംവിധായകൻ ശ്രമിച്ചിട്ടുണ്ട്.
ആക്ഷൻ രംഗങ്ങളാൽ സമ്പന്നമാണ് ചിത്രം. രാജശേഖർ, മാഫിയ ശശി, പ്രഭു ജാക്കി എന്നിവരാണ് സംഘട്ടനസംവിധായകർ. കൃത്യമായ ഇടവേളകളിൽ ആക്ഷൻ രംഗങ്ങൾ വരുന്നു എന്നത് ശ്രദ്ധേയമാണ്. കഥയുടെ ഒരു പ്രത്യേകഘട്ടം വരെ സാധാരണ ആക്ഷൻ ചിത്രങ്ങളിൽ കണ്ടുവരുന്നതുപോലെയുള്ള രംഗങ്ങളാണെങ്കിൽ ഒരു പ്രത്യേക സമയം മുതൽ സിനിമയുടെ ശൈലി മാറുന്നുണ്ട്. മാസ് ആക്ഷൻ എന്നതിൽനിന്ന് വയലൻസ് പ്ലസ് ആക്ഷൻ എന്നതിലേക്കുള്ള ചുവടുമാറ്റമാണ് പിന്നീട് കാണാനാവുക. ചിത്രത്തിന് എങ്ങനെ എ സർട്ടിഫിക്കറ്റ് കിട്ടി എന്ന ചോദ്യത്തിനുള്ള ഉത്തരം ഈ രംഗങ്ങളിലാണ് കാണാനാവുക.
ശ്രീനാഥ് ഭാസി, ബാബുരാജ് എന്നിവരാണ് യഥാക്രമം അഭി, സാബു എന്നിവരെ അവതരിപ്പിച്ചിരിക്കുന്നത്. ഒരുപക്ഷേ കരിയറിൽ ഇത്രയും ആക്ഷൻ രംഗങ്ങൾ ശ്രീനാഥ് ഭാസി ചെയിതിട്ടുണ്ടാവില്ല. യാമി സോനാ, സുധീര്‍ കരമന, സാദിഖ്, സമ്പത്ത് റാം, അലന്‍സിയര്‍, കിച്ചു ടെല്ലസ്, സൂര്യകൃഷ്, ഇന്ദ്രജിത്ത് ജഗജിത്, ജീമോന്‍ ജോര്‍ജ്, മുരുകന്‍ മാര്‍ട്ടിന്‍, സ്മിനു സിജോ, ശാന്തകുമാരി, രേണു സുന്ദര്‍ എന്നിവരും മികച്ച പ്രകടനം കാഴ്ചവെച്ചു. ജാക്സന്റെ ഛായാഗ്രഹണവും രഞ്ജിൻ രാജിന്റെ സംഗീത വിഭാഗവും മികച്ചതായി.
ഗ്ലോബല്‍ പിക്‌ചേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റ്, ജൂനിയര്‍ 8 എന്നിവയുടെ ബാനറില്‍ ദീപുബോസും അനില്‍ പിള്ളയും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. കോ- പ്രൊഡ്യൂസര്‍ ഡോണ തോമസ്. ഗ്രേസ് ഫിലിം കമ്പനിയാണ് ചിത്രം തിയേറ്ററുകളില്‍ എത്തിച്ചത്. ആക്ഷനിലെ വൈവിധ്യം ഇഷ്ടപ്പെടുന്നവർക്ക് പൊങ്കാലയ്ക്ക് ടിക്കറ്റെടുക്കാം.
Content Highlights: "Pongala" Film Review: An Intense Blend of Action and Violence Explored
Published: 05 Dec 2025, 03:14 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented