ലോകത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ഫിലിം ഫ്രാഞ്ചെെസുകളിലൊന്നാണ് മിഷൻ: ഇംപോസിബിൾ. 1996-ൽ ആദ്യ ചിത്രം പുറത്തുവന്നതുമുതൽ ശക്തമായ ആരാധകവൃന്ദം കെട്ടിപ്പടുത്ത ഈ ഫിലിം സീരീസിലെ ഏഴാമത്തെ ചിത്രമാണ് മിഷൻ: ഇംപോസിബിൾ - ഡെഡ് റെക്കണിംഗ് പാർട്ട് വൺ. ഇതുവരെയുള്ള മിഷൻ ഇംപോസിബിൾ ചിത്രങ്ങളെ അപേക്ഷിച്ച് മേക്കിങ് കൊണ്ട് ഏറ്റവും മികച്ചതാണ് ഡെഡ് റെക്കണിംഗ് പാർട്ട് വൺ എന്ന് നിസ്സംശയം പറയാം. ടോം ക്രൂസ് ഈതൻ ഹണ്ടായി തിരിച്ചെത്തുന്നതിനോടൊപ്പം ഹെയ്‌ലി അറ്റ്‌വെൽ, റെബേക്ക ഫെർഗൂസൺ, സെെമൺ പെ​ഗ്​, വിങ് റേംസ് എന്നിവരടങ്ങുന്ന ഒരുപറ്റം മികച്ച അഭിനേതാക്കളും ക്രൂസിനൊപ്പം സ്ക്രീനിലെത്തുന്നുണ്ട്.

To advertise here,

മിഷൻ: ഇംപോസിബിൾ ഫിലിം സീരിസിലെ മുൻ ചിത്രങ്ങളായ റോഗ് നേഷൻ, ഫാൾഔട്ട് എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത ക്രിസ്റ്റഫർ മക്ക്വറി തന്നെയാണ് ഈ ചിത്രവും സംവിധാനം ചെയ്തിരിക്കുന്നത്. സസ്പെൻസ് രം​ഗങ്ങളും ആവേശം നിറഞ്ഞ ആക്ഷൻ സീക്വൻസുകളും തയ്യാറാക്കുന്നതിൽ പ്രത്യേക കഴിവുള്ള മക്ക്വറി മികച്ച രീതിയിൽതന്നെ ഡെഡ് റെക്കണിംഗും ഒരുക്കിയിട്ടുണ്ട്. 

ആക്ഷൻ സീനുകൾക്ക് പേരുകേട്ട മിഷൻ ഇമ്പോസിബിൾ സീരീസിന് യോജിക്കുന്ന തരത്തിലുള്ള ആക്ഷൻ സെറ്റ് പീസുകളാണ് ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. അമ്പരപ്പിക്കുന്നതും അതിശയിപ്പിക്കുന്നതുമായ നിരവധി ആക്ഷൻ രം​ഗങ്ങളാൽ സമ്പന്നമാണ് ഡെഡ് റെക്കണിം​​ഗും. ടോം ക്രൂസ് ഒരു മോട്ടോർ സൈക്കിളുമായി ഒരു മലയുടെ മുകളിൽ നിന്ന് ചാടുന്ന രം​ഗം കണ്ടിരിക്കുന്ന പ്രേക്ഷകരെ മുൾമുനയിൽ ഇരുത്തുന്ന തരത്തിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ഈ രം​ഗത്തിന് തിയേറ്ററുകളിൽ ലഭിച്ച പ്രതികരണം തന്നെയാണ് അതിന് ഉദാഹരണം. അപകടം നിറഞ്ഞ ഈ രം​ഗം ചിത്രീകരിക്കുന്നതിന്റെ വീഡിയോ സിനിമയുടെ റിലീസിന് മുൻപ് തന്നെ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു.

കണ്ണഞ്ചിപ്പിക്കുന്ന ആക്ഷൻ സീക്വൻസുകൾ മാത്രമല്ല ഡെഡ് റെക്കണിംഗ് പാർട്ട് വൺ. ടോം ക്രൂസിന്റെ മികച്ച അഭിനയപ്രകടനവും നമുക്ക് ചിത്രത്തിൽ കാണാൻ സാധിക്കും. നന്നായി വികസിപ്പിച്ച സഹകഥാപാത്രങ്ങളും അത് അവതരിപ്പിച്ച അഭിനേതാക്കളുടെയും പ്രകടനം എടുത്തുപറയേണ്ടതാണ്. കഥാപാത്രങ്ങൾക്ക് ശക്തമായ ഒരു ഇമോഷണൽ ലെയറും കൊടുത്തിട്ടുണ്ട്.

ഈതൻ ഹണ്ടായി എത്തുന്ന ടോം ക്രൂസ് തന്റെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നാണ് ‍‍‍‍ഡെഡ് റെക്കണിം​ഗിൽ പുറത്തെടുത്തത്. സാഹസികമായ ആക്ഷൻ രം​ഗങ്ങൾ ചെയ്യുന്നതിൽ തനിക്കൊരു എതിരാളി ഇല്ലെന്ന് ഒന്നുകൂടി ഊട്ടിയുറപ്പിക്കുകയാണ് ക്രൂസ്. മുകളിൽ പറഞ്ഞ മോട്ടോർ സൈക്കിൾ ജമ്പ് ഉൾപ്പെടെയുള്ള സ്റ്റണ്ടുകൾ എപ്പോഴത്തെയും പോലെ സ്റ്റണ്ട് ഡബിൾ ഇല്ലാതെയാണ് ക്രൂസ് ചെയ്തിരിക്കുന്നത്.

ചിത്രത്തിലെ സപ്പോർട്ടിംഗ് കാസ്റ്റും മികച്ചതാണ്. മികച്ച പ്രകടനത്തോടെയാണ് ഹെയ്‌ലി അറ്റ്‌വെൽ ഫ്രാഞ്ചൈസിലേക്കുള്ള തന്റെ വരവറിയിച്ചത്. കൂടാതെ ടോം ക്രൂസുമായി മികച്ച കെമിസ്ട്രിയുണ്ടാക്കിയെടുക്കാൻ ഹെയ്‌ലിക്ക് സാധിച്ചു എന്നതാണ് ​ഗ്രെയ്സ് എന്ന കഥാപാത്രത്തിന്റെ വിജയം. ലൂഥർ സ്റ്റിക്കലായി വിങ് റേംസ്, ബെഞ്ചി ഡൺ ആയി സൈമൺ പെഗ്, ഇൽസ ഫൗസ്‌റ്റായി റെബേക്ക ഫെർഗൂസൺ എന്നിവരെല്ലാം ശക്തമായ പ്രകടനം കാഴ്ചവച്ചു.

കുറച്ച് സങ്കീർണമാണെങ്കിലും പ്രേക്ഷകരെ പിടിച്ചിരിത്തുന്നതും സസ്പെൻസ് നിറഞ്ഞതുമാണ് ചിത്രത്തിന്റെ കഥ. കഥ പുരോ​ഗമിക്കുമ്പോൾ പ്രേക്ഷകരെ അമ്പരപ്പിക്കുന്ന ചില മികച്ച ട്വിസ്റ്റുകളും ടേണുകളും ചിത്രത്തിലുണ്ട് ഉണ്ട്. മാത്രമല്ല ഡെഡ് റെക്കണിം​ഗ് രണ്ടാം ഭാ​ഗത്തിനായി പ്രേക്ഷകരെ കാത്തിരിക്കാൻ പ്രേരിപ്പിക്കുന്ന തരത്തിലുള്ള ​ഗംഭീരമായ ക്ലെെമാക്സും ചിത്രത്തിന്റെ പോസിറ്റീവാണ്. സങ്കീർണ്ണമായ ആഖ്യാനം കഥയുടെ ആഴം കൂട്ടുമ്പോൾ ചില പ്രേക്ഷകർക്ക് അത് കണക്ട് ചെയ്യുന്നതിൽ ബുദ്ധിമുട്ടുണ്ടാക്കിയേക്കാം. എന്നിരുന്നാലും, ത്രസിപ്പിക്കുന്ന ആക്ഷൻ സീക്വൻസുകളും മികച്ച പ്രകടനങ്ങളും ഈ ചെറിയ പോരായ്മകളെ മറികടക്കുന്നുണ്ട്.

മിഷൻ ഇംപോസിബിൾ ഫിലിം ഫ്രാഞ്ചെെസ് ആരാധകർ തീർച്ചയായും തീയേറ്ററിൽ തന്നെ കണ്ടിരിക്കേണ്ട ചിത്രമാണ് ഡെഡ് റെക്കണിംഗ് പാർട്ട് വൺ. ഇതുവരെയുള്ള ഏറ്റവും മികച്ച മിഷൻ: ഇംപോസിബിൾ ചിത്രമെന്ന് തന്നെ ഡെഡ് റെക്കണിംഗിനെ വിശേഷിപ്പിക്കാം. ഡെഡ് റെക്കണിം​ഗ് ഒരു വലിയ ബോക്സ് ഓഫീസ് വിജയമാകുമെന്ന് ഉറപ്പാണ്. അതുപോലെ തന്നെ ഫ്രാഞ്ചെെസിലെ ഇതുവരെയുള്ള ചിത്രങ്ങൾ പോലെ തന്നെ ആക്ഷൻ ആരാധകരെയും സസ്പെൻസ് ചിത്രങ്ങളുടെ ആരാധകരെയുമൊക്കെ ഡെഡ് റെക്കണിം​ഗ് പാർട്ട് വൺ സന്തോഷിപ്പിക്കുമെന്ന കാര്യത്തിൽ സംശയമില്ല. ‌