
കാത്തിരിപ്പിന് വിരാമമിട്ട് വ്യാഴാഴ്ച്ച പുലർച്ചേ 12ന് കുഞ്ഞാലിമരക്കാർ തീയേറ്ററുകളിലെത്തി. മുൻകൂട്ടി പറഞ്ഞുറപ്പിച്ച ഫാൻസ് ഷോയിലേക്ക് ആരാധകരുടെ കുത്തൊഴുക്കായിരുന്നു. പാട്ടും നൃത്തവും ജയ് വിളികളുമായി അവർ പ്രിയതാരത്തിന്റെ സിനിമയെ ആഘോഷപൂർവ്വം വരവേറ്റു.
ആശീർവാദ് നിർമ്മിച്ച സിനിമകളിൽ മരക്കാരോളം വാർത്തകളിലിടം നേടിയ മറ്റൊരുസിനിമ ഉണ്ടായിട്ടില്ല. പ്രഖ്യാപിക്കപ്പെട്ടനാൾ മുതൽ മരക്കാരെ കുറിച്ചുള്ള വാർത്തകൾ വന്നുതുടങ്ങി.... മലയാളത്തിലെ ഏറ്റവും ചിലവേറിയചിത്രം, നൂറ്റിയാറുദിവസത്തെ ചിത്രീകരണം, ഒരുവർഷം നീണ്ടുനിന്ന പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ. കൊറോണയെ തുടർന്ന് പലതവണ മാറ്റിവക്കപ്പെട്ട റിലീസിങ്ങ്, ദേശീയപുരസ്‌ക്കാരത്തിന്റെ പകിട്ട്, ഒടിടി വിവാദം...അങ്ങിനെ മരക്കാർ പലതവണ കാതുകളിലേക്കെത്തിക്കൊണ്ടിരുന്നു.
ജൻമനാടിനുവേണ്ടി പോരാടി വീരമൃത്യുവരിച്ച ധീരന്റെ കഥയാണ് 'കുഞ്ഞാലിമരക്കാർ അറബികടലിന്റെ സിംഹം' എന്ന സിനിമ പറയുന്നത്. മനോഹരമായ പാട്ടിന്റെ അകമ്പടിയിലാണ് ചിത്രം ആരംഭിക്കുന്നത്. പിന്നീടങ്ങോട്ട് ചരിത്രവും കേട്ടുകേൾവികളും ഭാവനയുമെല്ലാമായി കഥ മുന്നോട്ടുപോകുന്നു. കുറച്ച് ചരിത്രവും അതിലേറെഭാവനയും എന്ന പ്രിയദർശന്റെ വാചകം ശരിവക്കുന്നതാണ് മിക്കരംഗങ്ങളും. ചരിത്രസംഭവങ്ങളെ അവലംബിച്ച് കഥപറയുമ്പോൾ തന്നെ പ്രണയവും, പ്രണയരംഗങ്ങളുമെല്ലാം മനോഹരമായി ഇതൾവിരിയുന്നുണ്ട്.
സാമൂതിരി രാജാവിന്റെ കടൽപടയുടെ അധിപനായ കുഞ്ഞാലിമരക്കാർ നാലാമനെ മുൻനിർത്തിയാണ് ചിത്രം നീങ്ങുന്നത്. കുഞ്ഞാലിയുടെ ഭൂതകാലവും ജീവിത്തിൽ അയാൾനേരിട്ട വെല്ലുവിളികളും നഷ്ടങ്ങളും അതിജീവനവുമെല്ലാം ആരംഭത്തിൽ തന്നെ വിവരിക്കുന്നു. സാമൂതിരിയുടെ മണ്ണിലേക്കുള്ള മരക്കാർ നാലാമന്റെ തിരിച്ചുവരുവും അയാളെങ്ങിനെ ഒരുനാടിന്റെ വീരപുരുഷനായിമാറി എന്ന കാഴ്ച്ചകളും ചേർന്നതാണ് ചിത്രത്തിന്റെ ആദ്യപകുതി. നാടുവാഴുന്ന രാജാവിൽ നിന്ന് ജനങ്ങൾക്ക് നീതിയും ന്യായവും കിട്ടാതെ വന്ന അവസരത്തിലാണ് കുഞ്ഞാലി കച്ചമുറുക്കി ഇറങ്ങുന്നത്.
''കുഞ്ഞാലി ഒളിച്ചിരിക്കുന്നത് നാട്ടിലെ, നാട്ടുകാരുടെ ഹൃദയത്തിലാണ് അവിടെ കയറി അവനെയൊന്നു തൊടാൻ ദൈവത്തിനുപോലും കഴിയില്ല''- കഥാപാത്രങ്ങൾക്കിടയിലെ സംഭാഷണത്തിൽ നിന്നുതന്നെ കുഞ്ഞാലിയുടെ ജനസ്വീകാര്യത വ്യക്തമാകുന്നുണ്ട്.
ബിഗ്ഗ് സ്‌ക്രീനിൽതന്നെ കണ്ടാസ്വദിക്കേണ്ട സിനിമയാണ് കുഞ്ഞാലിമരക്കാർ അറബികടലിന്റെ സിംഹം. കടലും കപ്പൽയുദ്ധങ്ങളും ആർത്തിരമ്പുന്ന തിരമാലകളും തീ പടരുന്ന കാഴ്ച്ചകളുമെല്ലാമായി വലിയൊരു ദൃശ്യവിസ്മയം തന്നെ തുറന്നുവക്കുന്നുണ്ട് ചിത്രം. പറങ്കിപടക്കെതിരെ മരക്കാർ നടത്തുന്ന കടൽയുദ്ധം ചങ്കിടിപ്പോടെയാണ് തീയേറ്ററുകളിൽ സ്വീകരിക്കപ്പെടുന്നത്.
കടലിൽ ജാലവിദ്യകാണിക്കുന്ന മരക്കാരെ മാത്രമല്ല, ചതിയിൽ കാലിടറിവീഴുന്ന പോരാളിയായ മരക്കാരെയും സിനിമയിൽ കാണാം. സങ്കേതികമികവുകൊണ്ട് മലയാളസിനിമകളിൽ ഉയരത്തിൽ നിൽക്കുന്നു മരക്കാർ. കടലും തിരകളും അഗ്‌നിയും നിറയുന്ന സീനുകളെല്ലാം ശക്തമായ അവതരണം കയ്യടിനേടുന്നുണ്ട്. ഗാനരംഗങ്ങളിലുമുള്ള പ്രിയദർശൻടച്ച് എടുത്തുപറയേണ്ടതാണ്. റിയലിസ്‌ററിക്കായി അവതരിപ്പിച്ച യുദ്ധരംഗങ്ങളാണ് ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ്.
കുഞ്ഞാലിമരക്കാരായി മോഹൻലാൽ എത്തുമ്പോൾ കുഞ്ഞാലിയുടെ കൗമാരകാലം പ്രണവ് മോഹൻലാലിലൂടെയാണ് പറയുന്നത്. മുൻചിത്രങ്ങളെ അപേക്ഷിച്ച് അഭിനയിത്തിൽ ബഹുദൂരം മുന്നോട്ടുപോയ പ്രണവിനെയാണ് കുഞ്ഞാലിമരക്കാരിൽ കാണുന്നത്. പട്ടുമരക്കാരായെത്തിയ സിദ്ധിഖും മാങ്ങാട്ടച്ചന്റെ വേഷം ചെയ്ത ഹരീഷ് പേരടിയും ശ്രദ്ധേയമായി.
സാമൂതിരി രാജാവിന്റെ കൊട്ടാരവും, അകത്തളവും മരക്കാരുടെ കോട്ടമതിലും, യുദ്ധക്കപ്പലുകളും പീരങ്കിയും പടക്കോപ്പുകളുമെല്ലാം സൃഷ്ടിച്ച സാബുസിറിലിന് അഭിമാനിക്കാനുള്ളവകനൽകുന്നുണ്ട് ചിത്രം. യുദ്ധരംഗങ്ങളിൽ ഉൾപ്പെടെ ക്യാമറകൈകാര്യം ചെയ്ത് എസ്.തിരുവിന്റെ കഴിവ് പ്രത്യേകം എടുത്തുപറയേണ്ടതാണ്. എഡിറ്റിങ്ങ് എം.എസ്.അയ്യപ്പൻ.
മഞ്ജുവാര്യർ, സുഹാസിനി, നെടുമുടിവേണു, ഫാസിൽ, സുനിൽഷെട്ടി, പ്രഭു, അർജ്ജുൻ സർജ, അശോക് സെൽവൻ, മുകേഷ്, സിദ്ധിഖ്, ഇന്നസെന്റ്, മാമുക്കോയ, കീർത്തിസുരേഷ്, കല്യാണി പ്രിയദർശൻ...എന്നിങ്ങനെ താരസമ്പന്നമാണ് ചിത്രം. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
Content Highlights : Marakkar: Lion Of The Arabian Sea Movie Review, Mohanlal, Priyadarshan,Marakkar Movie Review
Published: 02 Dec 2021, 07:07 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented