ടി.കെ. മഹാദേവനായി കരിയറിൽ ഇന്നേവരെയില്ലാത്ത പ്രകടനമായിരുന്നു ദുൽഖർ കാഴ്ചവെച്ചത്. നിഷ്കളങ്കനായ തെരുക്കൂത്ത് കലാകാരനിൽനിന്ന് സിനിമയിലെ സൂപ്പർതാരപദവി അലങ്കരിക്കുന്ന നടനിലേക്കുള്ള മഹാദേവന്റെ യാത്ര ദുൽഖർ ഗംഭീരമാക്കിയിട്ടുണ്ട്.

കാന്ത എന്ന ചിത്രത്തിൽ ദുൽഖർ സൽമാൻ | ഫോട്ടോ: Facebook
അഹംഭാവം ഒരു മനുഷ്യനെ എത്രമാത്രം അപകടത്തിലേക്ക് നയിക്കും? അതൊരു കലാകാരൻ കൂടിയാണെങ്കിലോ? ദുരന്തത്തിന്റെ വ്യാപ്തി വിചാരിക്കുന്നതിനേക്കാൾ കൂടും. ദുൽഖർ സൽമാൻ, സമുദ്രക്കനി, ഭാഗ്യശ്രീ ബോർസെ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സെൽവമണി സെൽവരാജ് സംവിധാനം ചെയ്ത കാന്ത എന്ന ചിത്രം സംസാരിക്കുന്നത് ഇങ്ങനെയൊരു വിഷയമാണ്. അഹംഭാവവും പരസ്പര വിദ്വേഷവും രണ്ട് മഹാന്മാരായ കലാകാരന്മാരെ ജീവിതത്തിന്റെ ഏതറ്റംവരെ എത്തിക്കുന്നു എന്നാണ് കാന്ത പ്രേക്ഷകരോട് പറയുന്നത്.
ഏവരും അയ്യാ എന്നുവിളിക്കുന്ന സംവിധായകൻ, അയാൾ വളർത്തിക്കൊണ്ടുവന്ന തിരുച്ചെങ്കോട് കാളിദാസ് മഹാദേവൻ എന്ന ടി.കെ. മഹാദേവൻ എന്ന നടൻ, കുമാരി എന്ന നടി എന്നിവരിലൂടെയാണ് ചിത്രം മുന്നോട്ടുപോകുന്നത്. ഒരുകാലത്ത് ഗുരുവും പ്രിയശിഷ്യനുമായിരുന്ന അയ്യായും മഹാദേവനും ഇപ്പോൾ ബദ്ധശത്രുക്കളാണ്. തമ്മിൽ സംസാരിക്കാൻപോലും തയ്യാറല്ല ഇരുവരും. അഥവാ സംസാരിച്ചാൽത്തന്നെ ശാപവാക്കുകൾ മാത്രം ചൊരിയുന്ന തരത്തിലാണ് ഇരുവരുടേയും ബന്ധം. മഹാദേവൻ സൂപ്പർസ്റ്റാറായി സിനിമയുടെ തിരക്കുകളിലേക്ക് കടന്നപ്പോൾ അയ്യാ കൈപിടിച്ചുയർത്തുന്ന പുതുമുഖ നടിയാണ് കുമാരി. ബദ്ധശത്രുക്കളായ രണ്ടുപേർ ഒരു സിനിമയ്ക്കുവേണ്ടി ഒരുമിക്കുന്നു. നായികയാവുന്നത് കുമാരിയും. തുടർന്ന് ഈ സിനിമാ സെറ്റിൽ അരങ്ങേറുന്ന സംഭവങ്ങളാണ് കാന്തയുടെ കാതൽ.
ഗുരുവായ സംവിധായകനും ശിഷ്യനായ നടനും തമ്മിലുള്ള ഈഗോ ക്ലാഷാണ് കാന്തയെ സംഭവബഹുലമാക്കുന്നത്. ചിത്രത്തിന്റെ ആദ്യപകുതിയെ ആകാംക്ഷാപൂർണമാക്കുന്ന പ്രധാനഘടകവും ഇതുതന്നെയാണ്. ഇരുവരുടേയും ഈഗോ പ്രേക്ഷകനിലേക്കെത്തിക്കുന്ന രംഗങ്ങൾ അത്യന്തം ത്രില്ലിങ് ആയിത്തന്നെയാണ്. പ്രേക്ഷകന്റെ യുക്തിയെ ചോദ്യം ചെയ്യുന്ന ഒരു രംഗവും ചിത്രത്തിലില്ല എന്നത് എടുത്തുപറയേണ്ടതാണ്. സിനിമയ്ക്കുള്ളിലെ സിനിമയാണ് കാന്ത സംസാരിക്കുന്നത്.
തമിഴ് സിനിമയിലെ ആദ്യ ഹൊറർ ചിത്രത്തിന്റെ പശ്ചാത്തലത്തിലാണ് കഥ മുന്നോട്ടുനീങ്ങുന്നത്. അടുത്ത കാലത്ത് തമിഴ് സിനിമയിൽ ഇത്രയും ബ്ലാക്ക് ആൻഡ് വൈറ്റ് രംഗങ്ങൾ ഉണ്ടായിട്ടില്ല എന്നത് ശ്രദ്ധേയമാണ്. അയ്യായുടേയും മഹാദേവന്റെയും കുമാരിയുടേയും രംഗങ്ങൾ ബ്ലാക്ക് ആൻഡ് വൈറ്റിലും കളറിലും ചിത്രീകരിച്ചിരിക്കുന്നത് ഇവരുടെ ജീവിതത്തിലെ ഉയർച്ച താഴ്ചകൾ കാണിക്കാൻകൂടിയാകാം.
രണ്ട് കലാകാരന്മാർ തമ്മിലുള്ള ഈഗോ ക്ലാഷിനൊപ്പം പ്രണയത്തിന്റെയും വഞ്ചനയുടേയും ദുരൂഹതയുടേയും ട്രാക്ക് കൂടി ആസ്വാദകന് മുന്നിലെത്തുന്നുണ്ട്. ഈ നാല് തലങ്ങളും കൂടിക്കുഴയാതെ കൃത്യമായി അടുക്കിവെയ്ക്കാൻ സെൽവമണി സെൽവരാജിന് സാധിച്ചിട്ടുണ്ട്. ഝാനു ചാന്ററിന്റെ ഗാനങ്ങളും ജെയ്ക്സ് ബിജോയ് ഒരുക്കിയ പശ്ചാത്തലസംഗീതവും കാന്തയ്ക്ക് മുതൽക്കൂട്ടാണ്.
പ്രധാന കഥാപാത്രങ്ങൾക്കെല്ലാം ഒന്നിലേറെ ഷെയ്ഡുകളുണ്ട് എന്നത് എടുത്തുപറയേണ്ടിയിരിക്കുന്നു. ടി.കെ. മഹാദേവനായി കരിയറിൽ ഇന്നേവരെയില്ലാത്ത പ്രകടനമായിരുന്നു ദുൽഖർ കാഴ്ചവെച്ചത്. നിഷ്കളങ്കനായ തെരുക്കൂത്ത് കലാകാരനിൽനിന്ന് സിനിമയിലെ സൂപ്പർതാരപദവി അലങ്കരിക്കുന്ന നടനിലേക്കുള്ള മഹാദേവന്റെ യാത്ര ദുൽഖർ ഗംഭീരമാക്കിയിട്ടുണ്ട്.
അഭിനയിക്കുന്ന സിനിമയിലെ സംവിധായകനെ മറികടന്നുപോലും ചിത്രീകരണം നിയന്ത്രിക്കുന്ന ശക്തിയാണ് മഹാദേവൻ. മഹാദേവന്റെ ഈഗോയും പകയും പ്രണയവും നിരാശയും നിസ്സഹായതയുമെല്ലാം ദുൽഖറിൽ ഭദ്രമായിരുന്നു. ഇതിനൊപ്പം വെയ്ക്കാവുന്ന പ്രകടനംതന്നെയായിരുന്നു സമുദ്രക്കനിയുടേതും. മനുഷ്യരിലെ ഈഗോയ്ക്ക് രണ്ട് രൂപങ്ങൾ നൽകുകയാണെങ്കിൽ അത് അയ്യായും മഹാദേവനുമാവും എന്ന തരത്തിൽ ഇരുവരും മത്സരിച്ചുനിന്നു.
നടി എന്ന രീതിയിൽ സ്വയം അടയാളപ്പെടുത്തുന്നുണ്ട് കുമാരിയെ അവതരിപ്പിച്ച ഭാഗ്യശ്രീ ബോർസെ. സമാനരീതിയിലുള്ള കഥാപാത്രങ്ങൾ തിരഞ്ഞെടുത്താൽ തെന്നിന്ത്യയിലെതന്നെ മികച്ച യുവനടിയായിത്തീരും ഭാഗ്യശ്രീ എന്ന് കാന്തയിലെ കുമാരി എന്ന വേഷം അടിവരയിടുന്നുണ്ട്.
റാണ അവതരിപ്പിച്ച ഫീനികിസ് ഒരു കുറുക്കന്റെ കൗശലമുള്ള പോലീസുകാരൻ തന്നെയായിരുന്നു. ഗായത്രി ശങ്കർ, വയ്യാപുരി, നിഴൽകൾ രവി, ആടുകളം നരേൻ, ഭഗവതി പെരുമാൾ എന്നിവരും മികച്ച പ്രകടനം കാഴ്ചവെച്ചു.
ഇന്ത്യൻ സിനിമയിൽത്തന്നെ പലവുരു പറഞ്ഞ വിഷയമാണ് സിനിമയ്ക്കുള്ളിലെ സിനിമ. അക്കൂട്ടത്തിലേക്കുവന്ന വ്യത്യസ്തമായ ഒരു ശ്രമമാണ് കാന്ത. സിനിമാലൊക്കേഷനിൽ കഥ നടക്കുന്നുണ്ടെങ്കിലും അതിലുപരി പ്രധാന കഥാപാത്രങ്ങളുടെ മനോവ്യാപാരങ്ങളിലൂടെ സഞ്ചരിക്കുന്ന ചിത്രമാണ് കാന്ത. ഒരാൾ മറ്റൊരാൾക്ക് ആരായിരുന്നു എന്നാണ് ചിത്രം അടിസ്ഥാനപരമായി പറയുന്ന തത്വം. മികച്ച താരപ്രകടനങ്ങൾകൊണ്ട് സമ്പന്നമായ ചിത്രം കാണാനായി കാന്തയ്ക്ക് ടിക്കറ്റെടുക്കാം.
Content Highlights: Kaantha movie review: Explores ego, rivalry, and ambition between a director and a superstar. Dulquer Salman and Samuthirakani deliver powerful performances in this gripping thriller.
Published: 14 Nov 2025, 02:20 pm IST
ABOUT THE AUTHOR

അഞ്ജയ് ദാസ്. എന്.ടി
anjaydas@mpp.co.inGet Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented