വലിയ താരനിരയില്ലാതെയും ഹൈപ്പില്ലാതെയും തിയേറ്ററുകളിലെത്തി ഹിറ്റടിച്ച് പോകുന്ന ചില ചിത്രങ്ങളുണ്ട്, അവ കണ്ടിറങ്ങുന്ന പ്രേക്ഷകന്റെ മനസ് നിറയ്ക്കുന്ന ചിത്രമായി മാറുകയും ചെയ്യും. ആ ഗണത്തിലേക്കാണ് രണ്ട് കുടുംബങ്ങൾ തമ്മിലുള്ള ഇഴയടുപ്പത്തിന്റെയും വഴക്കിന്റെയും കഥ പറഞ്ഞുകൊണ്ട് ജെറി വന്നു ചേരുന്നത്. അനീഷ് ഉദയ് സംവിധാനം ചെയ്ത ജെറിയിൽ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നത് പ്രമോദ് വെളിയനാട്, കോട്ടയം നസീർ, സണ്ണി ജോസഫ് തുടങ്ങിയവരാണ്.

To advertise here,

അടുത്തടുത്ത വീടുകളിലാണ് ഗോപിയും ഉറ്റസുഹൃത്തും കുടുംബവുമൊത്ത് താമസിക്കുന്നത്. ഇവരുടെ മക്കൾക്കിടയിൽ വളരുന്ന പ്രണയമാണ് ആ സൗഹൃദത്തിൽ വിള്ളൽ വരുത്തുന്നത്. ഒരു കുടുംബം പോലെ കഴിഞ്ഞിരുന്ന ഇവർക്കിടയിൽ ശത്രുതയുടെ മതിൽ ഉയർന്നു തുടങ്ങുന്നു. അന്യജാതിക്കാരനായ, ജോലിയും കൂലിയും ഇല്ലാത്ത ഒരുത്തനുമായുള്ള പ്രണയത്തിൽ നിന്ന് മകളെ അകറ്റാൻ ഗോപി കണ്ടെത്തുന്ന മാർഗമാണ് കടം വാങ്ങിയാണെങ്കിലും അവളെ ബാംഗ്ലൂർക്ക് അയക്കുക എന്നത്. കണ്ണകന്നെങ്കിലും മനസ് അകന്നില്ലെന്ന് തെളിയിച്ച് ആ പ്രണയം പക്ഷേ സ്ട്രോങ് ആയി തന്നെ മുന്നോട്ട് പോകുന്നുണ്ട്. കോഴ്സ് തീർന്നതോടെ മകളെ കെട്ടിച്ചുവിടാൻ ഗോപി ശ്രമിച്ചുവെങ്കിലും നല്ല രീതിയിൽ ആ കല്യാണാലോചന മകൾ പൊളിച്ച് കയ്യിൽ കൊടുക്കുന്നു. ഇതോടെ പെണ്ണുകാണാനെത്തിയ ചെക്കന്റെ അച്ഛനും ഫോറസ്റ്റ് ഓഫീസറുമായ കഥാപാത്രം ഗോപിയുടെയും സുഹൃത്തിന്റെയും ശത്രുപക്ഷത്താവുന്നു. ഗോപിയുടെ വീട്ടിലെത്തുന്ന ഒരു എലിയും എലിക്ക് പിന്നാലെയെത്തുന്ന പാമ്പും കാര്യങ്ങൾ സങ്കീർണമാക്കുന്നു. പീന്നീടെന്ത് സംഭവിക്കുന്നു എന്നതാണ് രസകരമായി ചിത്രം പറഞ്ഞു വയ്ക്കുന്നത്.

‌താരതമ്യേന പുതുമുഖങ്ങളാണ് ചിത്രത്തിലേറെയും. സ്വാഭാവിക സംഭാഷണങ്ങളും നർമരം​ഗങ്ങളും തിയേറ്ററിൽ ചിരിനിറയ്ക്കുന്നുണ്ട്. ഗോപിയായെത്തിയ പ്രമോദ് വെളിയനാടിന്റെ പ്രകടനം എടുത്തു പറയേണ്ടതാണ്. നാടകരംഗത്തുനിന്ന് സിനിമയിലെത്തിയ പ്രമോദ് ഇതിനോടകം തന്നെ നല്ലൊരു നടനാണ് താനെന്ന് തെളിയിച്ചിട്ടുള്ള ആളാണ്. അതൊന്നുകൂടി ഉറപ്പിക്കുകയാണ് ജെറിയിലൂടെ. സുഹൃത്തായി എത്തിയ സണ്ണി ജോസഫ് പുതുമുഖമാണ് സിനിമയിൽ. പക്ഷേ അതിന്റെ യാതൊരു കുറവും കാണിക്കാതെ ഭംഗിയായി തന്നെയാണ് തന്റെ കഥാപാത്രത്തെ സണ്ണി ചെയ്തുവച്ചിരിക്കുന്നത്. ഫോറസ്റ്റ് ഓഫിസറുടെ കഥാപാത്രമായെത്തുന്നത് കോട്ടയം നസീറാണ്. മുപ്പതിലധികം വർഷമായി സിനിമയുടെ ഭാഗമായുള്ള നസീറിന്റെ ശക്തമായൊരു കഥാപാത്രം നമ്മൾ കണ്ടത് റോഷാക്കിലാണ്. കൗശലക്കാരനായ ഫോറസ്റ്റ് ഉദ്യോഗസ്ഥന്റെ വേഷം നസീർ മനോഹരമായി ചെയ്തു വച്ചിട്ടുണ്ട്. ഇവരെക്കൂടാതെ അനിൽ ശിവറാം, ശിവ ഹരിഹരൻ, കുമാർ സേതു, റൂത്ത് ജോൺ, അബിൻ പോൾ, കെസ്യ എലിസബത്ത് തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തിയത്. താരതമ്യേന പുതുമുഖങ്ങളെങ്കിലും  കഥ നടക്കുന്ന ഗ്രാമത്തിലെ കഥാപാത്രങ്ങളായി ഇവർ ജീവിക്കുക തന്നെയായിരുന്നു. 

പശ്ചാത്തല സംഗീതം ചിത്രത്തിൽ നല്ല രീതിയിൽ തന്നെ അവതരിപ്പിച്ചിട്ടുണ്ട്. വിനീത് ശ്രീനിവാസൻ ആലപിച്ച നീ പിണങ്ങല്ലേ എന്ന് തുടങ്ങുന്ന മനോഹര പ്രണയ ഗാനവും ചിത്രത്തിന്റെ പ്ലസ് പോയിന്റാണ്. അരുൺ വിജയ് ആണ് സംഗീത സംവിധാനം. ജെ സിനിമാ കമ്പനിയുടെ ബാനറിൽ ജെയ്സണും ജോയ്സണും ചേർന്നാണ് 'ജെറി' നിർമിച്ചിരിക്കുന്നത്. നൈജിൽ സി മാനുവലിന്റെതാണ് തിരക്കഥ. 

ഛായാഗ്രഹണം: നിസ്മൽ നൗഷാദ്, ചിത്രസംയോജനം: രോഹിത് വി എസ് വാരിയത്ത്, സംഗീതം: അരുൺ വിജയ്, ഗാനരചന: വിനായക് ശശികുമാർ, അജിത് പെരുമ്പാവൂർ. അശ്ലീല സംഭാഷണങ്ങളോ രംഗങ്ങളോ ഇല്ലാതെ ക്ലീൻ ആയി പറഞ്ഞു പോകുന്ന ജെറിക്ക് കുടുംബവുമൊത്ത് തന്നെ ധൈര്യമായി ടിക്കറ്റെടുക്കാം.