'ജാനകീ ജാനേ'യിൽ സൈജു കുറുപ്പും നവ്യ നായരും | Photo: www.facebook.com/saijugkurup
ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സ് എന്ന ഒറ്റ ബ്രാന്‍ഡ് നെയിം മതിയായിരുന്നു ജാനകീ ജാനേ എന്ന ചിത്രത്തിനായി കാത്തിരിക്കാന്‍. മികച്ച ചിത്രങ്ങളിലൂടെ എന്നും കുടുംബപ്രേക്ഷകര്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്ന ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സ് ഇത്തവണയും എത്തിയിരിക്കുന്നത് ഒരു കുടുംബചിത്രവുമായാണ്. 'ഉയരെ'ക്ക് ശേഷം എസ് ക്യൂബ് ഫിലിംസാണ് ജാനകീ ജാനേ നിര്‍മിച്ചത്. അനീഷ് ഉപാസനയാണ് രചനയും സംവിധാനവും.
വീടിനകത്താണെങ്കില്‍പ്പോലും ഒറ്റയ്ക്ക് നില്‍ക്കാനോ കിടക്കാനോ പേടിയുള്ള ജാനകിയുടെ കഥയാണ് ജാനകീ ജാനേ. ഇരുട്ടാണ് ജാനകിയുടെ ഏറ്റവും വലിയ ഭയം. ഉണ്ണി മുകുന്ദന്‍ എന്ന സബ് കോണ്‍ട്രാക്റ്ററുമായുള്ള വിവാഹവും തുടര്‍ന്ന് നടക്കുന്ന അപ്രതീക്ഷിതസംഭവങ്ങളുമാണ് ചിത്രത്തിന്റെ കഥാഗതിയെ സജീവമാക്കുന്നത്. ആരാണ് ജാനകി? എന്താണ് അവള്‍ അനുഭവിക്കുന്ന പ്രശ്‌നം? അത് ഈ കഥാപാത്രത്തിന് എത്രമാത്രം ബുദ്ധിമുട്ടിക്കുന്നുണ്ട് എന്ന് തുടക്കത്തിലേ തന്നെ വ്യക്തമായി കാണിക്കുന്നുണ്ട്. ഒറ്റരംഗത്തിലൂടെതന്നെ സിനിമയ്ക്ക് ശക്തമായ അടിത്തറയിടുകയാണ് ഇതുവഴി രചയിതാവുകൂടിയായ സംവിധായകന്‍.
ജാനകി എന്ന കഥാപാത്രത്തിന്റെ ജീവിതവും അവള്‍ക്ക് ചുറ്റുമുള്ള, അല്ലെങ്കില്‍ അവള്‍ക്ക് ഇടപഴകേണ്ടിവരുന്ന ആളുകളും സംഭവങ്ങളുമെല്ലാം കാണിച്ചുകൊണ്ടാണ് ചിത്രം സഞ്ചരിക്കുന്നത്. ഇതിലെല്ലാം ജാനകിയുടെ ഉള്ളില്‍ ശക്തമായി വേരൂന്നിക്കിടക്കുന്ന ഭയം എന്ന വില്ലനെയാണ് പ്രേക്ഷകര്‍ക്ക് കാണാനാവുക. ജാനകിയുടെ ജീവിതം പറയുന്നതിനൊപ്പം സമാന്തരമായി മറ്റൊരു കഥകൂടി ചിത്രം ചര്‍ച്ച ചെയ്യുന്നുണ്ട്. ഇവ രണ്ടും കൂട്ടിമുട്ടുന്നിടത്താണ് ജാനകിയുടെ ജീവിതം മറ്റൊരു വഴിത്തിരിവിലേക്ക് നീങ്ങുന്നത്.
ചില ചിത്രങ്ങളുണ്ട് ഒരു പകുതി തമാശ, മറുപകുതി സീരിയസ് എന്നപോലെ. എന്നാല്‍ തമാശ വേണ്ടിടത്ത് തമാശയും കാര്യഗൗരവം വേണ്ടിടത്ത് അങ്ങനെയും ഇടകലര്‍ത്തിയാണ് അനീഷ് ഉപാസന ജാനകീ ജാനേ ഒരുക്കിയിരിക്കുന്നത്. മറ്റുള്ളവര്‍ക്ക് തമാശയായി തോന്നുന്ന ഭയത്തെ കൂടെ കൊണ്ടുനടക്കുന്ന ജാനകിയായി ഗംഭീര പ്രകടനമാണ് നവ്യാ നായര്‍ കാഴ്ചവെച്ചത്. പരിഹരിക്കാന്‍ പറ്റാത്തതാണ് തന്റെയുള്ളിലെ ഭയമെന്ന് അടിയുറച്ചുവിശ്വസിക്കുന്ന ജാനകിയേ പോലുള്ളവര്‍ നിരവധിയുണ്ട് നമ്മുടെ സമൂഹത്തില്‍. തന്റെ പ്രശ്‌നങ്ങള്‍ മറ്റുള്ളവരോട് പറയാനോ എന്തിന് ഒന്നുറക്കെ കരയാന്‍ പോലും പറ്റാത്ത നിസ്സഹായാവസ്ഥയിലായ ജാനകി നവ്യാ നായരുടെ കരിയറിലെ മികച്ചവേഷങ്ങളില്‍ ഉള്‍പ്പെടും.
ജാനകിയുടെ പ്രശ്‌നങ്ങളെ മനസിലാക്കി പരിപൂര്‍ണ പിന്തുണ നല്‍കുന്ന ഭര്‍ത്താവ് ഉണ്ണി മുകുന്ദന്‍ സൈജു കുറുപ്പിന്റെ കൈയില്‍ ഭദ്രമായിരുന്നു. ജോര്‍ജ് കോരയുടെ മാര്‍ട്ടിന്‍, കോട്ടയം നസീറിന്റെ പ്രതിനായക സ്വഭാവമുള്ള പി.ആര്‍. ഷാജി, ജോണി ആന്റണിയുടെ സുകു, ഷറഫുദ്ദീന്‍, അനാര്‍ക്കലി എന്നിവര്‍ അവരിപ്പിച്ച ലിവിങ് ടുഗെതര്‍ ദമ്പതികള്‍, പ്രമോദ് വെളിയനാട് അവതരിപ്പിച്ച ജോണി, ജയിംസ് ഏലിയായുടെ കറിയാച്ചൻ എന്നിവരെല്ലാം ജാനകിയുടെ ജീവിതത്തില്‍ പലവിധ മാറ്റങ്ങളുമുണ്ടാക്കുന്നു. എടുത്തുപറയേണ്ട മറ്റൊരു കഥാപാത്രം സ്മിനു സിജോ അവതരിപ്പിച്ച സത്യഭാമയാണ്. ഉള്ളില്‍ കുശുമ്പ് കൊണ്ടുനടക്കുന്ന ഈ കഥാപാത്രം അത്രയേറെ മികവോടെയാണ് അവര്‍ അവതരിപ്പിച്ചത്. ഇങ്ങനെയൊക്കെ ചെയ്തിട്ടും പറഞ്ഞിട്ടും ഇവര്‍ക്കെന്ത് നേടാനാണ് എന്ന ചോദ്യം പ്രേക്ഷകരില്‍ ജനിപ്പിക്കുന്നതില്‍ ഈ കഥാപാത്രം വിജയിച്ചിട്ടുണ്ട്.
തന്റെ മുന്‍ ചിത്രങ്ങളില്‍ നിന്ന് സംവിധായകനെന്ന നിലയില്‍ ഏറെ മുന്നേറിയിട്ടുണ്ട് അനീഷ് ഉപാസന. ആവശ്യമില്ലാത്ത ഒരു സംഭാഷണമോ ക്യാമറയുടെ ചലനമോ രംഗമോ ചൂണ്ടിക്കാണിക്കാനാവാത്തവിധമാണ് അദ്ദേഹം ചിത്രം ഒരുക്കിയിരിക്കുന്നത്. കൈലാസിന്റെ ഗാനങ്ങളും ശ്യാംരാജിന്റെ ഛായാഗ്രഹണവും ചിത്രത്തെ സജീവമാക്കി നിര്‍ത്തുന്നതിന് സഹായിച്ചിട്ടുണ്ട്. ഉള്ളിലെ ഭയത്തെ ഒരാള്‍ എങ്ങനെ മറികടക്കണം എന്നാണ് ആത്യന്തികമായി ചിത്രം പറയുന്നത്. ധൈര്യമായി ടിക്കറ്റെടുക്കാം ജാനകി ധൈര്യമുള്ളവളായി മാറിയ ഈ കഥ കാണാന്‍.
Content Highlights: janaki jaane movie review, janaki jaane first review, navya nair, saiju kurup
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..