
വ്യത്യസ്തമായ പ്രമേയങ്ങള്‍ തിരഞ്ഞെടുത്ത് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുന്നതില്‍ മുന്‍പന്തിയിലാണ് സംവിധായകന്‍ എം.എ നിഷാദിന്റെ സ്ഥാനം. കുടുംബ പ്രേക്ഷകര്‍ എന്നും നെഞ്ചോട് ചേര്‍ത്തുവെയ്ക്കുന്ന ഒരുപിടി നല്ല ചിത്രങ്ങളും എം.എ നിഷാദിന്റേതായുണ്ട്. ഇത്തവണയും പതിവ് തെറ്റിക്കാതെ കുടുംബ പ്രേക്ഷകര്‍ക്കും യുവാക്കള്‍ക്കും ഒരേ പോലെ ഇഷ്ടപ്പെടുന്ന ഒരു പ്രമേയവുമായാണ് നിഷാദ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. അയ്യര്‍ ഇന്‍ അറേബ്യ എന്ന ചിത്രം അവതരണരീതിയാലും ഒരുപിടി നല്ല താരങ്ങളുടെ സാന്നിധ്യത്താലും സമ്പന്നമാണ്.
തിരുവനന്തപുരത്തുനിന്നാണ് അയ്യറിന്റെ കഥ തുടങ്ങുന്നത്. ശ്രീനിവാസ് അയ്യര്‍ എന്ന റിട്ടയേര്‍ഡ് ഉദ്യോഗസ്ഥനും ഭാര്യ ഝാന്‍സി റാണിയുമാണ് ഇവിടുത്തെ താരങ്ങള്‍. ജീവിതത്തിന്റെ ഒരുപകുതിയില്‍ വിആര്‍എസ് എടുത്ത് ജോലിയില്‍ നിന്ന് വിരമിക്കുകയാണ് ശ്രീനിവാസ്. അവിടുന്നങ്ങോട്ട് തുടര്‍ച്ചയായ ഒരുപാട് മാറ്റങ്ങള്‍ ശ്രീനിവാസിന്റെ ജീവിതത്തിലുണ്ടാവുന്നു. ഭാര്യ ഝാന്‍സി കോളേജ് അധ്യാപികയാണ്.
ചെന്നൈയില്‍ താമസിച്ചിരുന്ന ഇരുവരുടെയും മകന്‍ രാഹുലിന് ദുബായില്‍ ഒരു ജോലി ശരിയാവുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്. മകനില്‍ തന്റെ വിശ്വാസങ്ങളും സംസ്‌കാരങ്ങളും അടിച്ചേല്‍പ്പിക്കുന്ന ശ്രീനിവാസ് അയ്യര്‍ പലപ്പോഴും രാഹുലിന്റെ സ്വപ്‌നങ്ങള്‍ക്ക് പരിമിതി കല്‍പ്പിക്കുന്നു. ശ്രീനിവാസ് അയ്യര്‍ എന്ന കഥാപാത്രത്തെ എല്ലായിടത്തും കാണാം. വാട്‌സാപ്പില്‍ പരക്കുന്ന വ്യാജസന്ദേശങ്ങള്‍ സത്യമെന്ന വിശ്വസിക്കുന്ന ഒരാള്‍ കൂടിയാണ് ശ്രീനിവാസ്. ചിത്രത്തിലുടനീളം കാലികപ്രസക്തമായ ഒരുപാട് കാര്യങ്ങളും ഉള്‍പ്പെടുത്തിയെന്നത് അഭിനന്ദനാര്‍ഹമാണ്.
മലയാളികളുടെ എക്കാലത്തെയും പ്രിയതാരങ്ങളുടെ സാന്നിധ്യമാണ് ചിത്രത്തെ കൂടുതല്‍ മികച്ചതാക്കുന്നത്. ശ്രീനിവാസ് അയ്യറായി മുകേഷ് എത്തുമ്പോള്‍ ഝാന്‍സി റാണിയായി ഉര്‍വശിയെത്തുന്നു. രാഹുല്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് ധ്യാന്‍ ശ്രീനിവാസനാണ്. രാഹുലിന്റെ കാമുകിയായ സെഹ്‌റയായി ദുര്‍ഗ്ഗാ കൃഷ്ണനെത്തുന്നു.
ഷൈന്‍ ടോം ചാക്കോ, ഡയാന ഹമീദ്, ജാഫര്‍ ഇടുക്കി, അലന്‍സിയര്‍, മണിയന്‍ പിള്ള രാജു, കൈലാഷ്, സുധീര്‍ കരമന, സോഹന്‍ സീനുലാല്‍, ഉല്ലാസ് പന്തളം, ജയകൃഷ്ണന്‍, സിനോജ് സിദ്ധിഖ്, ജയകുമാര്‍, ഉമ നായര്‍, ശ്രീലത നമ്പൂതിരി, രശ്മി അനില്‍, വീണ നായര്‍, നാന്‍സി, ദിവ്യ എം. നായര്‍, ബിന്ദു പ്രദീപ്, സൗമ്യ തുടങ്ങി നാല്‍പത്തിയഞ്ചോളം താരങ്ങള്‍ ഈ ചിത്രത്തില്‍ അണിനിരക്കുന്നു.
നമ്മള്‍ അടിയുറച്ച് വിശ്വസിക്കുന്ന മതത്തിനപ്പുറം മനുഷ്യത്വമാണ് എല്ലാ കാലവും നിലനില്‍ക്കുക എന്ന സന്ദേശം ലളിതമായ രീതിയില്‍ ചിത്രം അവതരിപ്പിക്കുന്നുണ്ട്. സൗഹൃദം, കുടുംബം, പ്രണയം എന്നീ ഗൗരവ വിഷയങ്ങള്‍ വെറുതെ പറഞ്ഞ് പോകാതെ മനസില്‍ പതിയുന്ന തരത്തിലാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
മലയാളികള്‍ എല്ലാക്കാലവും ഓര്‍ത്തിരിക്കുന്ന ഹിറ്റ് സിനിമാ ഡയലോഗുകള്‍ അവസരോചിതമായി ഉപയോഗിക്കാനുള്ള അണിയറപ്രവര്‍ത്തകരുടെ ശ്രമങ്ങള്‍ ഫലം കണ്ടു. കഥ ആവശ്യപ്പെടുന്ന വ്യാപ്തിയിലും തോതിലുമാണ് അയ്യര്‍ ഇന്‍ അറേബ്യ അണിയിച്ചൊരുക്കിയിരിക്കുന്നതെന്നും ശ്രദ്ധേയം.
സിനിമയുടെ ടൈറ്റലില്‍ തന്നെ കഥ തിരിച്ചറിയപ്പെടുമ്പോള്‍, ടൈറ്റില്‍ ലളിതമാക്കുകയും പ്രമേയവും കഥയും ശക്തമാക്കുകയും ചെയ്യാന്‍ കഴിഞ്ഞുവെന്നത് അണിയറപ്രവര്‍ത്തകരുടെ വിജയം തന്നെയാണ്. ആക്ഷേപഹാസ്യം എന്ന ജോണറില്‍ ഉള്‍പ്പെടുത്താവുന്ന ചിത്രം കൂടിയാണ് അയ്യര്‍ ഇന്‍ അറേബ്യ.
തിയേറ്ററിലുടനീളം പ്രേക്ഷകരെ പിടിച്ചിരുത്താന്‍ പോന്ന തരത്തിലുള്ള ഛായാഗ്രഹണം, സംഗീത സംവിധാനം എന്നിവ ചിത്രത്തിന്റെ ഹെലൈറ്റ് ഘടകങ്ങളാണ്. നര്‍മ്മത്തില്‍ പൊതിഞ്ഞെത്തിയ ചിത്രത്തിന്റെ ട്രെയിലര്‍ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. സിനിമയുടെ ട്രെയിലര്‍ ഇറങ്ങുമ്പോള്‍ തന്നെ അതേ പറ്റിയുളള ചര്‍ച്ചകള്‍ വ്യാപകമാകുന്ന കാലം കൂടിയാണിത്. എന്നാല്‍ ഇവിടെ സ്ഥിതി വ്യത്യസ്തമാണ്. പ്രമേയമെന്തെന്ന ഒരു സൂചനയും തരാത്ത തരത്തിലാണ് ട്രെയിലര്‍ പുറത്തിറക്കിയിരുന്നത്. ട്രെയിലറിന് അപ്പുറം എന്തെന്ന് അറിയണമെങ്കില്‍ തിയേറ്ററില്‍ എത്തി ഈ ചിത്രം കാണുകയെന്ന പോംവഴി മാത്രമേയുള്ളൂ.
Content Highlights: iyer in arabia movie review, urvasi, mukesh, dhyan sreenivasan, shine tom chacko , durga krishna
Published: 02 Feb 2024, 03:19 pm IST
ABOUT THE AUTHOR
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented