അരവിന്ദന്റെയും റസിയയുടേയും പ്രണയം ഒരു സൈഡിലൂടെ പോകുമ്പോൾ സമാന്തരമായി മുരുകന്റെയും അയാളുടെ നഷ്ടപ്രണയത്തിന്റെ കഥയും പ്രേക്ഷകർക്ക് മുന്നിലെത്തുന്നുണ്ട്.

ഒരു രാത്രി മുഴുവൻ നീണ്ടുനിൽക്കുന്ന സംഭവങ്ങൾ ഉൾക്കൊള്ളിച്ചുള്ള സിനിമകൾ ഇതിനുമുൻപും വന്നിട്ടുണ്ട്. എന്നാൽ അവയിൽ പലതിനും പ്രമേയം കുറ്റകൃത്യങ്ങളോ, ദുരൂഹതയോ ആയിരിക്കും. അതിൽ നിന്നെല്ലാം വ്യത്യസ്തമായി ഒരു രാത്രി തമാശകളും പ്രണയവും നിറഞ്ഞതാണെങ്കിലോ? അതിനുള്ള ഉത്തരമാണ് ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്ത ഭീഷ്മർ എന്ന ചിത്രം. അൻസാജ് ഗോപിയുടേതാണ് കഥ. ചിരിയും പ്രണയവും ചിന്തയുമായാണ് ചിത്രം തിയേറ്ററുകളിലെത്തിയിരിക്കുന്നത്.
പാലക്കാടാണ് സിനിമയുടെ കഥാപശ്ചാത്തലം. പച്ചക്കറി കച്ചവടം നടത്തുന്ന മുരുകനും കൂട്ടരുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. ഒരു ദിവസംരാത്രി മുരുകന്റെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി കടന്നുവരുന്ന അരവിന്ദൻ എന്ന ചെറുപ്പക്കാരൻ. പിന്നാലെ ഇയാൾ സ്നേഹിക്കുന്ന റസിയ എന്ന പെൺകുട്ടിയും. അരവിന്ദന്റെയും റസിയയുടേയും പ്രണയത്തിൽ മുരുകൻ ഇടപെടുന്നതോടെയാണ് ചിത്രം ഗിയർ മാറ്റുന്നത്. ഇവർക്കിടയിലേക്ക് മറ്റുചിലർകൂടിയെത്തുന്നതോടെ ചിത്രം റോളർ കോസ്റ്റർ റൈഡുപോലെയാകുകയാണ്.
ഒന്നിലേറെ പ്രണയങ്ങളാണ് ഭീഷ്മർ ചർച്ച ചെയ്യുന്നത്. അരവിന്ദന്റെയും റസിയയുടേയും പ്രണയം ഒരു സൈഡിലൂടെ പോകുമ്പോൾ സമാന്തരമായി മുരുകന്റെയും അയാളുടെ നഷ്ടപ്രണയത്തിന്റെ കഥയും പ്രേക്ഷകർക്ക് മുന്നിലെത്തുന്നുണ്ട്. സിനിമയിലെ ഗൗരവതരമായ സന്ദർഭങ്ങളുള്ളതും ഇവരുടെ പ്രണയകഥയിലാണ്. ഈ രണ്ട് പ്രണയങ്ങളും എവിടെയെത്തുന്നു എന്നതും, ടൈറ്റിലിലെ 'ഭീഷ്മർ' ആരാണ് എന്നുള്ളതുമാണ് ചിത്രത്തിന്റെ രസകരമായ വസ്തുതകൾ. ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷൻസിന്റെ ബാനറിൽ നിർമിക്കുന്ന എട്ടാമത്തെ ചിത്രമാണിത്.
ധ്യാൻ ശ്രീനിവാസനാണ് മുരുകൻ എന്ന നായകകഥാപാത്രമായെത്തുന്നത്. ഇയാളിലൂടെയാണ് മറ്റുകഥാപാത്രങ്ങളെ സംവിധായകൻ പ്രേക്ഷകരിലേക്കെത്തിക്കുന്നത്. മുരുകന്റെ പ്രണയവും പ്രണയത്തകർച്ചയും നിസ്സഹായതയും മാസ് പരിവേഷവുമെല്ലാം ധ്യാനിൽ ഭദ്രമായിരുന്നു. പ്രേക്ഷകർക്ക് അധികം പിടിതരാത്ത അരവിന്ദൻ എന്ന വേഷം വിഷ്ണു ഉണ്ണിക്കൃഷ്ണൻ മികച്ചതാക്കി. ഈ രണ്ടു കഥാപാത്രങ്ങൾ കണ്ടുമുട്ടുന്നതാണ് ചിത്രത്തിന്റെ ടേണിങ് പോയിന്റ്. സുൽത്താനായെത്തിയ ഉണ്ണി ലാലുവിന്റേതും കരിയറിലെ വ്യത്യസ്തമായ കഥാപാത്രമായിരുന്നു.
എടുത്തുപറയേണ്ട രണ്ടുപേർ ദിവ്യാ പിള്ളയും അമേരയുമാണ്. ഗോപിക എന്ന കഥാപാത്രത്തിന്റെ മാനസിക സംഘർഷങ്ങൾ ദിവ്യാ പിള്ള കയ്യടക്കത്തോടെ അവതരിപ്പിച്ചിട്ടുണ്ട്. നിസ്സഹായത, പേടി, പ്രണയം, ധൈര്യം എന്നിവയെല്ലാം കൂടിക്കലർന്ന കഥാപാത്രമാണിത്. മുരുകന്റെ ജീവിതവുമായി ഗോപിക എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നത് ചിത്രത്തിന്റെ മർമപ്രധാനമായ ഭാഗമാണ്. അമേര അവതരിപ്പിച്ച റസിയ എന്ന കഥാപാത്രവും അങ്ങനെതന്നെ. ഒറ്റരാത്രിയിൽ മുരുകൻ എന്ന നായകകഥാപാത്രത്തിന്റെ ജീവിതത്തിൽ ഈ രണ്ട് കഥാപാത്രങ്ങളുമുണ്ടാക്കുന്ന സ്വാധീനം വളരെ വലുതാണ്.
ഇന്ദ്രൻസ്, ഉണ്ണി ലാലു, ഷാജു ശ്രീധർ, അഖിൽ കവലയൂർ, സെന്തിൽ കൃഷ്ണ, ജിബിൻ ഗോപിനാഥ്, വിനീത് തട്ടിൽ, സന്തോഷ് കീഴാറ്റൂർ, ബിനു തൃക്കാക്കര, മണികണ്ഠൻ ആചാരി, അബു സലിം, ജയൻ ചേർത്തല, സോഹൻ സീനുലാൽ, വിഷ്ണു ഗ്രൂവി, ശ്രീരാജ്, ഷൈനി വിജയൻ, സ്മൃതി പാണ്ഡേ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
പശ്ചാത്തലത്തിൽ പ്രവർത്തിച്ചിരിക്കുന്ന സാങ്കേതിക പ്രവർത്തകരും അഭിനന്ദനമർഹിക്കുന്നുണ്ട്. രതീഷ് റാമിന്റെ ഛായാഗ്രഹണവും ജോൺകുട്ടിയുടെ എഡിറ്റിങ്ങും രഞ്ജിൻ രാജിന്റെ സംഗീതവും ചിത്രത്തിന് മുതൽക്കൂട്ടാണ്. ഒ.എം. കരുവാരക്കുണ്ട് രചിച്ച് കെ.എ. ലത്തീഫ് ഈണമിട്ട പാൽനിലാപ്പുഞ്ചിരി എന്ന സൂപ്പർഹിറ്റ് ഗാനം പുതുരൂപത്തിൽ അവതരിപ്പിച്ചതും ശ്രദ്ധേയമായിട്ടുണ്ട്. പ്രണയവും മനോഹര ഗാനങ്ങളും തമാശകളും നിറഞ്ഞ് ചിത്രം കാണാനാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ ഭീഷ്മർക്ക് ടിക്കറ്റെടുക്കാം.
Content Highlights: Directed by East Coast Vijayan, 'Bhishmar' is an engaging entertainer featuring Dhyan Sreenivasan and Vishnu Unnikrishnan that explores love and humor through a series of events unfolding over a single night in Palakkad.
Published: 20 Mar 2026, 01:36 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented