
നാട്ടിന്‍പുറങ്ങളും അവിടുത്തെ ഉത്സവങ്ങളും പ്രമേയമായ മലയാളത്തില്‍ നിരവധി സിനിമകള്‍ വന്നിട്ടുണ്ടെങ്കിലും അതില്‍ നിന്നെല്ലാം തീര്‍ത്തും വ്യത്യസ്തമാണ് 'ഭഗവാന്‍ ദാസന്റെ രാമരാജ്യം'. സിനിമയുടെ പേര്പോലെ തന്നെ വ്യത്യസ്തമായി തന്നെയാണ് കഥയേയും അരങ്ങിലെത്തിച്ചതെന്നത് എടുത്തുപറയേണ്ട കാര്യമാണ്. വണ്ണാത്തിക്കാവ് എന്ന നാട്ടിന്‍പുറത്തെ ഉത്സവത്തിന്റെ ഐതിഹ്യം പറഞ്ഞുകൊണ്ടാണ് സിനിമയുടെ തുടക്കം.
ആചാരങ്ങളില്‍ അടിച്ചുറച്ചു വിശ്വസിക്കുന്ന ഒരു കൂട്ടം മനുഷ്യരാണ് വണ്ണാത്തിക്കാവിലെ ഉത്സവം കൊണ്ടാടുന്നത്. വ്രതം നോറ്റ് ഹനുമാന്‍ വേഷധാരിയായി അവര്‍ രാമന്റെ അനുയായികളായി മാറുന്നുവെന്നാണ് നാടിന്റെ സങ്കല്‍പം. രാവണനിഗ്രഹത്തോടെയാണ് വണ്ണാത്തിക്കാവിലെ ഉത്സവം അവസാനിക്കുന്നത്. യാഥാര്‍ത്ഥ്യത്തേയും ഫാന്റസിയേയും കൂടിക്കലര്‍ത്തിയുള്ള നാടോടിക്കകഥയുടെ ആഖ്യാനരീതിയിലാണ് സിനിമ പ്രേക്ഷകന് മുന്നിലെത്തുന്നത്. തികച്ചും ലളിതമായ കഥയിലൂടെ സിനിമ സംസാരിക്കുന്നത് സമകാലിക രാഷ്ട്രീയാവസ്ഥയെക്കുറിച്ചാണ്.
വണ്ണാത്തിക്കാവിലെ സംസ്‌കാരിക നായകനും മുതിര്‍ന്ന നാടകപ്രവര്‍ത്തകനുമായ കുഞ്ഞിരാമന്റെ മരണത്തില്‍ നിന്നാണ് കഥയുടെ ചുരുളഴിയുന്നത്. നാടിന്റെ സംസ്‌കാരിക വളര്‍ച്ചയില്‍ കുഞ്ഞിരാമന്‍ സംഭാവന നല്‍കിയ കലാസമിതിയും അതിനെ തകര്‍ക്കാനുള്ള ശ്രമങ്ങളും സിനിമയിലുടനീളം കാണാം. അദ്ദേഹത്തോടുള്ള ആദര സൂചകമായി അദ്ദേഹം രൂപപ്പെടുത്തിയ രാമരാജ്യം ബാലെ അരങ്ങിലെത്തിക്കാന്‍ ശ്രമിക്കുന്നതും അതിനെ ചുറ്റിപ്പറ്റിയുണ്ടാകുന്ന പ്രശ്‌നങ്ങളുമാണ് കഥാതന്തു.
ഭഗവാന്‍ ദാസന്‍ എന്ന മുതിര്‍ന്ന നാടകപ്രവര്‍ത്തകന്റെ വേഷം തന്മയത്തോടെ അരങ്ങിലെത്തിച്ചിരിക്കുന്നത് ടി.ജി.രവിയാണ്. പ്രശാന്ത് മുരളി അവതരിപ്പിച്ച നെഗറ്റീവ് ടച്ചുള്ള സുമേഷ് എന്ന കഥാപാത്രവും പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി. കഥയെ ഫാന്റസിയുമായി കൂടി കലര്‍ത്തുന്ന സന്ദര്‍ഭങ്ങളില്‍ പ്രശാന്ത് മുരളിയെന്ന നടന്റെ അനന്തമായ സാധ്യതകളെ സ്‌ക്രീനില്‍ തെളിച്ചത്തോടെ കാണാം.അക്ഷയ് രാധാകൃഷ്ണനും നന്ദന രാജനും തങ്ങളുടെ വേഷം മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട്.
സമകാലിക പ്രശ്‌നങ്ങളോട് ഉച്ചത്തില്‍ സംസാരിക്കുന്ന തികഞ്ഞ പൊളിറ്റിക്കല്‍ സറ്റയറായാണ് റഷീദ് പറമ്പില്‍ സിനിമയുടെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്.വെറുമൊരു ഉത്സവക്കഥയായി സിനിമയെ ലളിതവത്ക്കരിക്കുക സാധ്യമല്ല. പ്രേക്ഷകനോട് കൃത്യമായി രീതിയില്‍ സൂക്ഷ്മരാഷ്ട്രീയം ചര്‍ച്ച ചെയ്യുവാനും സിനിമയ്ക്ക് കഴിയുന്നുണ്ട്. സിനിമയെന്ന കാഴ്ച, അനുഭവം ,നാടകത്തിന്റെ ഫാന്റസി മൂഡ് എന്നിവയെല്ലാം ചേര്‍ന്ന വ്യത്യസ്തമായൊരു തിയേറ്റര്‍ അനുഭവം നല്‍കാന്‍ ഭഗവാന്‍ ദാസന്റെ രാമരാജ്യത്തിന് കഴിയുന്നുണ്ട്.
സിനിമയ്ക്കുള്ളിലെ നാടകമെന്നു വേണമെങ്കിലും സിനിമയെ വിശേഷിപ്പിക്കാന്‍ കഴിയും. കലാപ്രവര്‍ത്തനത്തിലൂടെ വിപ്ലവം സൃഷ്ടിച്ചവരുടെ മുന്നില്‍ കലയെ മതത്തിലേയ്ക്ക് ചുരുക്കിക്കളയാന്‍ ശ്രമിക്കുന്ന ഒരു കൂട്ടം മനുഷ്യര്‍ നടക്കുന്ന കോലഹലങ്ങളും സിനിമയിലുണ്ട്. സിനിമയില്‍ വിഷ്ണു ശിവശങ്കറിന്റെ സംഗീതവും എടുത്തു പറയേണ്ട ഒന്നാണ്. ജാതിയും മതവും മനുഷ്യനെ വേര്‍തിരിച്ചുകാണുന്നതിനെതിരെയാണ് ഫെബിന്‍ സിദ്ധാര്‍ഥിന്റെ തിരക്കഥ സംസാരിക്കുന്നത്. കഥാപാത്രങ്ങളുടെ വസ്ത്രാലാങ്കാരവും സിനിമയുടെ ഫാന്റസി ലുക്കിനെ പൂര്‍ണതയിലെത്തിക്കുന്നുണ്ട്.
തങ്ങളുടെ അഭിപ്രായങ്ങളില്‍ വ്യക്തതയുള്ള സ്ത്രീകഥാപാത്രങ്ങളും സ്‌ക്രീനിലെത്തുന്നുണ്ട്. സംഘട്ടനരംഗങ്ങളില്‍ പുരുഷകഥാപാത്രങ്ങള്‍ക്ക് പൊതുവേ പ്രാധാന്യം കൊടുത്തുകാണുമ്പോള്‍ കൃത്യമായി പ്രതികരിക്കുന്ന സ്ത്രീകളും ഇതിലുണ്ട്. തന്നെ അപമാനിക്കുവാന്‍ ശ്രമിച്ചയാളെ റോഷ്‌ന ആന്‍ റോയിയുടെ കഥാപാത്രം എടുത്ത് ചവിട്ടുന്ന രംഗം കൈയ്യടി വാങ്ങുന്നുണ്ട്. സാമൂഹിക മാധ്യമങ്ങളിലും പോസ്റ്റുകളിലും മതസൗഹാര്‍ദ്ദത്തെക്കുറിച്ചും സ്ത്രീപക്ഷരാഷ്ട്രീയത്തെക്കുറിച്ചും സംസാരിക്കുന്നവര്‍ യാഥാര്‍ത്ഥജീവിതത്തില്‍ അതെല്ലാം അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നതിനേയും സിനിമ പരിഹസിക്കുന്നുണ്ട്. നമ്മുടെ കാലത്തോട് കൃത്യമായി സംവേദിക്കുകയും ചിരിച്ചുകൊണ്ട് പ്രതികരിക്കുകയും ചെയ്യുന്നത് മികച്ചൊരു തീയേറ്റര്‍ അനുഭവം തന്നെയാണ് ഭഗവാന്‍ ദാസന്റെ രാമരാജ്യം.
Content Highlights: Bhagavan Dasante Ramarajyam review,Bhagavan Dasante Ramarajyam,Rashid Parambil,Akshay Radhakrishnan
Published: 21 Jul 2023, 03:58 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented