മലയാളിക്ക് മോഹൻലാലിനെപ്പോലെയാണ് നിവിൻ പോളി. നിവിൻ ചിരിച്ചാൽ നമ്മൾ ചിരിക്കും. നിവിൻ കരഞ്ഞാൽ പ്രേക്ഷകൻ കരയും. സ്‌ക്രീനിൽ അയാളുടെ പ്രണയവും പ്രണയനഷ്ടവും കോപവും സന്തോഷവും ദുഃഖവുമെല്ലാം പ്രേക്ഷകനും അനുഭവിക്കും. ഫഹദ് ഫാസിൽ പറഞ്ഞതുപോലെ, അത്തരത്തിൽ നിവിൻ പോളിയുടെ ടെയ്‌ലർ മെയ്ഡ് കഥാപാത്രമാണ് 'ബെത്‌ലഹേം കുടുംബ യൂണിറ്റി'ലെ ജസ്റ്റിൻ. ഗിരീഷ് എ.ഡിയുടെ സംവിധാനത്തിലുള്ള ചിത്രം പ്രേക്ഷകർക്ക് അവന്റെതുതന്നെയായി അനുഭവിക്കാൻ കഴിയും.

To advertise here,

സിനിമാ പ്രേമികൾ ഓണക്കാലത്ത് ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് 'ബെത്‌ലഹേം കുടുംബ യൂണിറ്റ്'. 'പ്രേമലു'വിന് ശേഷം ഫഹദ് ഫാസിലും ദിലീഷ് പോത്തനും ശ്യാം പുഷ്‌കരനും ചേർന്ന് നിർമിക്കുന്ന ചിത്രം. ഗിരീഷ് എ.ഡി, നിവിൻ പോളിയുമായി ഒന്നിക്കുന്ന ചിത്രം. നിവിൻ പോളിയും മമിത ബൈജുവും ഒന്നിക്കുന്ന ചിത്രം. 'പ്രേമലു'വിന് ശേഷം അന്യഭാഷകളിൽ ചുവടുറപ്പിച്ച ശേഷം മലയാളത്തിൽ പുറത്തിറങ്ങുന്ന മമിത ബൈജു ചിത്രം. ഗിരീഷിന്റെ സംവിധാനത്തിൽ മമിത വീണ്ടും നായികയാവുന്ന ചിത്രം. ഭാവന സ്റ്റുഡിയോസും നിവിനും ആദ്യമായി ഒന്നിക്കുന്ന ചിത്രം. അങ്ങനെ, 'പ്രേമലു'വുമായി ബന്ധപ്പെടുത്തി ഒട്ടേറെ പ്രത്യേകതകളുള്ള ചിത്രമാണ് 'ബെത്‌ലഹേം കുടുംബ യൂണിറ്റ്'.

മലയാളത്തിൽ റോം- കോം ഗണത്തിൽ ഒരുപാട് ചിത്രങ്ങൾ ഉണ്ടെങ്കിലും അവയിൽ വിജയിച്ചവയും പ്രേക്ഷകർ ഓർത്തിരിക്കുന്നവയും വളരെ വിരളമാണ്. ഒരു റോം- കോം ചിത്രമെടുത്ത് ഫലിപ്പിക്കുക എന്നത് പലപ്പോഴും ബുദ്ധിമുട്ടേറിയ കാര്യമാണ്. അവിടെയാണ് തുടർച്ചയായി ഗിരീഷ് എ.ഡി. വിജയം കണ്ടെത്തുന്നത്. മലയാളത്തിൽ എണ്ണം പറഞ്ഞ റോം- കോമുകളുടെ നിരയിലേക്ക് ഉയർന്ന ചിത്രങ്ങളാണ് ഗിരീഷിന്റെ 'തണ്ണീർ മത്തൻ ദിനങ്ങളും', 'പ്രേമലു'വും. അവയിലേക്ക് ഒരെണ്ണം കൂടെ ചേർക്കപ്പെടുകയാണ് 'ബെത്‌ലഹേം കുടുംബ യൂണിറ്റി'ലൂടെ.

കംപ്ലീറ്റ് എന്റർടെയ്‌നറാണ് 'ബെത്‌ലഹേം കുടുംബ യൂണിറ്റ്'. പ്രണയവും കോമഡിയുമാണ് ചിത്രത്തെ മുന്നോട്ടുനയിക്കുന്നത്. തന്നേക്കാൾ 12 വയസ്സിലേറെ പ്രായമുള്ള അയൽവാസിയുമായി പ്രണയത്തിലാവുന്ന കോളേജ് വിദ്യാർഥിനിയുടെ കഥയാണ് ചിത്രത്തിന്റേത്. ശുഭപര്യവസായിയായ കഥാതന്തുവാണ് ചിത്രത്തിന്റേത്. എന്നാൽ, അതിലേക്ക് എത്താൻ സഞ്ചരിക്കുന്ന വഴികളാണ് ചിത്രത്തിന്റെ തിയേറ്റർ അനുഭവത്തെ പൂർണമാക്കുന്നത്.

അങ്കമാലി- കറുകുറ്റി ഭാഗത്തായാണ് ചിത്രത്തിന്റെ കഥ സംഭവിക്കുന്നത്. കഥാപാത്രങ്ങളുടെ പശ്ചാത്തലം മാറ്റിനിർത്തിയാൽ, എല്ലാ അയൽപക്കങ്ങളിലും കാണാൻ കഴിയുന്നവരാണ് ഇവർ ഓരോരുത്തരും. പൂർത്തികരിക്കപ്പെടാതെ പോയ പ്രണയത്തിന്റെ പേരിൽ കല്യാണം കഴിക്കാതെ നിൽക്കുന്ന ജസ്റ്റിൻ ആണ് ചിത്രത്തിലെ നായകൻ. അയാൾ ഒരു നാട്ടിലേവർക്കും പ്രിയപ്പെട്ടവനായി സ്വൽപം ബിസിനസും മറ്റുമായി ജീവിച്ചു പോകുന്നു. നായകന്റെ കുടുംബം ഉൾപ്പെടുന്ന 'ബെത്‌ലഹേം കുടുംബ യൂണിറ്റി'ലേക്ക് താമസം മാറി വരുന്നതാണ് മമിത അവതരിപ്പിക്കുന്ന ആഷ്‌ലി എന്ന കഥാപാത്രം. ഇവർ പ്രണയത്തിലാവുകയും പിന്നീട് നേരിടേണ്ടിവരുന്ന ബുദ്ധിമുട്ടുകളുമാണ് ചിത്രത്തിന്റെ പ്രമേയം.

ജസ്റ്റിന്റെ സഹോദരന്റെ വേഷത്തിലാണ് സംഗീത് പ്രതാപ്. ജസ്റ്റിന്റെ സുഹൃത്തായി, വിവാഹിതനല്ലാത്ത മധ്യവയസ്‌ക കഥാപാത്രമായി സുരേഷ് കൃഷ്ണ, അർധസഹോദരങ്ങളായി സ്രിന്ദ, മീനാക്ഷി തുടങ്ങിയവരും എത്തുന്നു. ബിന്ദു പണിക്കർ, വിനയ് ഫോർട്ട്, ഷമീർ ഖാൻ, ജയശങ്കർ കരിമുട്ടം, തങ്കം മോഹൻ, വെട്ടുകിളി പ്രകാശ്, റോഷൻ ഷാനവാസ്, പാർവതി അയ്യപ്പദാസ്, ശ്യാം മോഹൻ, ജാസർ, ചെമ്പിൽ അശോകൻ തുടങ്ങി ഒട്ടേറെ മികച്ച അഭിനേതാക്കൾ ചിത്രത്തിലുണ്ട്. ചിത്രത്തിന്റെ നിർമാതാവ് കൂടിയായ തിരക്കഥാകൃത്ത് ശ്യാം പുഷ്‌കരൻ അതിഥിവേഷത്തിലുണ്ട്.

കിരൺ ജോസിയും ഗിരീഷ് എ.ഡിയും ചേർന്നാണ് ചിത്രം രചിച്ചിരിക്കുന്നത്. വളരെ നേർത്ത തന്തുവിനെ, രണ്ടരമണിക്കൂറിലേറെയുള്ള കംപ്ലീറ്റ് എന്റർടെയ്‌നറായി മാറ്റിയെടുത്ത തിരക്കഥാ രചനയിലെ കൈയടക്കത്തിന് വലിയ കൈയടി അർഹിക്കുന്നുണ്ട്. പാക്ക്ഡ് ആണ് സിനിമ. ഒരു നിമിഷം പോലും അനാവശ്യമായി ചിത്രത്തിൽ സംഭവിക്കുന്നില്ല. ഓരോ നിമിഷവും പ്രേക്ഷകനെ ചിത്രം എൻഗേജ് ചെയ്തു നിർത്തുകയും ചെയ്യുന്നു. സ്വാഭാവികമായ കോമഡികളും ചിത്രത്തെ മികച്ചതാക്കുന്നു.

അജ്മൽ സാബുവാണ് ഛായാഗ്രഹണം. വിഷ്ണു വിജയ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നു. ആകാശ് ജോസഫ് വർഗീസ് ആണ് എഡിറ്റർ. വേർതിരിച്ചറിയാനാകാത്തവിധം ഇവ മൂന്നും ചിത്രവുമായി ഒട്ടിച്ചേർന്നു നിൽക്കുന്നു എന്നത് തന്നെയാണ് മൂവരുടെയും വിജയം. ചിത്രത്തിനാകെയുള്ള ഫീൽഗുഡ് വൈബ് നിലനിർത്താൻ അണിയറ പ്രവർത്തകർക്ക് സാധിക്കുന്നു എന്നാണ് സവിശേഷത. ഇവർക്കൊപ്പം ആഷിക് എസ് (ആർട്ട് ഡയറക്ടർ), ധന്യാ ബാലകൃഷ്ണൻ (വസ്ത്രാലങ്കാരം), റോണക്‌സ് സേവ്യർ (മേക്കപ്പ്) എന്നിവരും പ്രത്യേക പരാമർശം അർഹിക്കുന്നുണ്ട്. പ്രേക്ഷകർ കൊതിക്കുന്ന തരത്തിൽ വളരെ മനോഹരമായാണ് നിവിനെയും മമിതയെയും സ്‌ക്രീനിൽ അവതരിപ്പിച്ചിരിക്കുന്നത്. ഇരുവരെയും കണ്ടിരിക്കുന്നത് തന്നെ പ്രേക്ഷകന് സുഖകരമായ അനുഭവമായി മാറുന്നു.

ക്ലീൻ കോമഡികളാണ് 'ബെത്‌ലഹേം കുടുംബ യൂണിറ്റി'ന്റെ വലിയ ശക്തി. ഓണക്കാലത്ത് കുടുംബ സമേതവും തനിച്ചുമെല്ലാം വിശ്വസിച്ച് ടിക്കറ്റ് എടുക്കാൻ കഴിയുന്ന ചിത്രം. പുതിയ ഭാഷയിൽ പറഞ്ഞാൽ, ഈ 'ഓണം തൂക്കാനുള്ള' എല്ലാ ഘടകങ്ങളും അടങ്ങിയ ക്ലീൻ എന്റർടെയ്‌നറാണ് 'ബെത്‌ലഹേം കുടുംബ യൂണിറ്റ്'.