ആനന്ദം പരമാനന്ദം ചിത്രത്തിന്റെ പോസ്റ്റർ
ഗൗരവമാര്‍ന്ന പ്രമേയവും നുറുങ്ങു തമാശകളും നിറഞ്ഞ ഒരു കുടുംബ ചിത്രമാണ് ക്രിസ്മസ് റിലീസായി തിയേറ്ററിലെത്തിയ 'ആനന്ദം പരമാനന്ദം.' ഹിറ്റ് സംവിധായകന്‍ ഷാഫിയുടെ മലയാളത്തിലെ വ്യത്യസ്തമായ ഒരു കൈയൊപ്പ്. ഇന്ദ്രന്‍സും ഷറഫുദ്ദീനും അനഘ നാരായണനും അജു വര്‍ഗീസും അവതരിപ്പിക്കുന്ന കേന്ദ്ര കഥാപാത്രങ്ങള്‍, ക്രിസ്മസ് ആഘോഷിക്കുന്നവര്‍ക്കൊരു വിരുന്നൊരുക്കാന്‍ തന്നെയാണ് വന്നത്.
പാലക്കാടിന്റെ ചേതോഹരമായ ഗ്രാമീണ പശ്ചാതലത്തിലൊരുക്കിയ സിനിമ നയന മനോഹരമായ ദൃശ്യാനുഭവമാണ് പ്രേക്ഷകര്‍ക്ക് സമ്മാനിക്കുക. മനോഹരമായ ഒരു കുന്നിനു താഴെ എങ്ങും പച്ചപ്പു നിറഞ്ഞ ഭൂമി. പ്രകൃതി കനിഞ്ഞനുഗ്രഹിച്ചൊരിടം. അവിടെ കെട്ടിയുയര്‍ത്തിയ കള്ളുഷാപ്പില്‍നിന്നാണ് കഥയാരംഭിക്കുന്നത്. അതിനെ ചുറ്റിപ്പറ്റിത്തന്നെയാണ് കഥയുടെ പുരോഗമനവും. പാലക്കാടിന്റെ ഗ്രാമ്യ ഭംഗി അതിന്റെ തന്മയത്വത്തോടെത്തന്നെ ഒപ്പിയെടുത്തിട്ടുണ്ട് ക്യാമറാമാന്‍ മനോജ് പിള്ളൈ.
മദ്യപാനം ആരോഗ്യത്തെയും കുടുംബ ജീവിതത്തെയുമൊക്കെ താറുമാറാക്കുമെന്ന കഥ തന്നെയാണ് ഈ സിനിമയും പറഞ്ഞുവയ്ക്കുന്നത്. അതുകൊണ്ടുതന്നെ പ്രമേയത്തില്‍ പുതുമയൊന്നുമില്ല. എന്നിട്ടും ചിത്രം പ്രേക്ഷകരെ സ്പര്‍ശിച്ചത്, അതിന്റെ വേറിട്ട അവതരണ രീതി കാരണമാണ്. രചന നിര്‍വഹിച്ച എം. സിന്ധുരാജിനും പ്രത്യേകം കൈയടികള്‍ നല്‍കാം.
ദിവാകര കുറുപ്പായെത്തുന്ന ഇന്ദ്രന്‍സ്, മുഴു കുടിയനായ ഒരു കുടുംബനാഥനാണ്. നേരം വെളുത്തതു മുതല്‍ സന്ധ്യ മയങ്ങുന്നതുവരെ മിക്കവാറും അയാള്‍ ഷാപ്പിലായിരിക്കും. കുടിച്ച് ബോധം മറഞ്ഞേ രാത്രിയെന്നും വീട്ടിലെത്തൂ. തുടര്‍ന്ന് ടി.വി.യും തുറന്നുവെച്ച് സോഫയില്‍ക്കിടന്ന് മയങ്ങും. രാവിലെ വീണ്ടും പതിവു പരിപാടി. ദിവാകര കുറുപ്പിന്റെ മകളായ അനുപമയെ (അനഘ നാരായണന്‍) കുടിയനായ ഗിരീഷ് (ഷറഫുദ്ദീന്‍) വിവാഹം കഴിക്കുന്നു. ഇതേത്തുടര്‍ന്നുണ്ടാകുന്ന കുടുംബ പ്രശ്‌നങ്ങളും മാനസിക വിഭ്രാന്തിയും നിറഞ്ഞ രംഗങ്ങളാണ് സിനിമ. ഒറ്റക്കാഴ്ചയില്‍ത്തന്നെ ടൊവിനോ ചിത്രം തീവണ്ടിയുമായി സിനിമയ കണക്ട് ചെയ്യാനാവും. രണ്ടിന്റെയും പ്രമേയം ഏതാണ്ട് ഒന്നുതന്നെയാണെങ്കിലും അവതരിപ്പിച്ച രീതി വ്യത്യസ്തം.
ആദ്യപകുതിയില്‍ ഇന്ദ്രന്‍സും രണ്ടാം പകുതിയില്‍ ഷറഫുദ്ദീനും നിറഞ്ഞു നില്‍ക്കുന്നതാണ് ചിത്രം. ഇവര്‍ രണ്ടുപേര്‍ക്കുമിടയിലെ നൂല്‍പ്പാലം എന്ന പോലെ പ്രവര്‍ത്തിക്കുന്നതാണ് അജു വര്‍ഗീസിന്റെ കഥാപാത്രം. മുളകിട്ട ഗോപി എന്നു നാട്ടുകാര്‍ വിളിക്കുന്ന അജു വര്‍ഗീസ് ചിത്രത്തില്‍ ഒന്നാന്തരം പാചകക്കാരനായുള്ള ഒരു മുഴുനീള കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. അല്ലറ ചില്ലറ തരികിടകളും തമാശകളുമായി ബൈജു സന്തോഷിന്റെ കഥാപാത്രവും ചിത്രത്തിന്റെ മാറ്റ് കൂട്ടുന്നു. സിനോജ് വര്‍ഗീസ്, വനിത കൃഷ്ണചന്ദ്രന്‍, സുര്‍ജിത്, സാദിഖ് എന്നിവരും ചിത്രത്തെ സമ്പന്നമാക്കുന്നുണ്ട്.
തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രത്തിലെ കണ്ടെത്തലാണ് അനഘ നാരായണന്‍. ഈ ചിത്രത്തിലും പ്രേക്ഷകരുടെ മനം കീഴടക്കുന്ന പ്രകടനങ്ങള്‍ അവരില്‍നിന്ന് കാണാം. കൂടാതെ ഷറഫുദ്ദീന്റെ കഥാപാത്രത്തിന്റെ അമ്മയായെത്തുന്ന നിഷ സാരംഗും ഒരു പുതിയ ഭാവുകത്വത്തെ മലയാള സിനിമയിലേക്ക് കൊണ്ടുവന്നിട്ടുണ്ട്. മലയാളത്തില്‍ കണ്ടിട്ടില്ലാത്ത, വ്യത്യസ്തയായ ഒരമ്മയെ ഇവരില്‍ കാണാം. അമ്മ സ്‌നേഹമാണ്, സമര്‍പ്പണമാണ്, നമ്മെ ഒരിക്കലും വിട്ടുപോകില്ലെന്നുറപ്പുള്ള സത്യമാണ് എന്ന സാമൂഹിക പരികല്‍പനകളുടെയൊക്കെ മറുപുറമാണ് ഈയമ്മ.
ഗൗരവമാര്‍ന്ന ഒരു പ്രമേയം കൈകാര്യം ചെയ്യുമ്പോള്‍ത്തന്നെ അല്പം ചില തമാശകളും ചിത്രത്തില്‍ ഉള്‍ച്ചേര്‍ത്തിട്ടുണ്ട്. ഷാഫി സ്പര്‍ശമുള്ള സിനിമയില്‍ പ്രേക്ഷകര്‍ അത് അനിവാര്യമായും പ്രതീക്ഷിക്കുന്നുമുണ്ട്. പക്ഷേ, ഷാഫിയുടെ മുന്‍ ചിത്രങ്ങള്‍പോലെ പൊട്ടിച്ചിരിപ്പിക്കുന്ന, ഓര്‍ത്തോര്‍ത്തു ചിരിക്കാന്‍ വക നല്‍കുന്ന തമാശപ്പടമല്ല ആനന്ദം പരമാനന്ദം എന്നുകൂടി അറിയേണ്ടതുണ്ട്. അത്യാവശ്യം തമാശകളും റൊമാന്‍സും വൈകാരിക മുഹൂര്‍ത്തങ്ങളും ഉള്‍ക്കൈാണ്ട രണ്ടര മണിക്കൂറാണിത്. മദ്യപാനത്തിന്റെ കെടുതികളാണ് പറയുന്നതെങ്കില്‍ത്തന്നെയും പ്രേക്ഷകരെ സന്തോഷിപ്പിക്കുന്ന വിധത്തിലാണ് സിനിമയവസാനിക്കുന്നത്. ക്ലൈമാക്‌സ് രംഗം ഉള്ളിലൊരു നിര്‍വൃതി സമ്മാനിച്ചേ നമ്മെ തിയേറ്റര്‍ വിട്ടു പോകാന്‍ അനുവദിക്കൂ. ഒപ്പം കണ്ണുകള്‍ക്ക് ഒരല്‍പം നനവും.
പഞ്ചവര്‍ണത്തത്ത, ആനക്കള്ളന്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം സപ്ത തരംഗ് ക്രിയേഷന്‍സ് നിര്‍മിക്കുന്ന ചിത്രമാണ് ആനന്ദം പരമാനന്ദം. സിന്ധുരാജും ഷാഫിയും ഒന്നിക്കുന്ന ആദ്യ ചിത്രം എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. മനു രഞ്ജിതിന്റെ വരികള്‍ക്ക് ഷാന്‍ റഹ്‌മാനാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തോട് ഇഴചേര്‍ന്നു നില്‍ക്കുന്ന ഗാനവും പശ്ചാത്തല സംഗീതവും സിനിമയുടെ ആഴത്തിലേക്ക് നമ്മെ കൈപ്പിടിച്ചിരുത്തും.
Content Highlights: anandam paramanandam movie review sharafudheen shafi aju Varghese anagha narayanan
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..