23 വർഷത്തെ കാത്തിരിപ്പ് വെറുതെയായില്ല....നീണ്ട ഇടവേളയ്ക്ക് ശേഷം അച്ഛനും മകനും ഒരേ ഫ്രെയിമിൽ ഒന്നിക്കുമ്പോൾ മലയാള സിനിമയ്ക്ക് ലഭിച്ചത് നല്ല ഒന്നാന്തരം ഫീൽ ഗുഡ് അനുഭവം. മലയാളിക്ക് എക്കാലവും റിലേറ്റ് ചെയ്യാൻ കഴിയുന്ന ഒരുപിടി കഥാപാത്രങ്ങളെയാണ് ജയറാം മലയാള സിനിമയ്ക്ക് സമ്മാനിച്ചിട്ടുള്ളത്. മഴവിൽക്കാവടിയിലെ വേലായുധൻകുട്ടിയും, സന്ദേശത്തിലെ പ്രകാശനും, തൂവൽക്കോട്ടാരത്തിലെ പൊതുവാളുമെല്ലാം ഇന്നും മലയാളിയുടെ പ്രിയപ്പെട്ടവരാണ്. ഒരിടവേളയ്ക്ക് ശേഷം കുടുംബനാഥനായുള്ള ജയറാമിന്റെ തിരിച്ചുവരവാണ് ആശകൾ ആയിരം. മകനായി കാളിദാസ് തന്നെ എത്തുന്നത് സിനിമാപ്രേമികൾക്ക് ഇരട്ടിമധുരമാകുന്നു.

To advertise here,

അച്ഛൻ-മകൻ കെമിസ്ട്രിയാണ് സിനിമയുടെ ഏറ്റവും വലിയ ശക്തി. സിനിമാതാരമാകാൻ ആഗ്രഹിക്കുന്ന മകനെയും സാധാരണക്കാരനായ അച്ഛനെയും കേന്ദ്രീകരിച്ചാണ് കഥ മുന്നോട്ട് പോകുന്നത്. അച്ഛനും മകനും തമ്മിലുള്ള വൈകാരിക ബന്ധം, ചെറിയ തമാശകൾ, തുടർന്നുണ്ടാകുന്ന ആശയക്കുഴപ്പങ്ങൾ എന്നിവയാണ് ചിത്രത്തെ മുന്നോട്ട് നയിക്കുന്നത്. നർമരംഗങ്ങളാണ് ഒന്നാം പകുതിയുടെ ഹൈലൈറ്റ്. എങ്ങിനെയെങ്കിലും സിനിമയിലെത്തണമെന്ന ലക്ഷ്യത്തോടെ മുന്നോട്ട് പോകുന്ന അജീഷും, രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന ഹരിഹരനും തമ്മിലുണ്ടാകുന്ന ചെറിയ പ്രശ്നങ്ങൾ ഹാസ്യരൂപേണയാണ് ഒന്നാം പകുതിയിൽ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിലെ പ്രധാനപ്പെട്ട പ്ലോട്ട് പോയിന്റ് സംഭവിക്കുന്നതും ഒന്നാം പകുതിയിലാണ്.

രണ്ടാം പകുതിയോടെ ചിത്രത്തിന്റെ ട്രാക്ക് പതുക്കെ മാറുന്നു. ചെറിയ പ്രശ്നങ്ങളിൽ നിന്ന് ഇരുവരും തമ്മിലുള്ള ഉരസലുകൾ ശക്തമാകുന്നു. ഒരുഘട്ടത്തിൽ പരസ്പര പോരിലേക്ക് പോലും കാര്യങ്ങൾ എത്തുന്നിടത്ത് ചിത്രം പ്രേക്ഷകരെ പിടിച്ചിരുത്തുന്നു.

നർമ മുഹൂർത്തങ്ങളിലും വൈകാരിക രംഗങ്ങളിലും ജയറാമിന്റെയും കാളിദാസിന്റെയും മത്സരിച്ചുള്ള അഭിനയം തന്നെയാണ് ചിത്രത്തെ കൂടുതൽ മികച്ചതാക്കുന്നത്. തന്റെ സേഫ് സോണിൽ നിന്നുകൊണ്ട് പ്രേക്ഷകരെ പിടിച്ചിരുത്തുന്ന പ്രകടനമായിരുന്നു ജയറാമിന്റേത്. എന്നാൽ, യഥാർഥത്തിൽ ഞെട്ടിച്ചത് കാളിദാസ് ജയറാമായിരുന്നു. ചിത്രത്തിലെ പ്രധാനപ്പെട്ട വൈകാരിക നിമിഷങ്ങളെല്ലാം കയ്യടക്കത്തോടെ കാളിദാസ് കൈകാര്യം ചെയ്തു.

ആശാ ഹരിഹരനായി എത്തിയ ആശ ശരത്ത് തന്റെ വേഷം മികച്ചതാക്കി. ഷറഫുദ്ധീൻ, ഇഷാനി കൃഷ്ണ, രമേഷ് പിഷാരടി, കുഞ്ചൻ എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളെ മികച്ചതാക്കി.

ജി. പ്രജിത്ത് സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് അരവിന്ദ് രാജേന്ദ്രനും ജൂഡ് ആന്റണി ജോസഫും ചേർന്നാണ്. നർമം, ഗാനങ്ങൾ, വൈകാരിക രംഗങ്ങൾ എന്നിവയെല്ലാം മനോഹരമായി കോർത്തിണക്കി കുടുംബപ്രേക്ഷകർക്ക് ആസ്വദിക്കാനാകുന്ന തലത്തിൽ ചിത്രം ഒരുക്കിയത് സംവിധായകന്റെ വലിയ വിജയമാണ്.

ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്ടറായി പ്രവർത്തിച്ചിരിക്കുന്നതും ജൂഡ് ആന്റണി ജോസഫാണ്. ചിത്രത്തിന് അനുയോജ്യമായ ഫ്രെയിംസ് ഒരുക്കുന്നതിൽ സ്വരൂപ് ഫിലിപ്പിന്റെ ക്യാമറ നിർണായക പങ്ക് വഹിച്ചു. ചിത്രത്തിന് അനുയോജ്യമായ ഫ്രെയിംസ് ഒരുക്കുന്നതിൽ സ്വരൂപ് ഫിലിപ്പിന്റെ ക്യാമറ വഹിച്ച പങ്ക് വളരെ വലുതാണ്. മനു മഞ്ജിത്, ഹരിനാരായണൻ എന്നിവരുടെ വരികൾക്ക് സനൽ ദേവ് ഈണം നൽകിയ ഗാനങ്ങളും മികച്ചതായിരുന്നു. ഗാനങ്ങൾക്കെല്ലാം തീയ്യേറ്ററിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.