പ്രതീക്ഷകളുടെ കൊടുമുടിയ്ക്ക്  മീതെയാണ് ട്രാന്‍സ് എന്ന ഫഹദ് ഫാസില്‍ ചിത്രം തീയേറ്ററുകളില്‍ എത്തിയത്. ഏഴ് വര്‍ഷത്തിന് ശേഷം അന്‍വര്‍ റഷീദ്  സംവിധാനം ചെയ്യുന്ന ചിത്രം, ബാംഗ്ലൂര്‍ ഡേയ്‌സ്, പ്രേമം, പറവ എന്നീ ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങള്‍ക്കുശേഷം അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്‍മെന്റ് നിര്‍മിക്കുന്ന നാലാമത്തെ ചിത്രം, അമല്‍ നീരദിന്റെ ഛായാഗ്രഹണം, വിവാഹത്തിന് ശേഷം ആദ്യമായി ഫഹദും നസ്രിയയും ഒന്നിക്കുന്ന ചിത്രം, ഹിറ്റുകളുടെ സംവിധായകന്‍ ഗൗതം വാസുദേവ് മേനോന്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം. 

ഒരു ശരാശരി മലയാളി സിനിമാ ആസ്വാദകന് മൂന്ന് വര്‍ഷം കാത്തിരിക്കാന്‍ മറ്റെന്തു വേണം. ആ കാത്തിരിപ്പ് വെറുതെയായില്ല എന്ന് തെളിയിക്കുന്നതാണ് ആദ്യ ഷോ കഴിഞ്ഞിറങ്ങുന്ന ഓരോ പ്രേക്ഷകന്റെയും പ്രതികരണം സൂചിപ്പിക്കുന്നത്. 

അടിമുടി ഫഹദ് ഫാസില്‍ ഷോ ആണ് ട്രാന്‍സ്. ആരാധകരുടെ ഭാഷയില്‍ പറഞ്ഞാല്‍ പൂണ്ടു വിളയാടിയിരിക്കുകയാണ് ഫഹദ്. ഒരു സാധരണ മോട്ടിവേഷണല്‍ സ്പീക്കറില്‍നിന്ന് ജോഷ്വ കാള്‍ട്ടണ്‍ എന്ന 'മതപ്രവാചകനി'ലേക്കുള്ള വിജു പ്രസാദ് എന്ന യുവാവിന്റെ പരിണാമമാണ് ചിത്രം പറയുന്നത്.

ചിത്രത്തിന്റെ ഉദ്വേഗജനകമായ രണ്ടാംപാതിയിലാണ് പാസ്റ്റര്‍ ജോഷ്വയുടെ ജീവിതത്തിലേയ്ക്ക് നസ്രിയയുടെ എസ്തര്‍ ലോപ്പസ് കടന്നുവരുന്നത്. ഫഹദ്, നസ്രിയ എന്നിവര്‍ക്ക് പുറമേ, ഗൗതം വാസുദേവ് മേനോന്‍, ചെമ്പന്‍ വിനോദ്, ദിലീഷ് പോത്തന്‍, സൗബിന്‍ സാഹിര്‍, ശ്രീനാഥ് ഭാസി തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു.

വിന്‍സന്‍റ് വടക്കനാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അമൽ നീരദിന്റെ ഛായാഗ്രഹണവും സുഷിന്‍ ശ്യാം ജാക്സണ്‍ വിജയ് എന്നിവര്‍ ഒരുക്കിയ പശ്ചാത്തല സംഗീതവും ചിത്രത്തിന്‍റെ ഒഴുക്കിനൊപ്പം പ്രേക്ഷകനെ  കൊണ്ടുപോകുന്നു.

സമൂഹത്തിൽ പടർന്നു പന്തലിച്ച ഭക്തിവ്യവസായത്തിന് പുറകിലെ കള്ളക്കളികളെ തുറന്ന് കാണിക്കാനുള്ള അൻവർ റഷീദിന്റെ ശ്രമങ്ങൾക്ക് കയ്യടി നൽകിയേ തീരു. രണ്ടര മണിക്കൂറിലധികം ദൈർഘ്യം ഉണ്ടെങ്കിലും തീയേറ്ററിൽ തന്നെ കണ്ടറിയേണ്ട കാഴ്ച്ചാനുഭവമാണ്  ട്രാൻസ്.

Content Highlights : Trance Review Anwar Rasheed Fahad Faasil Amal Neerad Nazriya Goutham Vasudev Menon