തബലയില്‍ വിസ്മയം തീര്‍ത്ത സാക്കിര്‍ ഹുസൈനെയായിരിക്കും എല്ലാവര്‍ക്കും പരിചയം. എന്നാല്‍ അമിതാഭ് ബച്ചനെ പിന്നിലാക്കി ഇന്ത്യയിലെ ഏറ്റവും സെക്‌സിയായ പുരുഷനെന്ന നേട്ടം സ്വന്തമാക്കിയ സാക്കിര്‍ ഹുസൈനെ ആര്‍ക്കും അറിയില്ലായിരിക്കും. സാക്കിര്‍ ഹുസൈനെ കുറിച്ചുള്ള പുസ്തകരചനാവേളയില്‍ എഴുത്തുകാരി നസ്‌റീന്‍ മുന്നി കബീറിനോടാണ് അദ്ദേഹം ഈ രഹസ്യം വെളിപ്പെടുത്തിയത്.

To advertise here,

1994-ല്‍ ഇന്ത്യന്‍ മാസികയായ 'ജെന്റില്‍മാന്‍'  വനിതാ വായനക്കാര്‍ക്കിടയില്‍ നടത്തിയ വോട്ടെടുപ്പിലായിരുന്നു സാക്കിര്‍ ഹുസൈന്‍ ഒന്നാമതെത്തിയത്. 'മാഗസിന്‍ ടീം ഒരു ദിവസം എന്നെ കാണാന്‍ വന്നു. അവര്‍ കൊണ്ടുവന്ന ജാക്കറ്റുകളും വെസ്റ്റേണ്‍ സ്റ്റൈല്‍ വസ്ത്രങ്ങളുമെല്ലാം ധരിപ്പിച്ച് ഫോട്ടോകളെടുത്തു. അവരുടെ കവര്‍ പേജില്‍ എന്റെ ചിത്രമാണ് അച്ചടിച്ചുവരിക എന്ന് പറഞ്ഞു. ഏറ്റവും സെക്‌സിയായ പുരുഷനായി എന്നെയാണ് തിരഞ്ഞെടുത്തതെന്നും കൂടുതല്‍ വോട്ടുകള്‍ എനിക്കാണ് ലഭിച്ചതെന്നും പറഞ്ഞു. അതുകേട്ട് ഞാന്‍ അമ്പരന്നുപോയി. അവരും അദ്ഭുതത്തോടെയാണ് വിജയിയെ പ്രഖ്യാപിച്ചത്. അവര്‍ കരുതിയത് അമിതാഭ് ബച്ചനാകും കൂടുതല്‍ വോട്ടുകള്‍ കിട്ടുക എന്നായിരുന്നു.'-നസ്‌റീനോട് സാക്കിര്‍ അന്നത്തെ സംഭവം വിവരിക്കുന്നത് ഇങ്ങനെയാണ്.

ഇന്ത്യന്‍ സമയം തിങ്കളാഴ്ച്ച പുലര്‍ച്ചെയാണ് സാക്കിര്‍ ഹുസൈന്‍ ലോകത്തോട് വിട പറഞ്ഞത്. ഒരാഴ്ച്ചയായി സാന്‍ഫ്രാന്‍സികോയിലെ ആശുപത്രിയില്‍ ഐസിയുവിലായിരുന്നു. 1951ല്‍ മുംബൈയിലാണ് സാക്കിര്‍ ഹുസൈന്റെ ജനനം. 12-ാം വയസ് മുതല്‍ കച്ചേരികള്‍ അവതരിപ്പിക്കാന്‍ തുടങ്ങിയ അദ്ദേഹം കുട്ടിക്കാലത്തുതന്നെ തന്റെ വഴി സംഗീതലോകമാണെന്ന് തിരിച്ചറിഞ്ഞിരുന്നു. ആദ്യ പാഠങ്ങള്‍ പകര്‍ന്നുനല്‍കിയത്  പിതാവും തബലിസ്റ്റുമായ അല്ലാ റഖായായിരുന്നു. ഐതിഹാസിക പോപ്പ് ബാന്‍ഡ് 'ദ ബീറ്റില്‍സ്' ഉള്‍പ്പെടെ നിരവധി പാശ്ചാത്യ സംഗീതജ്ഞരുമായി സഹകരിച്ചിട്ടുണ്ട്.