ആമിര്‍ ഖാന്‍ നായകനായ ദംഗല്‍ എന്ന ചലച്ചിത്രത്തിലൂടെ ശ്രദ്ധേയയായ നടി സൈറ വസീം വിവാഹിതയായി. സ്വകാര്യ നിക്കാഹ് ചടങ്ങിന്റെ ചിത്രങ്ങള്‍ വെള്ളിയാഴ്ച നടി തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ പങ്കുവെച്ചു.

To advertise here,

'ഖുബൂല്‍ ഹേ' എന്ന് അടിക്കുറിപ്പ് നല്‍കിക്കൊണ്ട് രണ്ട് ചിത്രങ്ങളാണ് സൈറ പങ്കുവെച്ചത്. സൈറ വസീമും വരനും നില്‍ക്കുന്ന മുഖം വെളിപ്പെടുത്താതെയുള്ള ചിത്രവും വിവാഹ ഉടമ്പടിയില്‍ ഒപ്പ് വെക്കുന്ന ചിത്രവുമാണ് നടി പങ്കുവെച്ചത്.

ചിത്രത്തില്‍, സൈറയും ഭര്‍ത്താവും രാത്രിയിലെ ആകാശത്തിന് താഴെ ചന്ദ്രനെ നോക്കി നില്‍ക്കുന്നത് കാണാം. സ്വര്‍ണ നൂലുകൊണ്ട് മനോഹരമായി എംബ്രോയിഡറി ചെയ്ത കടും ചുവപ്പ് നിറത്തിലുള്ള ദുപ്പട്ടയാണ് നടി ധരിച്ചിരുന്നത്. വരന്‍ ക്രീം നിറത്തിലുള്ള ഷെര്‍വാണിയും അതിന് ചേര്‍ന്ന സ്റ്റോളും അണിഞ്ഞിട്ടുണ്ട്.

പതിനാറാം വയസ്സിലാണ് സൈറ ആമിര്‍ ഖാന്റെ ദംഗല്‍ (2016) എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായത്. ചിത്രത്തില്‍ ഗുസ്തിക്കാരി ഗീത ഫോഗട്ടിന്റെ ചെറുപ്പകാലമാണ് അവര്‍ അവതരിപ്പിച്ചത്.

സൈറയുടെ ശക്തമായ പ്രകടനത്തിന് മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം ലഭിച്ചിരുന്നു. പിന്നീട് സീക്രട്ട് സൂപ്പര്‍സ്റ്റാര്‍ (2017) എന്ന ചിത്രത്തിലും അഭിനയിച്ചു. മതപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി 2019-ല്‍ സൈറ വസീം അഭിനയം നിര്‍ത്തിയിരുന്നു.