എ.ആർ. റഹ്മാന്റെ മറക്കുമാ നെഞ്ചം എന്ന സംഗീതപരിപാടിയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരണവുമായി സംഗീതസംവിധായകൻ യുവൻ ശങ്കർ രാജ. താൻ എ.ആർ. റഹ്മാനൊപ്പമാണെന്ന് പ്രഖ്യാപിച്ച യുവൻ സംഗീതനിശയുടെ സംഘാടകരെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു. സംഗീതപരിപാടികൾ പ്ലാൻ ചെയ്യുമ്പോൾ സംഗീതജ്ഞരും ഒപ്പമുണ്ടാവണമെന്നും മുതിർന്നവരുടേയും സ്ത്രീകളുടേയും കുട്ടികളുടേയും സുരക്ഷ ഉറപ്പുവരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഔദ്യോഗിക എക്സ് പേജിൽ പോസ്റ്റ് ചെയ്ത നീണ്ട കുറിപ്പിലാണ് യുവൻ ശങ്കർ രാജ എ.ആർ. റഹ്മാന് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. ലോജിസ്റ്റിക്‌സും ജനക്കൂട്ടത്തെ നിയന്ത്രിക്കലും മുതൽ ട്രാഫിക് മാനേജ്‌മെന്റ് വരെയുള്ള നിരവധി സജീവ ഘടകങ്ങൾ ഉൾക്കൊള്ളുന്ന വലിയൊരു പരിപാടി സംഘടിപ്പിക്കുന്നത് വളരെ സങ്കീർണ്ണമായ ജോലിയാണെന്ന് യുവൻ പറഞ്ഞു. ദൗർഭാഗ്യകരമെന്നു പറയട്ടെ, സംഘടനാപരമായ തെറ്റിദ്ധാരണകൾ ഉൾപ്പെടെയുള്ള നിരവധി കാരണങ്ങളാൽ, ആൾക്കൂട്ടമടക്കം പലതരം അപ്രതീക്ഷിത പ്രശ്നങ്ങളും ഇത്രയും വലിയ കച്ചേരികൾക്കിടയിൽ സംഭവിച്ചിട്ടുണ്ട്. നല്ല ഉദ്ദേശത്തോടെയാണെങ്കിൽപ്പോലും കാര്യങ്ങൾ താളം തെറ്റിയേക്കാം. നമ്മുടെ സംഗീതത്തെ അർത്ഥപൂർണ്ണമാക്കുന്ന ആളുകൾക്ക്, നമ്മുടെ ആരാധകർക്ക് അത് തീവ്രമായ വിഷമമുണ്ടാക്കുമെന്നും അദ്ദേഹം എഴുതി.
Also Read
"ഇവന്റ് പ്രൊഡ്യൂസർമാരും സംഘാടകരും ഈ സംഭവത്തെക്കുറിച്ച് ചിന്തിക്കേണ്ടത് വളരെ പ്രധാനമാണ്. കലാപ്രകടനം നടത്തുന്നവർ എന്ന നിലയിൽ, എല്ലാം സുഗമമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഞങ്ങൾ ഈ നിർമ്മാതാക്കളിലാണ് വിശ്വാസമർപ്പിക്കുന്നത്. ഞങ്ങൾ സ്റ്റേജിലായിരിക്കുമ്പോൾ ഞങ്ങളുടെ ആരാധകർ നന്നായി പരിചരിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കേണ്ടതും സംഘാടകരാണ്. ഇത് ശരിക്കും നിരാശാജനകമാണ്. ഇങ്ങനെയൊരു സാഹചര്യത്തിന് സാക്ഷ്യം വഹിക്കുക എന്നത് ശരിക്കും മനസ് മടുപ്പിക്കുന്നതാണ്. ഇത്തരം പരിപാടികളുടെ ആസൂത്രണത്തിലും സുരക്ഷാ നടപടികളിലും സജീവമായ പങ്ക് വഹിക്കാൻ ഞാനുൾപ്പെടെയുള്ള കലാകാരന്മാരെ പ്രേരിപ്പിക്കുകയും ചെയ്യുന്ന സംഭമാണ് ഇത്." യുവൻ ശങ്കർ രാജ ചൂണ്ടിക്കാട്ടി.
ഒരു സഹ സംഗീതജ്ഞൻ എന്ന നിലയിൽ, നിർഭാഗ്യകരമായ സംഭവങ്ങൾ കണക്കിലെടുത്ത് താൻ സാഹചര്യത്തോട് സഹതപിക്കുകയും എആർ റഹ്മാനൊപ്പം നിൽക്കുകയും ചെയ്യുന്നതായും യുവൻ പറഞ്ഞു. സ്ത്രീകൾക്കും കുട്ടികൾക്കും പ്രായമായവർക്കും സുരക്ഷ ഉറപ്പാക്കുന്നതിന് ഇവന്റ് സംഘാടകർ പാഠങ്ങൾ പഠിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുമെന്ന പ്രതീക്ഷയിലാണ് യുവൻ തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.
ഞായറാഴ്ചയാണ് ചെന്നൈ ഇ.സി.ആറിൽ പനയൂരിലെ ആദിത്യറാം പാലസിലാണ് ‘മറക്കുമാ നെഞ്ചം’ എന്നപേരിലുള്ള എ.ആർ. റഹ്മാന്റെ സംഗീതപരിപാടി നടന്നത്. എന്നാൽ ടിക്കറ്റെടുത്ത് വന്നിട്ടും ഒട്ടേറെപ്പേർക്ക് പ്രവേശനം ലഭിച്ചില്ല. ഹാളിൽ ഉൾക്കൊള്ളാൻ കഴിയുന്നതിനെക്കാളുംപേർക്ക് ടിക്കറ്റുകൾ വിറ്റതാണ് ഇതിനു കാരണമെന്നു ചൂണ്ടിക്കാട്ടി ഒട്ടേറെേപ്പർ പരാതിയുമായി രംഗത്തെത്തി. ടിക്കറ്റ് കൈവശമുണ്ടായിട്ടും പരിപാടി നടക്കുന്നിടത്തേക്ക് പ്രവേശനം ലഭിച്ചില്ലെന്നും പലരും എക്സിലൂടെ പ്രതികരിച്ചു. റഹ്മാന്റെ സംഗീതപരിപാടി നടന്നയിടത്തുനിന്നുള്ള ഒട്ടേറെ ചിത്രങ്ങളും വീഡിയോകളും അവർ പുറത്തുവിട്ടു. സംഗീതനിശയുടെ നടത്തിപ്പുകാർക്കുനേരെയും രൂക്ഷവിമർശനമുണ്ടായി.
പരാതികൾ കുന്നുകൂടിയതോടെ മാപ്പപേക്ഷിച്ച് സംഘാടകർ രംഗത്തെത്തി. സംഗീതനിശ വൻവിജയമാണെന്ന് അവകാശപ്പെട്ട അവർ പ്രതീക്ഷിച്ചതിലധികം ആളുകളെത്തിയതാണ് ഇത്രയധികം പ്രയാസമുണ്ടാകാൻ കാരണമെന്നു വ്യക്തമാക്കി സാമൂഹികമാധ്യമമായ എക്സിലൂടെ പരസ്യമായി മാപ്പുപറഞ്ഞു. ടിക്കറ്റെടുത്തിട്ടും പങ്കെടുക്കാൻ കഴിയാത്തവർക്ക് തുക തിരികെ നൽകുമെന്നറിയിച്ച റഹ്മാൻ ഇതിനായി തന്റെ ടീമിനെ ബന്ധപ്പെടാനും ആവശ്യപ്പെട്ടു. കഴിഞ്ഞമാസം നടത്താനിരുന്ന സംഗീതനിശ കനത്തമഴയെത്തുടർന്നാണ് ഞായറാഴ്ചത്തേക്കു മാറ്റിയത്.
Content Highlights: yuvan shankar raja supports a r rahman, marakkuma nenjam show controversy
Published: 12 Sept 2023, 09:13 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented