കാസർകോടൻ അകത്തളങ്ങളിൽ തളംകെട്ടിയ സങ്കടത്തെ അറിഞ്ഞും അവരുടെ പ്രശ്‌നങ്ങളെ മുഖ്യധാരയിലേക്കെത്തിക്കുകയും ചെയ്ത ആരോഗ്യ പ്രവർത്തകനും സിനിമാ പ്രവർത്തകനുമാണ് ബുധനാഴ്ച അന്തരിച്ച നിസാം റാവുത്തർ. കടമനിട്ടക്കാരനായ നിസാമിന്റെ കർമപഥം കാസർകോട്ടായിരുന്നു. രണ്ടു പതിറ്റാണ്ടു മുൻപ് ജൂനിയർ ഹെൽത്ത് ഇൻസ്പ്‌കെടറായി നിയമനം ലഭിച്ചത് ഈ ജില്ലയിലാണ്. ജോലിയിൽ പ്രവേശിച്ച ഉടൻ സ്ഥലംമാറ്റം കിട്ടാൻ വെമ്പൽകൊണ്ടില്ല ഈ ആരോഗ്യ പ്രവർത്തകൻ. ഇവിടുത്തെ ജനങ്ങളുടെ പ്രയാസങ്ങളിലേക്കിറങ്ങിയും അവരുടെ വേദനയറിഞ്ഞും ജോലിയിൽ സജീവമായി. ഈ നാടിന്റെ സങ്കടത്തെ കൂടുതലറിഞ്ഞത് കൊണ്ടു തന്നെയായിരിക്കണം നിസാമിലെ എഴുത്തുകാരൻ ജനിച്ചതെന്ന് സുഹൃത്തുക്കളെല്ലാം ഒരു പോലെ പറയുന്നു. നിസാമില്ലെങ്കിൽ വലിയ ചിറകുള്ള പക്ഷികൾ എന്ന സിനിമ ഉണ്ടാകുമായിരുന്നില്ലെന്നാണ് ഡോ. ബിജു ഫെയസ്ബുക്കിൽ കുറിച്ചത്.
എൻഡോസൾഫാൻ ദുരിത ബാധിതരുടെ പ്രശ്‌നങ്ങളെ അടുത്തറിഞ്ഞ ഈ ആരോഗ്യപ്രവർത്തകൻ എഴുത്തിലും ഡോക്യുമെന്ററികളിലുമെല്ലാം കാസർകോടിന്റെ തീരാവേദനയെ ചേർത്തുവെച്ചു. കാസർകോട് മലേറിയ യൂണിറ്റിലും വിവിധ കുടുംബാരോഗ്യ കേന്ദ്രങ്ങളിലുമെല്ലാം ഹെൽത്ത് ഇൻസ്‌പെക്ടറായി ജോലി ചെയ്യുകയും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ താമസിക്കുകയും ചെയ്ത നിസാമിന് പരന്ന സൗഹൃദത്തിനുടമയാകാനും കഴിഞ്ഞു. ആരോഗ്യ രംഗത്ത്, സിനിമയിൽ, സാംസ്‌കാരിക മണ്ഡലത്തിൽ, എഴുത്തുകാർക്കിടയിൽ സ്‌നേഹവും സൗഹൃദവും പകർന്നുണ്ടാക്കിയ വലിയ സൗഹൃദം.

പെത്താൻ, ആത്മഹത്യയുടെ ഭൂമിശാസ്ത്രം, പോക്കറ്റടിയുടെ ചരിത്ര പാഠങ്ങൾ, ഹവ്വ: എച്ച്.ഐ.വി ബാധിതയുടെ ആത്മകഥ തുടങ്ങിയ പുസ്തകങ്ങളെല്ലാം കാസർകോട്ടെ ജീവിതയാത്രയ്ക്കിടെ പിറന്നതാണ്. കാസർകോട്ടെ കൊറഗ ജന വിഭാഗത്തിന്റെ പ്രയാസങ്ങളെ ആഴത്തലറിഞ്ഞും എഴുതുകയും ചെയ്തു നിസാം. തിരക്കഥയിൽ കാസർകോടൻ സ്ലാങിൽ ഡയലോഗ് എഴുതാനാകുന്നത് ഈ നാടിന്റെ സംസാരത്തെ തനിക്ക് അത്രമേൽ ഇഷ്ടപ്പെട്ടത് കൊണ്ട് കൂടിയാണെന്ന് നിസാം പറഞ്ഞതായി സുഹൃത്തുക്കൾ ഓർക്കുന്നു. 2009-ൽ ജില്ലാ പഞ്ചായത്തിനു വേണ്ടി ഒന്നരമണിക്കൂർ ദൈർഘ്യമുള്ള 'കാസറ' എന്ന പേരിൽ ഡോക്യുമെന്ററി അദ്ദേഹം നിർമിച്ചു. ബോംബെ മിഠായി സിനിമയുടെ തിരക്കഥ പിറന്നതും കാസർകോട്ടെ ജീവിത നാളുകളിൽ തന്നെ. ബെള്ളൂരു കുടുംബാരോഗ്യ കേന്ദ്രത്തിൽ നിന്ന് എറണാകുളത്തേക്ക് സ്ഥലം മാറ്റം കിട്ടിയതും അധികം വൈകാതെ തിരിച്ചെത്തിയതും ഈ നാടിനോടുള്ള സ്‌നേഹം കൊണ്ട് തന്നെയായിരുന്നു.
ഗ്രേഡ് ഒന്ന് സ്ഥാനക്കയറ്റം കിട്ടിയപ്പോൾ ബദിയഡുക്ക കുടുംബാരോഗ്യ കേന്ദ്രത്തിൽ നിന്നാണ് പത്തനംതിട്ടയിലേക്ക് പോയത്. ' ഒരു സർക്കാർ ഉത്പന്നം' എന്ന സിനിമയുടെ തിരക്കഥ രചിച്ചപ്പോൾ, അതൊരു കാസർകോടൻ സിനിമയാകണമെന്ന നിർബന്ധം കൂടിയുണ്ടായിരുന്നു നിസാമിന്. ഇതിലെ ഡയലോഗ് കാസർകോടൻ ഭാഷയാണ്. നീലേശ്വരം കോട്ടപ്പുറം, കാഞ്ഞങ്ങാട്, മടിക്കൈ, പടന്ന തുടങ്ങി സ്ഥലങ്ങളിലായിരുന്നു ഷൂട്ടിങ്. അഴിക്കോടൻ രാജേഷും സി.പി. ശുഭയും മിനിഷൈനും തമ്പായി അമ്മയുമുൾപ്പെടെ 20 ലധികം കാസർകോട്ടുകാർ ഈ സിനിമയിലുണ്ട്. സിനിമ റിലീസാകുന്നതിന്റെ സന്തോഷത്തിനിടയിൽ പ്രിയ കൂട്ടുകാരൻ വിടപറഞ്ഞത് സഹിക്കാനാകുന്നില്ല ഇവർക്ക്. നിസാമിനെക്കുറിച്ചു പറയുമ്പോൾ സ്വരം ഇടറി വാക്കുകൾ മുറിയുന്നു.
Content Highlights: life story of writer nizam rawther
Published: 06 Mar 2024, 09:11 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented