സ്‌കര്‍ പുരസ്‌കാര ചടങ്ങില്‍ അവതാരകനെ മുഖത്തടിച്ച സംഭവത്തില്‍ മാപ്പ് പറഞ്ഞ് നടന്‍ വില്‍ സ്മിത്ത്. കഴിഞ്ഞ ദിവസം അക്കാദമിയോടും സഹപ്രവര്‍ത്തകരോടും വില്‍ സ്മിത്ത് മാപ്പ് പറഞ്ഞിരുന്നു. ഇപ്പോള്‍ ക്രിസ് റോക്കിനോട് നേരിട്ട് മാപ്പ് പറഞ്ഞിരിക്കുകയാണ് വില്‍ സ്മിത്ത്. ചെയ്തത് തെറ്റാണെന്നും അതിരു കടന്നു പോയെന്നും എല്ലാ തരത്തിലുമുള്ള അക്രമണങ്ങളും വിനാശകരമാണെന്നും വില്‍ സ്മിത്ത് പറയുന്നു. ഭാര്യയുടെ രോഗത്തെക്കുറിച്ചുള്ള തമാശ തനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നുവെന്നും വില്‍ സ്മിത്ത് കൂട്ടിച്ചേര്‍ത്തു.

To advertise here,

സ്മിത്തിന്റെ ഭാര്യ ജെയ്ഡ സ്മിത്ത് വര്‍ഷങ്ങളായി അലോപേഷ്യ രോഗിയാണ്. തലമുടി കൊഴിഞ്ഞു പോവുന്ന അവസ്ഥയാണിത്. നടിയും അവതാരകയും സാമൂഹ്യപ്രവര്‍ത്തകയുമാണ് ജെയ്ഡ സ്മിത്ത്. മികച്ച ഡോക്യുമെന്റിയ്ക്കുള്ള പുരസ്‌കാരം പ്രഖ്യാപിക്കുന്ന സമയത്ത് ക്രിസ് റോക്ക് അതേക്കുറിച്ച് തമാശ പറഞ്ഞു.

ReadMore: അവതാരകന്റെ മുഖത്തടിച്ച് വില്‍ സ്മിത്ത്; എന്താണ് പിന്‍കെറ്റ് സ്മിത്തിനെ ബാധിച്ച അലോപേഷ്യ ഏരിയേറ്റ?

1997 ലെ ജി. ഐ ജെയിന്‍ എന്ന ചിത്രത്തില്‍ ഡെമി മൂര്‍ തലമൊട്ടയടിച്ചാണ് അഭിനയിച്ചത്. ജി.ഐ ജെയിന്‍ 2 ല്‍ ജെയ്ഡയെ കാണാമെന്ന് ക്രിസ് റോക്ക് പറഞ്ഞു.  എന്നാല്‍ റോക്കിന്റെ തമാശ വില്‍ സ്മിത്തിന് രസിച്ചില്ല. അദ്ദേഹം വേദിയിലേക്ക് കയറിവന്ന് റോക്കിന്റെ മുഖത്ത് ശക്തിയായി അടിച്ചു. പിന്നീട് 'എന്റെ ഭാര്യയുടെ പേര് നിന്റെ വായ് കൊണ്ട് പറഞ്ഞുപോകരുതെ'ന്ന് ശക്തമായി താക്കീത് ചെയ്യുകയും ചെയ്തു.

വില്‍ സ്മിത്തിന്റെ കുറിപ്പ്

അക്രമണം ഏത് തരത്തിലുള്ളതായാലും അത് വിഷമയവും വിനാശകരവുമാണ്.  ഇന്നലെ അക്കാദമിയുടെ പുരസ്‌കാര ചടങ്ങില്‍ എന്റെ പെരുമാറ്റം ഒരിക്കലും അംഗീകരിക്കാന്‍ പറ്റാത്തതും ന്യായീകരിക്കാന്‍ സാധിക്കാത്തതുമാണ്. തമാശകള്‍ ജോലിയുടെ ഭാഗമാണ്. എന്നാല്‍ ജാടയുടെ ആരോഗ്യനിലയെക്കുറിച്ചുള്ള തമാശ എനിക്ക് സഹിക്കാവുന്നതിലും അപ്പുറമാണ്. അതുകൊണ്ടാണ് ഞാന്‍ വികാരാധീനനായി പെരുമാറിയത്.

ക്രിസ്, ഞാന്‍ പരസ്യമായി നിങ്ങളോട് മാപ്പ് ചോദിക്കുന്നു. ഞാന്‍ അതിര് വിട്ടു. വളരെ മോശമായി പെരുമാറി. എനിക്ക് അമ്പരപ്പ് തോന്നുന്നു. എന്റെ പ്രവൃത്തി ഒരിക്കലും ഞാന്‍ എങ്ങനെയുള്ള മനുഷ്യനാകാന്‍ ആഗ്രഹിക്കുന്നുവോ അതിനോട് നീതി പുലര്‍ത്തുന്നതായിരുന്നില്ല. സ്‌നേഹത്തിന്റെയും നന്മയുടെയും ഈ ലോകത്ത് അക്രമത്തിന് സ്ഥാനമില്ല. 

ഞാന്‍ അക്കാദമിയോടും മാപ്പ് ചോദിക്കാന്‍ ആഗ്രഹിക്കുന്നു. വില്ല്യം റിച്ചാര്‍ഡിന്റെ കുടുംബത്തോടും (ടെന്നീസ് താരവും പരിശീലകനും സെറീന വില്ല്യംസിന്റെയും വീനസ് വില്ല്യസിന്റ പിതാവുമായ വില്ല്യം റിച്ചാര്‍ഡിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണ് കിങ് റിച്ചാര്‍ഡ്) കിങ് റിച്ചാര്‍ഡ് കുടുംബത്തോടും മാപ്പ് ചോദിക്കുന്നു. എനിക്ക് അതിയായ കുറ്റബോധമുണ്ട്. എന്റെ പ്രവൃത്തി കളങ്കപ്പെടുത്തിയില്ലായിരുന്നുവെങ്കില്‍ ഇന്നലത്തെ ചടങ്ങ് നമുക്കൊരു മനോഹര യാത്രയാകുമായിരുന്നു- വില്‍ സ്മിത്ത് പറഞ്ഞു.