വൈറ്റ്ഹൗസിലെ മാധ്യമപ്രവർത്തകരുടെ അസോസിയേഷൻ ഒരുക്കിയ അത്താഴ വിരുന്നിനിടെയുണ്ടായ വെടിവെപ്പിന്റെ നടുക്കത്തിലാണ് അതിഥിയായെത്തിയ നടി ഷെറിൽ ഹൈൻസ്. ഈ സംഭവത്തിന് സാക്ഷിയായതിന്റെ അനുഭവം പങ്കുവെച്ചിരിക്കുകയാണ് അവർ. ആ സമയത്ത് അവിടെ എന്താണ് സംഭവിക്കുന്നതെന്ന് ആർക്കും കൃത്യമായ ധാരണയില്ലായിരുന്നുവെന്നും അവർ ഓർത്തെടുത്തു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുത്ത ഈ ചടങ്ങിനിടെയുണ്ടായ സംഭവം ഭരണകൂടത്തെയും അതിഥികളെയും ഒരേപോലെ ഞെട്ടിച്ചു.

To advertise here,

ഭർത്താവായ ഹെൽത്ത് ആൻഡ് ഹ്യൂമൻ സർവീസസ് സെക്രട്ടറി റോബർട്ട് എഫ്. കെന്നഡി ജൂനിയറിനൊപ്പമാണ് ഷെറിൽ ഹൈൻസ് ചടങ്ങിൽ പങ്കെടുത്തത്. വെടിവെപ്പ് ശബ്ദം കേട്ട ഉടനെ തങ്ങളെല്ലാവരും മേശകൾക്കടിയിൽ ഒളിക്കുകയായിരുന്നുവെന്ന് ഹൈൻസ് പിന്നീട് സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തി.

സംഭവസ്ഥലത്തുനിന്നുള്ള രക്ഷാപ്രവർത്തനത്തെക്കുറിച്ചും ഷെറിൽ ഹൈൻസ് വിവരിച്ചു. റോബർട്ട് കെന്നഡി ജൂനിയറിന്റെ സുരക്ഷാ ഉദ്യോഗസ്ഥർ പെട്ടെന്നുതന്നെ തങ്ങളെ വളയുകയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയും ചെയ്തുവെന്ന് അവർ പറഞ്ഞു. താൻ ഉയർന്ന ഹീലുള്ള ചെരുപ്പും നീളൻ ഗൗണും ധരിച്ചിരുന്നതിനാൽ സുരക്ഷാ ഉദ്യോഗസ്ഥർ തന്നെ കസേരകൾക്ക് മുകളിലൂടെ ഉയർത്തിയാണ് കൊണ്ടുപോയത്. കെട്ടിടത്തിന്റെ പിൻഭാഗത്തുകൂടിയാണ് കാറിലെത്തിച്ചതെന്നും സുരക്ഷിതമായി മാറ്റിയതെന്നും ഷെറിൽ വ്യക്തമാക്കി.

ഹോട്ടലിനുള്ളിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമിച്ച പ്രതിയെ സുരക്ഷാ ഉദ്യോഗസ്ഥർ സാഹസികമായി പിടികൂടുകയായിരുന്നു. ഒരു ഷോട്ട്ഗൺ, ഒരു ഹാൻഡ്ഗൺ, നിരവധി കത്തികൾ എന്നിവയുമായാണ് പ്രതി എത്തിയത്. വിരുന്ന് നടന്ന ഹിൽട്ടൺ ഹോട്ടലിലേക്ക് അതിക്രമിച്ചു കയറിയ അക്രമി ഡൊണാൾഡ് ട്രംപിനൊപ്പം അദ്ദേഹത്തിന്റെ ഭരണകൂടത്തിലെ ഉദ്യോഗസ്ഥരെയും ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ആക്ടിങ് അറ്റോർണി ജനറൽ ടോഡ് ബ്ലാഞ്ച് വെളിപ്പെടുത്തി. പ്രതിയുടേതെന്നു കരുതുന്ന എഴുത്തുകളും ഇലക്ട്രോണിക് ഉപകരണങ്ങളും പരിശോധിച്ചതിൽ നിന്നാണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് ഇയാൾ പരിപാടിയിൽ പങ്കെടുക്കുന്ന ഭരണകൂട ഉദ്യോഗസ്ഥരെയും ലക്ഷ്യംവെച്ചിരുന്നുവെന്ന വിവരങ്ങൾ ലഭിച്ചത്.

തെക്കൻ കാലിഫോർണിയയിലെ ടോറൻസിൽ നിന്നുള്ള ഒരു അധ്യാപകനും വീഡിയോ ഗെയിം ഡെവലപ്പറുമായ 31-കാരൻ കോൾ തോമസ് അലനാണ് പ്രതിയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ഫെഡറൽ ഉദ്യോഗസ്ഥനെ വധിക്കാൻ ശ്രമിച്ചതടക്കമുള്ള കുറ്റങ്ങൾ ചുമത്തി ഇയാളെ കോടതിയിൽ ഹാജരാക്കുമെന്നും ടോഡ് ബ്ലാഞ്ച് അറിയിച്ചു.