ഇരകളാക്കപ്പെട്ടവരെ അതിജീവിച്ചവരാക്കി മാറ്റിയ യാത്രയെ അനുസ്മരിക്കാൻ ക്ഷണിച്ച് മലയാള ചലച്ചിത്ര ലോകത്തെ വനിതകളുടെ കൂട്ടായ്മയായ വിമൻ ഇൻ സിനിമാ കളക്ടീവ് (ഡബ്ല്യുസിസി). നടി ആക്രമിക്കപ്പെട്ട സംഭവം നടന്ന ഫെബ്രുവരി 17-നാണ് കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിൽ ഒത്തുകൂടി മെഴുകുതിരി തെളിയിക്കാൻ ഡബ്ല്യുസിസി ക്ഷണിക്കുന്നത്. അതിജീവിച്ച എല്ലാവർക്കുമൊപ്പം നിൽക്കുന്നവരെ ഇരുട്ടിന്റെ മറനീക്കി വെളിച്ചത്തിന്റെ തിരി തെളിക്കാനായി ക്ഷണിക്കുന്നുവെന്ന് ഡബ്ല്യുസിസി സാമൂഹികമാധ്യമങ്ങളിലൂടെ അറിയിച്ചു.

To advertise here,

'2017 ഫെബ്രുവരി 17 ഏറ്റവും ഇരുണ്ട ദിവസമായിരുനെങ്കിലും, അതേ ദിവസമായിരുന്നു അവൾ സധൈര്യം അനീതിക്കെതിരെ പ്രതികരിച്ചത് . അവളുടെ പോരാട്ടത്തിനായി നമ്മൾ ഒരുമിച്ച് നിൽക്കുമെന്ന തീരുമാനത്തോടെയായിരുന്നു #അവൾക്കൊപ്പം എന്ന പ്രസ്ഥാനം പിറന്നത്.' -ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ സാമൂഹികമാധ്യമ പ്ലാറ്റ്‌ഫോമുകളിൽ ഡബ്ല്യുസിസി കുറിച്ചു.

'കഴിഞ്ഞ 9 വർഷമായി കേരളത്തിന്റെ സാമൂഹിക പരിവർത്തനത്തിൽ ഒരു ചെറിയ പങ്കു വഹിച്ച ഈ പ്രസ്ഥാനം ഇരയാക്കപ്പെട്ടവരെ അതിജീവിതകളാക്കാൻ നിരന്തരം പ്രവർത്തിച്ചു. പിന്തുണയ്ക്കും ഐക്യദാർഢ്യത്തിനും എല്ലാവർക്കും നന്ദി പറഞ്ഞുകൊണ്ട്, ഡബ്ല്യുസിസി അവൾക്കൊപ്പവും, അതിജീവിച്ച എല്ലാവർക്കും ഒപ്പം നിൽക്കുന്നവരെ ഈ യാത്രയുടെ ഭാഗമാവാൻ ക്ഷണിക്കുന്നു. ഇരുട്ടിന്റെ മറ നീക്കി നമുക്ക് വെളിച്ചത്തിന്റെ തിരി തെളിക്കാം.' -ഡബ്ല്യുസിസി തുടർന്നു.

ചൊവ്വാഴ്ച വൈകീട്ട് ആറ് മണിക്കാണ് ഒത്തുചേരൽ. കോഴിക്കോട് മാനാഞ്ചിറ ഓപ്പൺ സ്റ്റേജ്, കൊച്ചിയിൽ മറൈൻ ഡ്രൈവിലെ അബ്ദുൾ കലാം മാർഗ്, തിരുവനന്തപുരത്ത് മാനവീയം വീഥി എന്നിവിടങ്ങളിലാണ് പരിപാടി നടക്കുക.