മലയാള സിനിമയും ഇന്ത്യൻ സിനിമാ ലോകവും ഒരുപോലെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം 'വൃഷഭ' നാളെ (ഡിസംബർ 25) തിയേറ്ററുകളിലെത്തുന്നു. നന്ദ കിഷോർ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു പാൻ-ഇന്ത്യൻ ബിഗ് ബജറ്റ് ആക്ഷൻ ഡ്രാമയായാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. മോഹൻലാലിന്റെ മാസ്സ് പ്രകടനം വലിയ ക്യാൻവാസിൽ കാണാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് സിനിമാ പ്രേമികൾ. ഒരു അച്ഛൻ - മകൻ ബന്ധത്തിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന അതിശക്തമായ കഥയാണ് ചിത്രം പറയുന്നത്.

To advertise here,

ഛായാഗ്രഹണം ആന്റണി സാംസൺ, എഡിറ്റിങ് കെ.എം. പ്രകാശ്, സംഗീതം സാം സി.എസ്., സൗണ്ട് ഡിസൈൻ റസൂൽ പൂക്കുട്ടി, ആക്ഷൻ പീറ്റർ ഹെയ്ൻ, സ്റ്റണ്ട് സിൽവ, നിഖിൽ എന്നിവർ നിർവ്വഹിച്ചിരിക്കുന്നു. ശോഭ കപൂർ, ഏക്താ ആർ കപൂർ, സി.കെ. പത്മകുമാർ, വരുൺ മാത്തൂർ, സൌരഭ് മിശ്ര, അഭിഷേക് വ്യാസ്, വിശാൽ ഗുർനാനി, പ്രവീർ സിങ്, ജൂഹി പരേഖ് മേത്ത എന്നിവർ ചേർന്ന് നിർമ്മിച്ച വൃഷഭ, ആശീർവാദ് സിനിമാസ് ആണ് കേരളത്തിലെത്തിക്കുന്നത്.

തെലുങ്ക് നടൻ റോഷൻ മേക്ക ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഷനായ കപൂർ, സഹറ എസ് ഖാൻ എന്നിവരാണ് ചിത്രത്തിലെ നായികമാർ. രാഗിണി ദ്വിവേദി, സമർജിത് ലങ്കേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. ജനാർദൻ മഹർഷി, കാർത്തിക് എന്നിവർ ചേർന്നാണ് സംഭാഷണങ്ങൾ. എവിഎസ് സ്റ്റുഡിയോസിന്റെ ബാനറിൽ അഭിഷേക് വ്യാസ്, വിശാൽ ഗുർണാനി എന്നിവരും ബാലാജി ടെലിഫിലിംസിന്റെ ബാനറിൽ ഏകതാ കപൂറും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

മികച്ച വിഷ്വൽ ഇഫക്റ്റുകളും, ആക്ഷൻ സീക്വൻസുകളുമാണ് ചിത്രത്തിന്റെ മറ്റൊരു ആകർഷണം. വിവിധ ഭാഷകളിൽ ഒരേസമയം റിലീസ് ചെയ്യുന്ന ചിത്രം ബോക്സ് ഓഫീസിൽ പുതിയ റെക്കോർഡുകൾ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ക്രിസ്മസ് അവധിക്കാലം പ്രമാണിച്ച് കേരളത്തിലുടനീളം വൻ തോതിലുള്ള ഫാൻ ഷോകളും റിലീസ് ദിനത്തിൽ ഒരുക്കിയിട്ടുണ്ട്.

കേരളത്തിലെ പ്രധാന തിയേറ്ററുകളിലെല്ലാം ചിത്രം പ്രദർശനത്തിനെത്തും. വമ്പൻ താരനിര അണിനിരക്കുന്ന ചിത്രം കാണാനുള്ള ആവേശത്തിലാണ് പ്രേക്ഷകർ.