മോഹന്‍ലാല്‍ അഭിനയത്തിന്റെ ദൈവമാണെന്ന് 'വൃഷഭ' സംവിധായകന് നന്ദകിഷോര്‍. നാളെ താനില്ലെങ്കിലും മോഹന്‍ലാലിന്റെ സിനിമയുടെ സംവിധായകന് എന്ന് അറിയപ്പെടും. അതില്‍ കൂടുതലൊന്നും തനിക്ക് നേടാനില്ലെന്നും നന്ദകിഷോര്‍ പറഞ്ഞു. കൊച്ചിയില്‍ 'വൃഷഭ' ട്രെയ്ലര് ലോഞ്ചില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഇത്തരമൊരു അവസരം തന്നതില്‍ ലാലേട്ടന് മുന്നില്‍ തലകുമ്പിടുന്നു. എന്നെ സംബന്ധിച്ച് അദ്ദേഹം അഭിനയത്തിന്റെ ദൈവമാണ്. അതില്‍ കൂടുതല്‍ എന്താണ് ഒരു സംവിധായകന് ആവശ്യപ്പെടാന്‍ കഴിയുക. യാത്രയിലുടനീളം ചിത്രത്തിനും ടീമിനും എനിക്കുമൊപ്പം നിന്നതില്‍ നന്ദി'- നന്ദകിഷോര്‍ പറഞ്ഞു.
'മനസില്‍ ആരേയും സങ്കല്‍പ്പിച്ച് സിനിമയെഴുതാന്‍ സാധിക്കില്ല. അങ്ങനെ എഴുതിയാല്‍ കഥ അയാളിലേക്ക് ചുരുങ്ങിപ്പോവും. എന്നാല്‍, 'വൃഷഭ'യുടെ കഥ പൂര്‍ത്തിയായ ശേഷം ലാലേട്ടന് അല്ലാതെ മറ്റൊരാളെ എനിക്ക് സങ്കല്പ്പിക്കാന് കഴിഞ്ഞില്ല. എല്ലാ സംവിധായകരുടേയും ആഗ്രഹം ഏറ്റവും ബെസ്റ്റ് ആയിട്ടുള്ളവരുടെ കൂടെ പ്രവര്‍ത്തിക്കുക എന്നതാണ്. അദ്ദേഹം അഭിനയത്തിന്റെ ദൈവമാണെന്ന് ഞാന്‍ പറഞ്ഞു. ഒരു സംവിധായകന് അതില്കൂടുതല് എന്താണ് സ്വപ്നം കാണാന്‍ കഴിയുക. ദൈവം തന്നെ നിങ്ങള്‍ക്കുവേണ്ടി അഭിനയിക്കുകയാണ്. അപ്പോള്‍ നിങ്ങള്‍ എഴുതുന്ന ഓരോ സീനും അടുത്ത ലെവലിലേക്ക് ഉയരും', സംവിധായകന് ചൂണ്ടിക്കാട്ടി.
'ഇന്ത്യയില്‍ നൂറുകോടി ആളുകളുണ്ട്. അതില്‍ പത്തുലക്ഷം പേരെങ്കിലും സംവിധായകര്‍ ആകണമെന്ന് ആഗ്രഹിക്കുന്നു. അതില്‍തന്നെ ഒരുലക്ഷം പേരെങ്കിലും സംവിധായകരായി മാറുന്നു. പതിനായിരം പേര് സിനിമ ചെയ്യുന്നു. ആയിരം പേരെങ്കിലും തിരിച്ചറിയപ്പെടുന്നു. നൂറുപേര്‍ക്കെങ്കിലും താരചിത്രങ്ങള്‍ ചെയ്യാന്‍ സാധിക്കുന്നു. ലാലേട്ടന് 200 ചിത്രങ്ങള്‍ ചെയ്തിട്ടുണ്ടെങ്കില്‍, 100 സംവിധായകരെങ്കിലുമുണ്ടാവും. ആ നൂറുപേരില്‍, ഞാന്‍ ജീവിച്ചിരിപ്പില്ലെങ്കിലും അഭിനയത്തിന്റെ ദൈവത്തോടൊപ്പം പ്രവര്‍ത്തിച്ച ഒരാളെന്ന പേരില്‍ ഞാന്‍ ഓര്‍മിക്കപ്പെടും. അതില്‍ കൂടുതലൊന്നും എനിക്ക് നേടാന്‍ ഇല്ല'- നന്ദകിഷോര്‍ കൂട്ടിച്ചേര്‍ത്തു.
മലയാളം, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലായി ഇറങ്ങുന്ന 'വൃഷഭ' ഡിസംബര്‍ 25-ന് പുറത്തിറങ്ങും. നന്ദകിഷോര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് സാം സി.എസ്. ആണ്. ആന്റണി സാംസണ് ആണ് ഛായാഗ്രാഹകന്‍. കെ.എം. അബ്രഹാം എഡിറ്റിങ് നിര്‍വഹിക്കുന്നു. റസൂല്‍ പൂക്കുട്ടി സൗണ്ട് ഡിസൈനിങ് നിര്‍വഹിക്കുന്നു.
Content Highlights: Mohanlal is the God of Acting, Says 'Vrusshabha' Director Naandda Kishore
Published: 17 Dec 2025, 11:08 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented