മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ബ്രഹ്‌മാണ്ഡ പാന്‍ ഇന്ത്യന്‍ ഇതിഹാസ ചിത്രം 'വൃഷഭ'യിലെ ആദ്യഗാനം പുറത്ത്. 'അപ്പ' എന്ന ടൈറ്റിലോടെയാണ് ഗാനം പുറത്തുവന്നിരിക്കുന്നത്. സാം സി.എസ്. ഈണം നല്‍കിയ ഗാനത്തിന്റെ മലയാളം വരികള്‍ രചിച്ചത് വിനായക് ശശികുമാര്‍ ആണ്. മധു ബാലകൃഷ്ണന്‍ ആണ് ഗാനത്തിന്റെ മലയാളം പതിപ്പ് ആലപിച്ചത്. ഡിസംബര്‍ 25-നാണ് ചിത്രം ആഗോള റിലീസായി എത്തുന്നത്.

To advertise here,

കന്നഡ സംവിധായകന്‍ നന്ദകിഷോര്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രം കണക്റ്റ് മീഡിയയും ബാലാജി ടെലിഫിലിംസും അഭിഷേക് എസ്. വ്യാസ് സ്റ്റുഡിയോയും ചേര്‍ന്നാണ് അവതരിപ്പിക്കുന്നത്. ശോഭ കപൂര്‍, ഏക്താ ആര്‍ കപൂര്‍, സികെ പത്മകുമാര്‍, വരുണ്‍ മാത്തൂര്‍, സൗരഭ് മിശ്ര, അഭിഷേക് വ്യാസ്, വിശാല്‍ ഗുര്‍നാനി, പ്രവീര്‍ സിങ്, ജൂഹി പരേഖ് മേത്ത എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച വൃഷഭ, ആശീര്‍വാദ് സിനിമാസ് ആണ് കേരളത്തിലെത്തിക്കുന്നത്. വിമല്‍ ലഹോട്ടി ആണ് ചിത്രത്തിന്റെ സഹനിര്‍മാതാവ്.

അച്ഛന്‍- മകന്‍ ബന്ധത്തിന്റെ വികാരം പ്രേക്ഷകരിലേക്ക് എത്തിക്കുന്ന ദൃശ്യങ്ങളാണ് 'അപ്പ' എന്ന ഗാനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഹിന്ദി, കന്നഡ, തെലുങ്ക് ഭാഷകളില്‍ വിജയ് പ്രകാശ് ആണ് ഗാനം ആലപിച്ചത്. കല്യാണ്‍ ചക്രവര്‍ത്തി ത്രിപുരനേനി (തെലുങ്ക്), കാര്‍ത്തിക് കുഷ് (ഹിന്ദി), നാഗാര്‍ജുന്‍ ശര്‍മ (കന്നഡ) എന്നിവരാണ് മറ്റുഭാഷകളില്‍ വരികള്‍ എഴുതിയിരിക്കുന്നത്. ടി സീരീസ് ആണ് ചിത്രത്തിന്റെ മ്യൂസിക് അവകാശം സ്വന്തമാക്കിയത്.

അച്ഛനും മകനും തമ്മിലുള്ള ശക്തവും വൈകാരികവുമായ ബന്ധത്തില്‍ വേരൂന്നിയതാണ് ചിത്രമെന്നും 'അപ്പ' എന്ന ഗാനം കഥയുടെ ഹൃദയമിടിപ്പ് കൃത്യമായി പ്രതിഫലിപ്പിക്കുകയും പ്രേക്ഷകര്‍ക്ക് സിനിമ എന്തിനെ പ്രതിനിധീകരിക്കുന്നു എന്നതിന്റെ യഥാര്‍ഥ ബോധം നല്‍കുകയും ചെയ്യുന്നുവെന്നും സംവിധായകന്‍ വിശദീകരിച്ചു. ആക്ഷന്‍, വൈകാരികത, പ്രതികാരം, പ്രണയം എന്നിവ കോര്‍ത്തിണക്കി, ഒരച്ഛനും മകനും തമ്മിലുള്ള ബന്ധത്തിന്റെ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്ന അതിശക്തമായ കഥയാണ് ചിത്രം പറയുന്നത്.

രണ്ടുവ്യത്യസ്ത ലുക്കിലാണ് മോഹന്‍ലാലിനെ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. പഴയകാല യോദ്ധാവിന്റെ ലുക്കിലും പുതിയകാലത്തെ എക്‌സിക്യൂട്ടീവ് ലുക്കിലുമാണ് മോഹന്‍ലാല്‍ ചിത്രത്തിലെത്തുന്നത്. രാജാവിന്റെ ലുക്കിലുള്ള അദ്ദേഹത്തിന്റെ പോസ്റ്ററുകള്‍ എല്ലാം വലിയ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെ ടീസറും നേരത്തെ പുറത്തു വന്നിരുന്നു.

മോഹന്‍ലാലിന്റെ ഗംഭീര ആക്ഷന്‍ രംഗങ്ങളും ബ്രഹ്‌മാണ്ഡ കാന്‍വാസില്‍ ഉള്ള കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യങ്ങളും നിറഞ്ഞ ടീസര്‍ മികച്ച പ്രതികരണമാണ് നേടിയത്. താരനിരകൊണ്ടും സങ്കേതികമികവുകൊണ്ടും പ്രേക്ഷകരെ ആകര്‍ഷിക്കാനുള്ള ഒരുക്കത്തിലാണ് ചിത്രം. സമര്‍ജിത് ലങ്കേഷ്, രാഗിണി ദ്വിവേദി, നയന്‍ സരിക, അജയ്, നേഹ സക്സേന, ഗരുഡ റാം, വിനയ് വര്‍മ, അലി, അയ്യപ്പ പി. ശര്‍മ, കിഷോര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാന താരങ്ങള്‍. എസ്ആര്‍ക്കെ, ജനാര്‍ദന്‍ മഹര്‍ഷി, കാര്‍ത്തിക് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിലെ ശക്തമായ സംഭാഷണങ്ങള്‍ രചിച്ചത്. തെലുങ്ക്, മലയാളം ഭാഷകളില്‍ ഒരുക്കിയ ചിത്രം ഹിന്ദി, കന്നഡ, ഭാഷകളില്‍ കൂടി ഡിസംബര്‍ 25-ന് ചിത്രം റിലീസിനെത്തും. ചിത്രത്തിന്റെ ട്രെയ്ലര്‍ ഉള്‍പ്പെടെയുള്ളവ വൈകാതെ പുറത്തു വരും.

ഛായാഗ്രഹണം: ആന്റണി സാംസണ്‍, എഡിറ്റിങ്: കെ.എം. പ്രകാശ്, സംഗീതം: സാം സി.എസ്, സൗണ്ട് ഡിസൈന്‍: റസൂല്‍ പൂക്കുട്ടി, ആക്ഷന്‍: പീറ്റര്‍ ഹെയ്ന്‍, സ്റ്റണ്ട് സില്‍വ, ഗണേഷ്, നിഖില്‍, പിആര്‍ഒ: ശബരി.