വിവാഹ വാർഷികാഘോഷത്തിന്റെ ഭാ​ഗമായുള്ള യാത്രയ്ക്കിടെ കൊള്ളയടിക്കപ്പെട്ട് ഇറ്റലിയിലെ ഫ്ളോറൻസിൽ കുടുങ്ങിയ താരദമ്പതിമാരായ വിവേക് ദഹിയയ്ക്കും ദിവ്യാങ്ക ത്രിപാഠിക്കും നാട്ടിലെത്താനുള്ള വഴിയൊരുങ്ങുന്നു. ഒരു സുഹൃത്ത് തങ്ങളെ സഹായിച്ചിട്ടുണ്ടെന്നും നാട്ടിലേക്ക് തിരികെ വരാൻ പണമില്ല എന്ന തരത്തിലുള്ള വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും ദിവ്യാങ്ക ത്രിപാഠി അറിയിച്ചു.

To advertise here,

യാത്ര ചെയ്യുമ്പോഴെല്ലാം റിട്ടേണ്‍ ടിക്കറ്റ് എടുക്കാറുണ്ടെന്നും എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റിനായി റോമിലേക്ക് പോവുകയാണെന്നും ദിവ്യാങ്ക ത്രിപാഠി ഹിന്ദുസ്ഥാൻ ടൈംസിനോട് പ്രതികരിച്ചു. ടിക്കറ്റ് ലഭിച്ചാല്‍, കൃത്യസമയത്ത് നാട്ടിലേക്കുള്ള വിമാനം പിടിക്കാന്‍ കഴിയുമെന്നും ഇവര്‍ പറഞ്ഞു. ഒരു സുഹൃത്ത് അദ്ദേഹത്തിന്റെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് സഹായിച്ചിട്ടുണ്ട്. അതുപയോഗിച്ച് തങ്ങളുടെ ആപ്പിള്‍ പേയുമായി ബന്ധിപ്പിച്ചതിനാല്‍ ഇപ്പോള്‍ ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്താന്‍ കഴിയുമെന്നും ദിവ്യാങ്ക ത്രിപാഠി അറിയിച്ചു. വിദേശത്തേക്ക് പോകുമ്പോൾ എപ്പോഴും റിട്ടേൺ ടിക്കറ്റ് ബുക്ക് ചെയ്യണമെന്നും അവർ അഭ്യർത്ഥിച്ചു.

"ഫ്ളോറൻസിലെത്തി അവിടെ ഒരു ദിവസം ചിലവിടാനായിരുന്നു പദ്ധതി. സാധനങ്ങളെല്ലാം പുറത്ത് കാറിൽവെച്ചശേഷം ഇഷ്ടപ്പെട്ട ഒരു ഹോട്ടൽ പരിശോധിക്കാൻ പോയി. തിരിച്ചുവരുമ്പോൾ കണ്ടത് കാറിന്റെ ​ഗ്ലാസ് തകർന്നുകിടക്കുന്നതായിരുന്നു. അതിലുണ്ടായിരുന്ന പാസ്പോർട്ടുകളും വാലറ്റുകളും പണവും മറ്റു വിലയേറിയ വസ്തുക്കളും മോഷ്ടിക്കപ്പെട്ടിരുന്നു. ഭാ​ഗ്യവശാൽ ഏതാനും പഴയ വസ്ത്രങ്ങളും കുറച്ച് ഭക്ഷണവും അവരതിൽ ബാക്കിവെച്ചിരുന്നു." വിവേക് ദഹിയയുടെ വാക്കുകൾ.

പണവും പാസ്പോര്‍ട്ടും മറ്റ് വിലപ്പെട്ട സാധനങ്ങളും കൊള്ളയടിക്കപ്പെട്ടെന്ന് മനസ്സിലാക്കിയ ഇരുവരും സോഷ്യല്‍ മീഡിയയില്‍ സഹായം അഭ്യര്‍ത്ഥിച്ചു.  ഇതറിഞ്ഞ ആരാധകര്‍ ആശങ്കയിലായിരുന്നു.