തമിഴ്‌നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റ നടൻ വിജയ് യുമായുള്ള കൂടിക്കാഴ്ച്ചയുടെ സന്തോഷം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച് നടൻ വിശാൽ. പദവികൾ മാറിയിട്ടുണ്ടെങ്കിലും തങ്ങൾക്കിടയിലുള്ള ആത്മബന്ധത്തിന് യാതൊരു മാറ്റവുമില്ലെന്ന് വിശാൽ കുറിച്ചു. ചെന്നൈ ലയോള കോളേജിൽ ഒരുമിച്ച് പഠിച്ചിരുന്ന കാലവും വിശാൽ ഓർത്തെടുത്തു.
ഔദ്യോഗികമായി നൽകാറുള്ള പൂച്ചെണ്ടുകളും പൊന്നാടകൾക്കും പകരം ആ തുക തമിഴ്‌നാട്ടിലെ നിർധനരായ മൂന്ന് പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി ഉപയോഗിക്കാമെന്ന തന്റെ നിർദേശം വിജയ് സ്വീകരിച്ചതിൽ ഒരുപാട് നന്ദിയുണ്ടെന്നും വിശാൽ കുറിച്ചു. ആ പെൺകുട്ടികൾ വിജയ്‌യെ കുറിച്ചോർത്ത് അഭിമാനിക്കുമെന്നും എന്നും അദ്ദേഹത്തെ ഓർമിക്കുമെന്നും നടൻ കൂട്ടിച്ചേർത്തു. വിജയ്‌യുമായുള്ള കൂടിക്കാഴ്ച്ചയുടെ ചിത്രങ്ങളും വിശാൽ പങ്കുവെച്ചിട്ടുണ്ട്.
'ഏറ്റവും പ്രിയപ്പെട്ട മുഖ്യമന്ത്രി വിജയ്, ലയോള കോളേജ് കാലം മുതൽ താങ്കളെ പരിചയപ്പെട്ട അന്ന് മുതൽ ഇത്രയും കാലമായി വിളിക്കുന്ന ഡാർലിങ് എന്ന വാക്കിന് ഇന്നും ഒരു മാറ്റവുമില്ല. വളർന്നു വരുന്ന ഒരു താരമായി താങ്കളെ പരിചയപ്പെട്ടത് മുതലാണ് ഇതെല്ലാം തുടങ്ങിയത്. പിന്നീട് നിങ്ങൾ സിനിമയിലെ സൂപ്പർസ്റ്റാറായി മാറുന്നതും എല്ലാ പ്രതിസന്ധികളേയും അതിജീവിക്കുന്നതും ഒടുവിൽ തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയായി മാറുന്നതും കണ്ടു.
ഇന്ന് നിങ്ങളുടെ പദവിയും സ്ഥാനപ്പേരും മാറിയിട്ടുണ്ടാകാം. പക്ഷേ നിങ്ങൾക്ക് ഒരു മാറ്റവുമില്ല. കലൈഞ്ജൻ അയ്യ മുതൽ, ജയലളിത അമ്മ, സ്റ്റാൻലിൻ അങ്കിൾ, ഒടുവിൽ എന്റെ സ്വന്തം ഉദയ വരെ എത്തിനിൽക്കുമ്പോൾ മുഖ്യമന്ത്രിയെ ഡാർലിങ് എന്ന് വിളിക്കാൻ കഴിഞ്ഞത് മനോഹരമായ അനുഭവമാണ്. എന്നിലെ ആ പഴയ ഫാൻ ബോയ് ഇപ്പോഴും അങ്ങനെ തന്നെയുണ്ട്. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.'-വിശാൽ കുറിച്ചു.
Content Highlights: Vishal met Tamil Nadu CM Vijay to celebrate his new political role., Vijay opted to fund the education of three underprivileged girls instead of receiving traditional bouquets and shawls., Vishal reflected on their long-standing friendship since their Loyola College days., The gesture highlights a shift in political culture towards social welfare.
Published: 16 Jun 2026, 03:49 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented