ആകാംക്ഷകൾക്ക് അറുതി. തെന്നിന്ത്യൻ സൂപ്പർതാരം വിശാൽ നായകനാവുന്നതോടൊപ്പം ആദ്യമായി സംവിധാനവും നിർവഹിക്കുന്ന പുതിയ സിനിമയായ 'മകുട'ത്തിന്റെ ടീസർ പുറത്തിറങ്ങി. വൃദ്ധന്റെ വേഷത്തിൽ ഉൾപ്പടെ വ്യത്യസ്തമായ മൂന്നു ഗെറ്റപ്പുകളിൽ ടീസറിൽ വിശാൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ടീസർ പുറത്തുവന്ന് നിമിഷങ്ങൾക്കകം സാമൂഹികമാധ്യമങ്ങളിലൂടെ വൈറലായി കാഴ്ചക്കാരെ ആകർഷിച്ച് മുന്നേറുന്നു.

To advertise here,

വിശാലിന്റെ പവർ പാക്ക്ഡ് ആക്ഷൻ എന്റർടെയ്‌നർ ആയിരിക്കും 'മകുടം' എന്ന് ടീസർ വ്യക്തമാക്കുന്നു. ഒരു മനുഷ്യനെ കത്തിച്ച്, അവൻ നിന്നുകത്തുന്ന തീയിൽനിന്നും വിശാൽ സിഗരറ്റ് കൊളുത്തുന്ന ഷോട്ടോടെയാണ് ടീസർ തുടങ്ങുന്നത്. കടലിന്റെ പശ്ചാത്തലത്തിൽ ചേസിങ്ങുകളും തീപാറുന്ന കിടിലൻ സംഘട്ടന രംഗങ്ങളും ഒപ്പം 'നാൻ കടലിലെ വാഴ്‌റവൻ അല്ല, അന്ത കടലയേ ആഴ്‌റവൻ' എന്ന പഞ്ച് ഡയലോഗോടെയുമാണ് ടീസർ അവസാനിക്കുന്നത്. അതുകൊണ്ടുതന്നെ ആക്ഷൻ ത്രില്ലർ സിനിമാ പ്രേമികൾക്ക് നല്ലൊരു ബ്രഹ്മാണ്ഡ വിരുന്നായിരിക്കും 'മകുടം' എന്ന് തീർച്ച.

തെന്നിന്ത്യയിലെ മുൻനിര നിർമാണ കമ്പനിയായ സൂപ്പർ ഗുഡ് ഫിലിംസ് നിർമിക്കുന്ന 99-ാമത്തെ സിനിമയാണിത്. വിശാൽ നായകനാവുന്ന 35-ാമത്തെ സിനിമയും.

ദുഷാരാ വിജയനാണ് ചിത്രത്തിൽ വിശാലിന്റെ ജോഡി. തമിഴ്-തെലുങ്ക് താരം അഞ്ജലിയും സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ജി.വി. പ്രകാശ് കുമാറാണ് സംഗീത സംവിധായകൻ. റിച്ചാർഡ് എം. നാഥൻ ഛായാഗ്രഹണം നിർവഹിക്കുന്നു. 'മകുട'ത്തിന്റെ ചിത്രീകരണം ചെന്നൈ, ഊട്ടി, പാലക്കാട് എന്നിവിടങ്ങളിലായി പൂർത്തിയായി. ജൂലൈയിൽ റിലീസ് ചെയ്യും.