
'ഹൃദയം', 'വര്‍ഷങ്ങള്‍ക്ക് ശേഷം' എന്നീ സൂപ്പര്‍ഹിറ്റ് സിനിമകള്‍ക്കു ശേഷം വിനീത് ശ്രീനിവാസനും വിശാഖ് സുബ്രഹ്‌മണ്യവും ചേര്‍ന്ന് ഒരുക്കുന്ന സിനിമയുടെ ഓവര്‍സീസ് വിതരണ അവകാശം സ്വന്തമാക്കി ഫാര്‍സ് ഫിലിംസ്. 'പ്രൊഡക്ഷന്‍ നമ്പര്‍ 3' എന്നാണ് ചിത്രത്തിന് താത്ക്കാലികമായി പേരിട്ടിരിക്കുന്നത്. മിഡില്‍ ഈസ്റ്റിലെ പ്രമുഖ സിനിമ വിതരണ കമ്പനിയായ ഫാര്‍സ് ഫിലിംസിന്റെ ഉടമയായ അഹമ്മദ് ഗോല്‍ച്ചിന്‍ എന്ന ഗുല്‍ഷനുമായി നില്‍ക്കുന്ന ചിത്രങ്ങള്‍ സഹിതം പങ്കുവെച്ചുകൊണ്ടാണ് വിശാഖ് പുതിയ വിശേഷം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്.
'മെറിലാന്‍ഡ് സിനിമാസിന്റേയും ഹാബിറ്റ് ഓഫ് ലൈഫിന്റേയും സഹനിര്‍മാണമായ 'പ്രൊഡക്ഷന്‍ നമ്പര്‍ 3' എന്ന ഞങ്ങളുടെ വരാനിരിക്കുന്ന ചിത്രത്തിന്റെ ഓവര്‍സീസ് തീയേറ്റര്‍ അവകാശം ഫാര്‍സ് ഫിലിംസിലെ അഹമ്മദ് ഗോല്‍ച്ചിന്‍ സ്വന്തമാക്കിയതായി അറിയിക്കുന്നതില്‍ ഏറെ അഭിമാനവും ആവേശവും ഉണ്ട്. 'ലവ് ആക്ഷന്‍ ഡ്രാമ', 'ഹൃദയം', 'വര്‍ഷങ്ങള്‍ക്കു ശേഷം' എന്നിവയ്ക്ക് ശേഷം ഇത് ഞങ്ങളുടെ നാലാമത്തെ സഹകരണമാണ്. ഞങ്ങളോപ്പം നിന്നതിന് ഗോല്‍ച്ചിന്‍ സര്‍, നന്ദി. ഞങ്ങളെപ്പോലുള്ള യുവാക്കളോട് നിങ്ങള്‍ കാണിച്ച സ്‌നേഹവും പിന്തുണയും വളരെയധികം പ്രോത്സാഹിപ്പിക്കുന്നതും ഏറെ അര്‍ത്ഥവുമാണ്. മെറിലാന്‍ഡ് സിനിമാസിലെ ഇതുവരെയുള്ള ഞങ്ങളുടെ എല്ലാ പ്രോജക്റ്റുകളിലും നിങ്ങളുമായി സഹകരിക്കാന്‍ കഴിഞ്ഞത് ഞങ്ങള്‍ക്ക് ഒരു ബഹുമതിയാണ്. നിങ്ങളുടെ പിന്തുണയ്ക്കും ആശംസകള്‍ക്കും നന്ദി', വിശാഖ് ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് കുറിച്ചു.
മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്‌മണ്യവും വിനീത് ശ്രീനിവാസന്റെ ഹാബിറ്റ് ഓഫ് ലൈഫും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. 'ആനന്ദം', 'ഹെലന്‍' എന്നീ ചിത്രങ്ങള്‍ക്ക് ശേഷമാണ് വിനീത് വീണ്ടും നിര്‍മാതാവിന്റെ കുപ്പായമണിയുന്നത്. ചിത്രത്തില്‍ നായകനായെത്തുന്നത് നോബിള്‍ ബാബുവാണ്. 'തിര'യ്ക്ക് ശേഷം വിനീത് ഒരുക്കുന്ന ത്രില്ലര്‍ ചിത്രമാണിതെന്ന പ്രത്യേകതയുമുണ്ട്.
മെറിലാന്‍ഡ് 1955- ല്‍ പുറത്തിറക്കിയ 'സിഐഡി' മലയാളത്തിലെ തന്നെ ആദ്യം ക്രൈം ത്രില്ലര്‍ സിനിമയായിരുന്നു. ഈ ചിത്രം 70 വര്‍ഷം തികയുന്ന വേളയിലാണ് ത്രില്ലര്‍ സിനിമയുമായി വീണ്ടും മെറിലാന്‍ഡ് എത്തുന്നത്. പ്രണയത്തിനും സൗഹൃദത്തിനും കുടുംബ ബന്ധങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്ന സിനിമകളാണ് വിനീത് സംവിധാനം ചെയ്ത ചിത്രങ്ങളില്‍ കൂടുതലും. ത്രില്ലര്‍ സിനിമയുമായി വിനീത് എത്തുമ്പോള്‍ പ്രേക്ഷകരും ഏറെ പ്രതീക്ഷയിലാണ്.
വലിയ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം ജോര്‍ജിയ, റഷ്യയുടെയും അസര്‍ബൈജാന്റേയും അതിര്‍ത്തികള്‍ എന്നിവിടങ്ങളിലായാണ് ഷൂട്ടിങ് പൂര്‍ത്തിയായിരിക്കുന്നത്. 2024 ഏപ്രില്‍ മുതല്‍ ഒരു വര്‍ഷമെടുത്താണ് ലൊക്കേഷന്‍ കണ്ടെത്തി പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ നടന്നത്. ഷിംല, ഛണ്ഡീഗഡ് എന്നിവിടങ്ങളില്‍ അഞ്ചുദിവസത്തെ ഷൂട്ടിങ് നടന്നിരുന്നു. ഒറ്റദിവസത്തെ ഷൂട്ടിങ് മാത്രമാണ് കേരളത്തില്‍ (കൊച്ചി) നടന്നത്.
പൂജ റിലീസായി സെപ്റ്റംബര്‍ 25-ന് തിയേറ്ററുകളിലെത്താനൊരുങ്ങുന്ന സിനിമയുടെ ടൈറ്റില്‍ വരുംദിവസങ്ങളില്‍ പുറത്തിറക്കാനൊരുങ്ങുകയാണ് അണിയറപ്രവര്‍ത്തകര്‍. ജോമോന്‍ ടി. ജോണ്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന സിനിമയില്‍ ഷാന്‍ റഹ്‌മാനാണ് സംഗീതം. 'തട്ടത്തിന്‍ മറയത്ത്', 'തിര', 'ജേക്കബിന്റെ സ്വര്‍ഗരാജ്യം' എന്നീ ചിത്രങ്ങള്‍ക്കു ശേഷം വിനീതിനൊപ്പം ജോമോനും ഷാനും വീണ്ടും ഒരുമിക്കുന്ന ചിത്രമാണിത്. രഞ്ജന്‍ എബ്രഹാമാണ് എഡിറ്റിങ്. നായകനായ നോബിള്‍ ബാബു തോമസാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. 'ജേക്കബിന്റെ സ്വര്‍ഗരാജ്യം' നിര്‍മിച്ച നോബിള്‍ ബാബു ഹെലന്റെ രചയിതാക്കളില്‍ ഒരാളായിരുന്നു. ഹെലനില്‍ അഭിനയിച്ചിട്ടുമുണ്ട്. ഓഡ്രി മിറിയവും രേഷ്മ സെബാസ്റ്റ്യനുമാണ് നായികമാര്‍. മനോജ് കെ. ജയന്‍, കലാഭവന്‍ ഷാജോണ്‍, ബാബുരാജ്, വിഷ്ണു ജി. വാരിയര്‍, ജോണി ആന്റണി എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.
സംവിധായകന്‍ കെ. മധുവിന്റെ മകള്‍ പാര്‍വതി കെ. മധുവും മരുമകന്‍ മാധവ് രമേശുമാണ് ചിത്രത്തിന്റെ ലൈന്‍ പ്രൊഡ്യൂസര്‍മാര്‍. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ശ്രാവണ്‍ കൃഷ്ണകുമാര്‍. മാക്ക് ഈറാക്ലി മക്കത്സാറീയ (മാക്ക് പ്രൊഡക്ഷന്‍സ്) ആണ് ജോര്‍ജിയയിലെ ലൈന്‍ പ്രൊഡ്യൂസര്‍. വസ്ത്രാലങ്കാരം: മാഷര്‍ ഹംസ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സജീവ് ചന്ദിരൂര്‍, ക്രിയേറ്റീവ് ഡയറക്ടര്‍: ഷാരൂഖ് റഷീദ്, സംഘട്ടനം: ലസാര്‍ വര്‍ദുകദ്‌സെ, നോബിള്‍ ബാബു തോമസ്, ഈറാക്ലി സബനാഡ്‌സെ, പ്രൊഡക്ഷന്‍ ഡിസൈനര്‍: വിനോദ് രവീന്ദ്രന്‍, കലാസംവിധാനം: അരുണ്‍ കൃഷ്ണ, മേക്കപ്പ്: മനു മോഹന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: അഭയ് വാരിയര്‍, സ്റ്റില്‍സ്: അനൂപ് ചാക്കോ, ഫിനാന്‍സ് കണ്‍ട്രോള്‍: വിജേഷ് രവി, ടിന്‍സണ്‍ തോമസ്, പിആര്‍ഒ: ആതിര ദില്‍ജിത്ത്.
Content Highlights: Phars films gets Vineeth-Visakh`s Thriller Overseas right
Published: 16 Jul 2025, 10:31 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented