മികച്ച കഥാപാത്രങ്ങളിലൂടെ ഇന്ത്യ മുഴുവനും ആരാധകരെ നേടിയ അഭിനേതാവാണ് വിക്രാന്ത് മാസി. ഈയടുത്ത് കരിയര്‍ ബ്രേക്കെടുക്കുകയാണെന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനം ആരാധകരെ നിരാശയിലാഴ്ത്തിയിരുന്നു. പിന്നീട് ഇത് ചെറിയൊരു ഇടവേള മാത്രമാണെന്ന് പറഞ്ഞ് അദ്ദേഹം രംഗത്തുവരികയും ചെയ്തു. സാമൂഹിക മാധ്യമത്തിൽ നിന്നുള്ള സമ്മര്‍ദവും അത്തരം പോസ്റ്റിടാന്‍ കാരണമായെന്ന് പറയുകയാണ് വിക്രാന്ത് മാസി. ഒരു ദേശീയ മാധ്യമത്തോട് പ്രതികരിക്കവേയാണ് അദ്ദേഹം ഇക്കാര്യം പങ്കുവെച്ചത്.

To advertise here,

''ഞാന്‍ സ്വപ്‌നം കണ്ട് ജീവിതം എനിക്ക് ലഭിച്ചു. ഇനി ആ ജീവിതം ജീവിക്കാനുള്ള സമയമാണ്. ഒന്നോര്‍ത്തോല്‍ എല്ലാം കാര്യങ്ങളും ക്ഷണികമാണ്. അതിനാലാണ് അടുത്ത വര്‍ഷം ഒരു ചിത്രം മാത്രം ചെയ്യുന്നത്. ജോലിയില്‍ നിന്ന് ഇടവേളയെടുക്കുന്നുവെന്ന പോസ്റ്റിന് സാമൂഹിക മാധ്യമ സമ്മര്‍ദ്ദവും ഒരു കാരണമാണ്. ഞാനൊരു പൊതുജീവിതമാണ് നയിക്കുന്നത് ഒരു പരിധി വരെ അന്തര്‍മുഖനായ വ്യക്തിയാണ് ഞാന്‍. മകന്‍ ജനിച്ചതിന് ശേഷം  ഭാര്യയ്ക്കും മകനുമൊപ്പം സമയം ചിലവഴിക്കാന്‍ സാധിച്ചിരുന്നില്ല. ഒരു നടന്‍, മകന്‍, അച്ഛന്‍, ഒരു ഭര്‍ത്താവ് എന്ന നിലയില്‍ കൂടുതൽ ഉത്തരവാദിത്തമുള്ള സമയമാണിത്. അതുകൊണ്ടാണ് ഞാന്‍ ആ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ അങ്ങനെ എഴുതിയത്''- വിക്രാന്ത് മാസി പറയുന്നു.

'അസാധാരണമായിരുന്നു കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍. നിങ്ങളുടെ അകമഴിഞ്ഞ പിന്തുണയ്ക്ക് ഞാന്‍ ഓരോരുത്തര്‍ക്കും നന്ദി പറയുന്നു. പക്ഷേ, മുന്നോട്ട് നോക്കുമ്പോള്‍ ഒരു ഭര്‍ത്താവ്, പിതാവ്, മകന്‍ എന്ന നിലയില്‍ വീട്ടിലേക്ക് മടങ്ങാനുള്ള സമയമാണിതെന്ന് മനസ്സിലാക്കുന്നു. കൂടാതെ  ഒരു അഭിനേതാവ് എന്ന നിലയിലും. 2025-ല്‍ നമ്മള്‍ പരസ്പരം അവസാനമായി കാണും. ഒരിക്കല്‍ക്കൂടി നന്ദി''- വിക്രാന്ത് മാസി ഇന്‍സ്റ്റാഗ്രാമില്‍ ഇടവേളയെ പറ്റി കുറിച്ചത് ഇങ്ങനെയായിരുന്നു

2007ല്‍ 'ധൂം മച്ചാവോ ധൂം' എന്ന ടെലിവിഷന്‍ ഷോയില്‍ ആമിര്‍ ഹാസന്‍ എന്ന കഥാപ്രാത്രത്തെ അവതരിപ്പിച്ചാണ് വിക്രാന്ത് മാസി അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. ധരം വീര്‍, ബാലികാവധു, ബാബ ഐസോ വര്‍ ധൂണ്ടോ, ഖുബൂല്‍ ഹേ  തുടങ്ങിയ ടെലിവിഷന്‍ സീരിയലുകളില്‍ അഭിനയിച്ചു. ബാലികാ വധുവില്‍  ശ്യാം സിങ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് മാസി വലിയ പ്രേക്ഷകപ്രശംസ നേടി. 

2013-ല്‍ രണ്‍വീര്‍ സിങ്, സോനാക്ഷി സിന്‍ഹ എന്നിവര്‍ പ്രധാനവേഷത്തില്‍ എത്തിയ വിക്രമാദിത്യ മോഠ്വനിയുടെ ലൂട്ടേര എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. മിര്‍സാപുര്‍ പരമ്പരയിലെ പ്രകടനം കരിയറിലെ പ്രധാന വഴിത്തിരിവായിരുന്നു. മലയാളചിത്രം ഫോറന്‍സികിന്റെ റീ മേക്കില്‍ അഭിനയിച്ചു. പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച  ട്വല്‍ത് ഫെയ്ല്‍, സെക്ടര്‍ 36, സബര്‍മതി എക്സ്പ്രസ് എന്നീ സിനിമകള്‍ വലിയ വിജയം കൈവരിച്ചിരുന്നു.