നടൻ വിജയ് രാഷ്ട്രീയ പ്രവേശനത്തിന് ഒരുങ്ങുന്നതായുള്ള ചർച്ചകൾ സജീവമായി തുടരുകയാണ്. ആരാധക സംഘടനയായ 'ദളപതി വിജയ് മക്കൾ ഇയക്ക'ത്തിന്റെ (ടി.വി.എം.ഐ.) ഓരോ നിയമസഭാ മണ്ഡലങ്ങളിലെയും ചുമതലക്കാരുമായി വിജയ് കൂടിക്കാഴ്ച നടത്തിയത് രാഷ്ട്രീയ പ്രവേശനത്തോട് ചേർത്തുവെച്ചുള്ള ചർച്ചകൾ നടക്കുകയാണ്. ചെന്നൈയ്ക്ക് സമീപം പനയൂരിലുള്ള വിജയ്‍യുടെ ഫാം ഹൗസിലായിരുന്നു യോഗം.

To advertise here,

ഇപ്പോഴിതാ, വിജയ് പദയാത്രയ്ക്ക് ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. തമിഴ്നാട്ടിൽ ഉടനീളമുള്ള ഈ പദയാത്ര ലോകേഷ് കനകരാജ് ചിത്രം ലിയോയ്ക്ക് മുൻപായിരിക്കുമെന്നും വിവരങ്ങളുണ്ട്. സംഭവത്തിൽ ഔദ്യോ​ഗിക പ്രഖ്യാപനമൊന്നും വന്നിട്ടില്ല. 

അതേസമയം, 'ദളപതി വിജയ് മക്കൾ ഇയക്ക'ത്തിന്റെ ഓരോ നിയമസഭാ മണ്ഡലങ്ങളിലെയും ചുമതലക്കാരുമായി വിജയ് നടത്തുന്ന കൂടിക്കാഴ്ച ബുധനാഴ്ചയും തുടരും. മക്കൾ ഇയക്കത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് കഴിഞ്ഞ ദിവസത്തെ യോ​ഗത്തിൽ ചർച്ച ചെയ്തുവെന്നാണ് വിവരങ്ങൾ. രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള വിവരങ്ങൾ വിജയ് പങ്കുവെച്ചിട്ടില്ലെന്നാണ് യോ​ഗത്തിൽ പങ്കെടുത്ത പ്രവർത്തകർ പറയുന്നത്. രാഷ്ട്രീയ പ്രവർത്തനത്തിനായി സിനിമയിൽ നിന്നും വിജയ് മൂന്ന് വർഷം ഇടവേളയെടുക്കുമെന്ന അഭ്യൂഹങ്ങളും പ്രവർത്തകർ തള്ളിയിരുന്നു.

സംസ്ഥാനത്തെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും 10, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയംനേടിയ വിദ്യാർഥികളെ കഴിഞ്ഞമാസം നടത്തിയ ചടങ്ങിൽ വിജയ് ആദരിച്ചിരുന്നു. പരിപാടി വലിയ വിജയമായിരുന്നു. ഇതിന്റെ സംഘാടകരെ അനുമോദിക്കുക എന്ന ലക്ഷ്യവും യോ​ഗത്തിനുണ്ട്. മണ്ഡലങ്ങളിലെ പ്രവർത്തനങ്ങൾ സജീവമാക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ നടന്നുവെന്നും വിവരങ്ങളുണ്ട്. 234 മണ്ഡലങ്ങളിലെ ദളപതി വിജയ് മക്കൾ ഇയക്കത്തിന്റെ ചുമതലക്കാരുമായാണ് വിജയ് കൂടിക്കാഴ്ച നടത്തുന്നത്. ചൊവ്വാഴ്ച 15 ജില്ലകളിൽ നിന്നുള്ള 115 ചുമതലക്കാരെ കഴിഞ്ഞ ​​​ദിവസം നേരിൽ കണ്ടുവെന്നാണ് റിപ്പോർട്ടുകൾ.