വിജയ് സേതുപതിയുടെ മാസ് പെര്‍ഫോമന്‍സിലൂടെ പ്രേക്ഷകര്‍ ഏറ്റെടുത്ത ചിത്രമാണ് മഹാരാജ. തമിഴ്‌നാടിന് പുറത്തും ചിത്രം വലിയ രീതിയില്‍ സ്വീകരിക്കപ്പെട്ടിരുന്നു. വൈകാതെ തന്നെ വിജയ് സേതുപതിയുടെ കരിയറിലെ ആദ്യ 100 കോടി ചിത്രമായും മഹാരാജ മാറി. ഇപ്പോഴിതാ പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇന്ത്യയും കടന്ന് തായ്‌വാനിന്റെ ഹൃദയവും കീഴടക്കുകയാണ് മഹാരാജ.

To advertise here,

ജൂണ്‍ 18 ന് നെറ്റ്ഫ്‌ളിക്‌സില്‍ എത്തിയ ചിത്രം തായ്‌വാനില്‍ ടോപ് 10 ഇംഗ്ലീഷ് ഇതര ചിത്രങ്ങളുടെ പട്ടികയില്‍ ഇടം നേടുകയും 6 ആഴ്ച തുടര്‍ച്ചയായി ആ സ്ഥാനം നിലനിര്‍ത്തുകയും ചെയ്തു. ഒ.ടി.ടി. റിലീസിന് പിന്നാലെ മറ്റ് പല ഭാഷകളിലും ചിത്രം മികച്ച പ്രതികരണം നേടിയിരുന്നു. ചിത്രത്തിലെ കഥാമുഹൂര്‍ത്തങ്ങളെ കുറിച്ചും വിജയ് സേതുപതി ഉള്‍പ്പടെയുള്ളവരുടെ അഭിനയത്തെ കുറിച്ചുമെല്ലാം തായ്‌വാനീസ് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ വലിയ ചര്‍ച്ചകള്‍ നടന്നിരുന്നു.

നിതിലന്‍ സ്വാമിനാഥന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രത്തിലെ അനുരാഗ് കശ്യപിന്റെ വില്ലന്‍ വേഷവും ശ്രദ്ധേയമായിരുന്നു. നട്ടി (നടരാജ്), ഭാരതിരാജ, അഭിരാമി,  മംമ്ത മോഹന്‍ദാസ്, സിംഗംപുലി, കല്‍ക്കി എന്നിവരും പ്രധാനവേഷത്തിലെത്തി. പാഷന്‍ സ്റ്റുഡിയോസ്, ദി റൂട്ട് എന്നിവയുടെ ബാനറില്‍ സുധന്‍ സുന്ദരവും ജഗദീഷ് പളനിസാമിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.