ചെന്നൈ: നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ്‌യിൽ നിന്ന് വിവാഹമോചനം തേടി ഭാര്യ സംഗീത സ്വർണലിംഗം സമർപ്പിച്ച ഹർജി കോടതി തിങ്കളാഴ്ച പരിഗണിച്ചേക്കും. ചെങ്കൽപേട്ട് കുടുംബകോടതിയിലാണ് സംഗീത ഹർജി സമർപ്പിച്ചത്. ഹർജി സ്വീകരിച്ച കോടതി വിജയ്‌യോട് നേരിട്ട് ഹാജരാവാൻ ആവശ്യപ്പെട്ടിരുന്നു.

To advertise here,

പരസ്പരധാരണയോടെയുള്ള വിവാഹമോചനത്തിന് വിജയ് തയ്യാറാണെന്ന് അറിയിച്ചെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. അഭിഭാഷകർ മുൻകൈയെടുത്ത് മധ്യസ്ഥചർച്ച നടന്നുവെന്നാണ് വിവരം. ചെന്നൈയിൽ മുംബൈയിൽ നിന്നുള്ള ഒരു ജ്യോത്സ്യന്റെ സാന്നിധ്യത്തിലായിരുന്നു ചർച്ചകളെന്നും വിവരമുണ്ട്. കുടുംബവുമായി നേരത്തെ ബന്ധമുള്ള വ്യക്തിയാണ് മധ്യസ്ഥനായ ജ്യോത്സ്യൻ.

വിജയ് തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ വെളിപ്പെടുത്തിയ സ്വത്തുക്കൾ അടിസ്ഥാനമാക്കി മതിയായ നഷ്ടപരിഹാരം വേണമെന്ന് സംഗീതയുടെ ഭാഗം ചർച്ചയിൽ ആവശ്യപ്പെട്ടു. തനിക്ക് മാത്രമല്ല, മക്കളുടെ പേരിലും അർഹമായ വിഹിതം വേണമെന്നും അവർ ആവശ്യപ്പെട്ടതായി പറയപ്പെടുന്നു. സംഗീതയ്ക്ക് നഷ്ടപരിഹാരം നൽകാമെന്ന് സമ്മതിച്ച വിജയ് മക്കളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ തയ്യാറാണെന്നും ചർച്ചയിൽ അറിയിച്ചു.

250 കോടിയാണ് സംഗീത നഷ്ടപരിഹാരം ആവശ്യപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സംഗീതയ്ക്കു മാത്രം 35 കോടി നൽകാമെന്ന് വിജയ് സമ്മതിച്ചതായും പറയപ്പെടുന്നുണ്ട്.

നടിയുമായി വിവാഹേതരബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു സംഗീത വിവാഹമോചന ഹർജി സമർപ്പിച്ചത്. തിങ്കളാഴ്ച സംഗീത മാധ്യമങ്ങളെ കാണുമെന്നും ഇതുസംബന്ധിച്ച തെളിവുകൾ പുറത്തുവിടുമെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ, മധ്യസ്ഥ ചർച്ചകൾക്കുശേഷം തീരുമാനം മാറ്റിയെന്നാണ് വിവരം. വിജയ്‌യുടെ അഭ്യർഥന പരിഗണിച്ചാണ് സംഗീതയുടെ മനംമാറ്റം.

കേസ് ഫയലിൽ സ്വീകരിച്ച കോടതി വിജയ്‌യോട് നേരിട്ട് ഹാജരാവാൻ ആവശ്യപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ താരം കോടതിയിൽ ഹാജരാവുമോ എന്നാണ് തമിഴ്‌നാട്ടിൽ ആകാംക്ഷ. സാഹചര്യം ചൂണ്ടിക്കാട്ടി നേരിട്ട് ഹാജരാവാൻ സമയം നീട്ടി ചോദിക്കാനാണ് സാധ്യതയെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

1999 ഓഗസ്റ്റ് 25-നാണ് വിജയ്‌യും സംഗീതയും വിവാഹിതരായത്. തമിഴ് വ്യവസായിയുടെ മകളായ സംഗീത വിവാഹത്തിന് മുൻപ് വിജയ്‌യുടെ വലിയൊരു ആരാധികയായിരുന്നു. ഇവർക്ക് ജേസൺ സഞ്ജയ്, ദിവ്യ സാഷ എന്നിങ്ങനെ രണ്ട് മക്കളുണ്ട്. 1954-ലെ സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരമാണ് സംഗീത വിവാഹമോചനത്തിന് അപേക്ഷ നൽകിയത്. വിജയ്ക്ക് മറ്റൊരു നടിയുമായി വിവാഹേതര ബന്ധമുണ്ടെന്ന് സംഗീത ഹർജിയിൽ ആരോപിച്ചു. 2021-ലാണ് താൻ ഈ ബന്ധത്തെക്കുറിച്ച് അറിഞ്ഞതെന്നും ഇത് അവസാനിപ്പിക്കുമെന്ന് വിജയ് ഉറപ്പ് നൽകിയിരുന്നതായും അവർ പറയുന്നു.