
ആരാധക സംഘടനയായ 'ദളപതി വിജയ് മക്കൾ ഇയക്ക'ത്തിന്റെ (ടി.വി.എം.ഐ.) ഓരോ നിയമസഭാ മണ്ഡലങ്ങളിലെയും ചുമതലക്കാരുമായി നടൻ വിജയ് കൂടിക്കാഴ്ച നടത്തി. താരത്തിന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള ചർച്ചകൾ സജീവമാകുന്നതിനിടെയാണ് കൂടിക്കാഴ്ച. ചെന്നൈയ്ക്ക് സമീപം പനയൂരിലുള്ള വിജയ്യുടെ ഫാം ഹൗസിലായിരുന്നു യോഗം.
മക്കൾ ഇയക്കത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് യോഗത്തിൽ ചർച്ച ചെയ്തുവെന്നാണ് വിവരങ്ങൾ. രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള വിവരങ്ങൾ വിജയ് പങ്കുവെച്ചിട്ടില്ലെന്നാണ് യോഗത്തിൽ പങ്കെടുത്ത പ്രവർത്തകർ പറയുന്നത്. രാഷ്ട്രീയ പ്രവർത്തനത്തിനായി സിനിമയിൽ നിന്നും വിജയ് മൂന്ന് വർഷം ഇടവേളയെടുക്കുമെന്ന അഭ്യൂഹങ്ങളും പ്രവർത്തകർ തള്ളിയിട്ടുണ്ട്. സംഭവത്തിൽ ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഒന്നും വന്നിട്ടില്ല.
സംസ്ഥാനത്തെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും 10, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയംനേടിയ വിദ്യാർഥികളെ കഴിഞ്ഞമാസം നടത്തിയ ചടങ്ങിൽ വിജയ് ആദരിച്ചിരുന്നു. പരിപാടി വലിയ വിജയമായിരുന്നു. ഇതിന്റെ സംഘാടകരെ അനുമോദിക്കുക എന്ന ലക്ഷ്യവും യോഗത്തിനുണ്ടായിരുന്നു. മണ്ഡലങ്ങളിലെ പ്രവർത്തനങ്ങൾ സജീവമാക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ നടന്നുവെന്നും വിവരങ്ങളുണ്ട്.
234 മണ്ഡലങ്ങളിലെ ദളപതി വിജയ് മക്കൾ ഇയക്കത്തിന്റെ ചുമതലക്കാരുമായാണ് വിജയ് കൂടിക്കാഴ്ച നടത്തുന്നത്. ചൊവ്വാഴ്ച 15 ജില്ലകളിൽ നിന്നുള്ള 115 ചുമതലക്കാരെ നേരിൽ കണ്ടുവെന്നാണ് റിപ്പോർട്ടുകൾ. കൂടിക്കാഴ്ച ബുധനാഴ്ചയും തുടരും.
Content Highlights: vijay meets thalapathy vijay makkal iyakkam leaders vijay political entry
Published: 11 Jul 2023, 08:28 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented