മലയാളത്തിൽ എങ്ങനെയാണ് ഇത്ര നല്ല സിനിമകൾ ഉണ്ടാകുന്നതെന്ന് താൻ ആലോചിക്കാറുണ്ടെന്നും പുതിയ മലയാള ചിത്രങ്ങൾക്കായി കാത്തിരിക്കാറുണ്ടെന്നും തെലുഗു സൂപ്പർതാരം വിജയ് ദേവരകൊണ്ട. തന്റെ പുതിയ ചിത്രമായ 'ഖുഷി'യുടെ ട്രെയ്‌ലർ ലോഞ്ച് വേദിയിലാണ് വിജയ് ദേവരകൊണ്ട മലയാള സിനിമയെ പ്രശംസ കൊണ്ട് മൂടിയത്.

To advertise here,

നമ്മളെല്ലാവരും മലയാള സിനിമകൾ ഇഷ്ടപ്പെടുന്നവരാണ്. മലയാളത്തിൽ എങ്ങനെ ഇത്ര നല്ല സിനിമകളും പ്രകടനങ്ങളും ഉണ്ടാവുന്നു എന്ന് ഞാൻ ആലോചിക്കാറുണ്ട്. പുതിയ പല മലയാളചിത്രങ്ങൾക്കുമായുള്ള കാത്തിരിപ്പിലാണ് ഞാൻ. ദുൽഖറിന്റെ 'കിങ്ങ് ഓഫ് കൊത്ത'യാണ് ഞാൻ ഇപ്പോൾ കാത്തിരിക്കുന്ന ചിത്രം. ദേവരകൊണ്ട പറഞ്ഞു.

'മഹാനടി' എന്ന ചിത്രത്തിനു ശേഷം സാമന്തയും വിജയ് ദേവരകൊണ്ടയും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ഖുഷി. 'മജിലി', 'ടക്ക് ജഗദീഷ്' തുടങ്ങിയ ചിത്രങ്ങൾ ഒരുക്കിയ ശിവ നിർവാണയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംവിധാനവും നിർവഹിക്കുന്നത്. മലയാളിയായ ഹിഷാം അബ്ദുൽ വഹാബാണ് സംഗീതം.

ജയറാം ചിത്രത്തിലെ ഒരു പ്രധാനകഥാപാത്രമായി എത്തുന്നുണ്ട്. സച്ചിൻ ഖേദേക്കർ, മുരളി ശർമ്മ ലക്ഷ്മി, അലി, രോഹിണി, വെണ്ണേല കിഷോർ, രാഹുൽ രാമകൃഷ്ണ, ശ്രീകാന്ത് അയ്യങ്കാർ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.  മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറിൽ നവീൻ യേർനേനിയും രവിശങ്കർ എലമഞ്ചിലിയുമാണ് നിർമാണം. തെലുഗുവിൽ നിർമിച്ച ചിത്രം മലയാളം, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളില ഡബ്ബ് ചെയ്ത് എത്തുന്നുണ്ട്. സെപ്റ്റംബർ ഒന്നിനാണ് റിലീസ്.