​ഗായകനും സം​ഗീത സംവിധായകനും നടനുമായ വിജയ് ആന്റണി സംവിധാനം ചെയ്ത് ഇക്കഴിഞ്ഞ പത്തൊമ്പതാം തീയതി തിയേറ്ററുകളിലത്തിയ ചിത്രമാണ് പിച്ചൈക്കാരൻ 2. ചിത്രത്തിന്റെ തെലുങ്ക് മൊഴിമാറ്റ പതിപ്പ് ബിച്ച​ഗാഡു 2 എന്ന പേരിലാണ് ആന്ധ്ര, തെലുങ്കാന സംസ്ഥാനങ്ങളിലെത്തിയത്. തമിഴിൽ സമ്മിശ്ര പ്രതികരണമാണ് ലഭിച്ചതെങ്കിലും തെലുങ്കിൽ മികച്ച പ്രതികരണം നേടി മുന്നോട്ടുകുതിക്കുകയാണ് ചിത്രം. 

To advertise here,

സിനിമയുടെ വിജയം വ്യത്യസ്തമായ രീതിയിൽ ആഘോഷിച്ചിരിക്കുകയാണ് വിജയ് ആന്റണിയും സംഘവും. ആന്ധ്ര ഈസ്റ്റ് ​ഗോദാവരി ജില്ലയിലെ രാജാമുൻഡ്രിയിലായിരുന്നു ബിച്ച​ഗാഡു 2 ടീമിന്റെ വിജയാഘോഷം. പ്രദേശത്തെ തെരുവിലലയുന്ന ഒരുപറ്റം ആളുകൾക്ക് മുന്തിയ ഒരു ഭക്ഷണശാലയിൽ വെച്ച് വിരുന്ന് നൽകുകയായിരുന്നു വിജയ് ആന്റണിയും സംഘവും ചെയ്തത്. ഇതിന്റെ വീഡിയോ വിജയ് ആന്റണി ട്വീറ്റ് ചെയ്തിട്ടുണ്ട്. അതിഥികൾക്ക് താരം തന്നെയാണ് ഭക്ഷണം വിളമ്പിനൽകുന്നത്. ഇവർക്കൊപ്പം ചിത്രമെടുക്കുകയും ചെയ്തു അദ്ദേഹം.

കഴിഞ്ഞയാഴ്ച തിരുപ്പതിയിലെ ഭിക്ഷാടകർക്ക് വിജയ് ആന്റണി ചെരിപ്പുകളും പുതപ്പുകളും വിതരണം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് രാജാമുൻഡ്രിയിലെ വിജയാഘോഷവും അദ്ദേഹം സംഘടിപ്പിച്ചത്. ഒമ്പത് ദിവസംകൊണ്ട് 16 കോടി രൂപയാണ് ബിച്ച​ഗാഡു 2 നേടിയത്. തെലുങ്കിലെ ഈ വർഷത്തെ സൂപ്പർഹിറ്റിലേക്ക് കുതിക്കുകയാണ് ചിത്രം.

ഈ വിജയം മുൻനിർത്തി സിനിമ മലയാളത്തിലും കന്നഡയിലും മൊഴിമാറ്റിയിറക്കാൻ അണിയറപ്രവർത്തകർക്ക് പദ്ധതിയുണ്ട്. വിജയ് ആന്റണി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് പിച്ചൈക്കാരൻ 2. 2016-ൽ അദ്ദേഹം നായകനായെത്തിയ സൂപ്പർഹിറ്റ് ചിത്രം പിച്ചൈക്കാരന്റെ രണ്ടാം ഭാ​ഗമാണ് പുതിയ ചിത്രം. കാവ്യാ ഥാപ്പർ, രാധാ രവി, വൈ.ജി. മഹേന്ദ്രൻ, മൻസൂർ അലി ഖാൻ, ഹരീഷ് പേരടി, ജോൺ വിജയ്, ദേവ് ​ഗിൽ, യോ​ഗി ബാബു എന്നിവരാണ് സിനിമയിലെ മറ്റുകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ എഡിറ്റിങ്ങും സം​ഗീതസംവിധാനവും നിർവഹിച്ചിരിക്കുന്നത് വിജയ് ആന്റണി തന്നെയാണ്.