കോട്ടയം: ''എന്നെ പ്രചോദിപ്പിച്ച പാട്ടിനുതന്നെ ദേശീയ അവാർഡ് കിട്ടി. വലിയ സന്തോഷം'' -മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചതിനോട് പ്രതികരിക്കുകയായിരുന്നു വൈക്കം വിജയലക്ഷ്മി.

To advertise here,

''ഉയർന്നുവാ... ഉയർന്നുവാ... തടകളെ നീ ഉടച്ചുവാ, ഉയർന്നുവാ... ഉയർന്നുവാ... ഉലകിനെ നീ ജയിച്ചുവാ... എന്ന വരികൾ കേൾക്കുമ്പോൾ മുന്നോട്ടുപോകാനുള്ള ശക്തി മനസ്സിൽ നിറയാറുണ്ട്. എന്തെല്ലാം പ്രതിബന്ധങ്ങളെ തരണംചെയ്താണ് ഞാനും മുന്നോട്ടുപോയിട്ടുള്ളത്'' -വിജയലക്ഷ്മി പറയുന്നു.

''വൈക്കത്തപ്പനും ആദിപരാശക്തിക്കും കുടുംബ പരദൈവത്തിനും നന്ദി പറഞ്ഞു. എനിക്കൊപ്പം മികച്ച നടനായി മമ്മൂക്കയ്ക്ക് അവാർഡ് കിട്ടിയെന്നറിഞ്ഞ്, രണ്ട് വൈക്കംകാരുടെ വിജയത്തെക്കുറിച്ച് ചിന്തിച്ചു. അദ്ദേഹത്തെ വിളിച്ചുനോക്കി. പക്ഷേ, കിട്ടിയില്ല. എന്റെ സന്തോഷം അദ്ദേഹത്തെ അറിയിക്കണം. അഭിനന്ദിക്കണമെന്നും ആഗ്രഹമുണ്ട്. ദിപു നൈനാൻ തോമസ് ചേട്ടനാണ് സംഗീതം. ഈ പാട്ട് ഇഷ്ടമാണ്. എന്നാലും ആദ്യമായി പാടാൻ അവസരംതന്ന 'സെല്ലുലോയ്ഡ്' സിനിമയിലെ 'കാറ്റേ കാറ്റേ...' എന്ന പാട്ട് കഴിഞ്ഞേയുള്ളൂ എനിക്കെന്തും. ഇളയരാജ സാർ, എ.ആർ. റഹ്‌മാൻ സാർ എന്നിവർക്കൊപ്പം പ്രവർത്തിക്കണമെന്നും ആഗ്രഹമുണ്ട്.'' - വിജയലക്ഷ്മി പറയുന്നു.

കാഴ്ചയുടെ പരിമിതികളെ സംഗീതത്തിന്റെ കരുത്തുകൊണ്ട് മറികടന്ന കലാകാരിയാണ് വൈക്കം വിജയലക്ഷ്മി. വൈക്കം ഉദയനാപുരം ഉഷാനിലയത്തിൽ വി. മുരളീധരന്റെയും പി.കെ. വിമലയുടെയും മകൾ. അഞ്ചാം വയസ്സിലാണ് സംഗീതലോകത്തെത്തുന്നത്. തൃപ്പൂണിത്തുറ സംഗീതകോളേജിൽ യേശുദാസിന്റെ ഗുരു കല്യാണസുന്ദരത്തിൽനിന്നാണ് ബാലപാഠങ്ങൾ പഠിച്ചത്. അപൂർവ സംഗീതോപകരണമായ ഗായത്രിവീണ വായിക്കുന്നതിലും പ്രാവീണ്യം നേടിയിട്ടുണ്ട്.

ഒറ്റയ്ക്കുപാടുന്ന പൂങ്കുയിലേ... എന്ന പാട്ടിന് മികച്ച പിന്നണിഗായികയ്ക്കുള്ള സംസ്ഥാനപുരസ്‌കാരം നേടി. കേരള സംഗീതനാടക അക്കാദമിയുടെ കലാശ്രീ പുരസ്‌കാരം, 2012-ലെ കേരള സംസ്ഥാന ചലച്ചിത്രപുരസ്‌കാരത്തിൽ ജൂറിയുടെ പ്രത്യേക പരാമർശം എന്നിവ ലഭിച്ചിട്ടുണ്ട്. മലയാളം, തമിഴ്, തെലുഗു, കന്നഡ, ഹിന്ദി, ബംഗാളി, സംസ്‌കൃതം എന്നീ ഭാഷകളിലായി ഇരുനൂറിലധികം പാട്ടുകൾ പാടി. ഈ വർഷം തമിഴ്‌നാട് സർക്കാരിന്റെ ചലച്ചിത്രപുരസ്‌കാരം ലഭിച്ചത് 'വേലൈനു വന്തിട്ടാ വെള്ളക്കാരൻ' എന്ന സിനിമയിൽ വിജയലക്ഷ്മി പാടിയ 'ആരവല്ലി' എന്ന ഗാനത്തിനാണ്.