മാന്ത്രികവിരലുകളാല്‍ തബലയില്‍ വിസ്മയതാളം തീര്‍ത്ത ഉസ്താദിന് വിട. പിറന്നുവീണതിന് പിന്നാലെ പിതാവും തബല വാദകനുമായ ഉസ്താദ് അല്ലാ റഖാ ഖാനില്‍നിന്ന് തബലയുടെ താളം കേട്ടുവളര്‍ന്ന സാക്കിര്‍ ഹുസൈന്‍ അല്ലാ റഖാ ഖുറേഷി എന്ന ഉസ്താദ് സാക്കിര്‍ ഹുസൈന്റെ ജീവിതം സംഗീതത്തിനായി ഉഴിഞ്ഞുവെച്ചതായിരുന്നു. സംഗീതമാണ് തന്റെ മതമെന്നും ആ മതം എല്ലാമതങ്ങളെയും ഉള്‍ക്കൊള്ളുന്നതാണെന്നും ഉറക്കെ പറഞ്ഞ മഹാപ്രതിഭ കൂടിയായിരുന്നു ഉസ്താദ് സാക്കിര്‍ ഹുസൈന്‍.
1951 മാര്‍ച്ച് ഒന്‍പതിന് മുംബൈയിലായിരുന്നു സാക്കിര്‍ ഹുസൈന്റെ ജനനം. മുംബൈയില്‍ കുട്ടിക്കാലം ചെലവഴിച്ച സാക്കിര്‍ ഹുസൈന് പിതാവും തബലവാദകനുമായ അല്ലാ രഖാ തന്നെയായിരുന്നു സംഗീതത്തിലെ ഗുരു. മാഹിമിലെ സെയിന്റ് മൈക്കല്‍സ് ഹൈസ്‌കൂളിലും മുംബൈ സെയിന്റ് സേവ്യേഴ്‌സ് കോളേജിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അദ്ദേഹം തന്റെ 12-ാം വയസ്സിലാണ് സ്വതന്ത്രമായി തബല വായിച്ച് അരങ്ങേറ്റം കുറിക്കുന്നത്. തുടര്‍ന്നങ്ങോട്ട് ആ വിരലുകളില്‍നിന്ന് പിറന്നത് മാസ്മരികതനിറഞ്ഞ തബലപ്പെരുക്കം.
1973-ല്‍ പുറത്തിറങ്ങിയ 'ലിവിങ് ഇന്‍ ദി മെറ്റീരിയല്‍ വേള്‍ഡ്' ആണ് സാക്കിര്‍ ഹുസൈന്റെ ആദ്യ ആല്‍ബം. പിന്നീടങ്ങോട്ട് സംഗീതാസ്വദകരുടെ മനംകവര്‍ന്ന ഒട്ടേറെ ആല്‍ബങ്ങള്‍ അദ്ദേഹത്തിന്റേതായി പുറത്തുവന്നു. വേദികളില്‍ അദ്ദേഹം തബലയില്‍ താളവിസ്മയം തീര്‍ത്തു.
1973-ല്‍ ഇംഗ്ലീഷ് ഗിറ്റാറിസ്റ്റ് ജോണ്‍ മക് ലാഫ്‌ലിന്‍, വയലിനിസ്റ്റ് എല്‍. ശങ്കര്‍, ഘടം വാദകന്‍ ടി.ച്ച്. വിനായക്‌റാം എന്നിവര്‍ക്കൊപ്പം ചേര്‍ന്ന് ഹിന്ദുസ്ഥാനി സംഗീതത്തെ പാശ്ചാത്യസംഗീതവുമായി സമന്വയിപ്പിച്ച ശൈലി അന്ന് വേറിട്ടതായിരുന്നു. ഇതിനൊപ്പം 'ശക്തി' എന്ന പേരിലുള്ള മ്യൂസിക് ബാന്‍ഡിലും അദ്ദേഹം പങ്കാളിയായി. 1999-ല്‍ പുറത്തിറങ്ങിയ 'വാനപ്രസ്ഥം' അടക്കമുള്ള സിനിമകള്‍ക്കും സാക്കിര്‍ ഹുസൈന്‍ സംഗീതം നല്‍കി.
1990-ല്‍ കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്‌കാരം അദ്ദേഹത്തിന് ലഭിച്ചു. സംഗീത നാടക പുരസ്‌കാരം ലഭിക്കുന്ന ഏറ്റവും പ്രായംകുറഞ്ഞ സംഗീതജ്ഞരില്‍ ഒരാളായിരുന്നു സാക്കിര്‍ ഹുസൈന്‍. 1988-ല്‍ പദ്ശ്രീയും 2002-ല്‍ പദ്മഭൂഷണും 2023-ല്‍ പദ്മവിഭൂഷണും നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു. നാലുതവണ ഗ്രാമി അവാര്‍ഡും ലഭിച്ചു.
1990-കളില്‍ പുറത്തിറങ്ങിയ സാക്കിര്‍ ഹുസൈന്റെ 'ബ്രൂക്ക് ബോണ്ട് താജ്മഹല്‍ ചായ'യുടെ പരസ്യം ഏറെ പ്രശസ്തമായിരുന്നു. ഇന്ത്യക്കാര്‍ക്കിടയില്‍ സാക്കിര്‍ ഹുസൈനൊപ്പം ആ ചായപ്പരസ്യവും സുപരിചിതമായി. തബലയുടെ മാന്ത്രികതാളം നിറഞ്ഞുനിന്ന താജ്മഹല്‍ പരസ്യങ്ങള്‍ ആരാധകരുടെ മനംകവര്‍ന്നു. നിമിങ്ങള്‍ നീണ്ടുനിന്ന തബലവാദനത്തിന് ശേഷം സാക്കിര്‍ ഹുസൈനെ 'വാഹ് ഉസ്താദ് വാഹ്' എന്നുപറഞ്ഞ് പുകഴ്ത്തുമ്പോള്‍ 'അരേ ഹുസൂര്‍, വാഹ് താജ് ബോലിയേ' എന്ന് സാക്കിര്‍ ഹുസൈന്‍ മറുപടി നല്‍കുന്ന പരസ്യം അക്കാലത്ത് ജനങ്ങള്‍ ഏറ്റെടുത്ത പരസ്യചിത്രങ്ങളിലൊന്നായിരുന്നു.
Content Highlights: ustad zakir hussain began his tabala playing at the age of 12, and his famous tajmahal tea ad
Published: 16 Dec 2024, 09:53 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented