അന്സിബയുടെ നിലപാടാണ് ശരിയെന്നും ഉഷാ ഹസീന പറഞ്ഞു

നടി ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി നടി ഉഷാ ഹസീന. ലക്ഷ്മിപ്രിയ തന്നെ പരസ്യമായി 'ജിഹാദി' എന്ന് വിളിച്ചുവെന്ന് അവർ ആരോപിച്ചു. 'അമ്മ'യിൽ വർഗീയത കൊണ്ടുവരാമെന്നുള്ള മോഹം പൊലിഞ്ഞുപോയതിന്റെ രോദനമാണ് ലക്ഷ്മിപ്രിയയുടേത് എന്ന് പറഞ്ഞ ഉഷാ ഹസീന, നിങ്ങളെ പോലെ വർഗീയ വിഷം തുപ്പുന്നവരെ 'അമ്മ'യ്ക്ക് വേണ്ടെന്നും വ്യക്തമാക്കി. ലക്ഷ്മിപ്രിയയുടെ കഴിഞ്ഞദിവസത്തെ ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയായാണ് ഉഷാ ഹസീന ഇക്കാര്യങ്ങൾ പറഞ്ഞത്. ഫേസ്ബുക്കിലൂടെ തന്നെയായിരുന്നു ഉഷയുടെ പ്രതികരണം.
വർഗീയത പറയുന്നവരെ പ്രോത്സാഹിപ്പിക്കാനോ അംഗീകരിക്കാനോ തങ്ങൾക്ക് മനസില്ലെന്ന് ചാനലുകളിൽ കയറി വർഗീയവിഷം തുപ്പുമ്പോൾ ആലോചിക്കണമായിരുന്നുവെന്നും ഉഷാ ഹസീന ലക്ഷ്മിപ്രിയയോടായി പറഞ്ഞു. അൻസിബ കഴിഞ്ഞ പത്ത് മാസമായി അനുഭവിച്ച വിഷമത്തിനും അവഗണനയ്ക്കും അപമാനത്തിനുമെല്ലാം ഇന്നലെ തങ്ങൾ മറുപടി നൽകി. അൻസിബയുടെ നിലപാടാണ് ശരി. അവളെ തങ്ങൾ ചേർത്തുപിടിച്ചുവെന്നും ഉഷാ ഹസീന പറഞ്ഞു. അൻസിബയ്ക്കൊപ്പമുള്ള ചിത്രവും ഉഷാ ഹസീന പോസ്റ്റിനൊപ്പം ചേർത്തിരുന്നു.
ജനിപ്പിച്ച മാതാപിതാക്കളേയും ജനിച്ച മതത്തേയും ഖുറാനേയും അഭിമുഖങ്ങളിൽ തള്ളിപ്പറഞ്ഞത് ശരിയായില്ല എന്ന് പറഞ്ഞതിനാണ് തന്നെ ലക്ഷ്മിപ്രിയ പരസ്യമായി ജിഹാദി എന്ന് വിളിച്ചതെന്നും അവർ പറഞ്ഞു. തന്നെ ഒരു പരിപാടിക്ക് വിളിക്കാൻ സഹപ്രവർത്തക പറഞ്ഞപ്പോഴാണ് മറ്റ് സഹപ്രവർത്തകർക്ക് മുന്നിൽ വെച്ച് പരസ്യമായി തന്നെ ജിഹാദിയെന്ന് വിളിച്ചത്. വായ തുറന്നാൽ വർഗീയത വിളമ്പുന്ന നിങ്ങളുടെ ശവം കാണണമെന്ന് തനിക്ക് ഒരു താത്പര്യവുമില്ലെന്നും ലക്ഷ്മിപ്രിയ ഇന്നലെ പറഞ്ഞതിന് മറുപടിയായി ഉഷാ ഹസീന പറഞ്ഞു.
ഉഷാ ഹസീനയുടെ പോസ്റ്റ്
ശ്രീമതി ലക്ഷ്മി പ്രിയ ഇന്നലെ രാത്രി എനിക്കും പൊന്നമ്മ ചേച്ചിക്കും ഒരു മെസേജ് അയച്ചിട്ടുണ്ട്. അതിലെ മാറ്റർ തന്നെ ഫേസ്ബുക്കിലും അവർ പോസ്റ്റ് ചെയ്തിട്ടുണ്ട്. ശ്രീമതി ലക്ഷ്മി പ്രിയ ഒരു കാര്യം മനസ്സിലാക്കണം ചാനലായ ചാനലുതോറും കയറി ഇരുന്ന് വായിൽ വരുന്നത് കോതയ്ക്ക് പാട്ട് എന്നതുപോലെ വർഗീയ വിഷം തുപ്പുമ്പോൾ ആലോചിക്കണമായിരുന്നു, ഇത്തരക്കാരെ പ്രോത്സാഹിപ്പിക്കാനോ അംഗീകരിച്ചക്കാനോ ഞങ്ങൾക്ക് മനസ്സില്ല. അമ്മ സംഘടനയിൽ വർഗീയത കൊണ്ടുവരാമെന്നുള്ള വലിയ മോഹം ഞങ്ങൾ പൊളിച്ചടുക്കിയതിന്റെ, ആ മോഹം പൊലിഞ്ഞുപോയതിന്റെ രോദനമായിട്ടേ ഞങ്ങൾ ഇതിനെ കണക്കാക്കുന്നുള്ളു.
അൻസിബ കഴിഞ്ഞ പത്ത് മാസം അനുഭവിച്ച വിഷമങ്ങൾ, അവഗണനകൾ, അപമാനങ്ങൾ... അതിനൊക്കെ ഇന്നലെ ഞങ്ങൾ മറുപടി നൽകി. അൻസിബയുടെ നിലപാട്... അതാണ് ശരി ഞങ്ങൾ അവളെ ചേർത്തുപിടിച്ചു... ഒപ്പം നിന്നു.
നിങ്ങളെ പോലെ വർഗീയ വിഷം തുപ്പുന്നവരെ അമ്മയ്ക്കും വേണ്ട. ജനറൽ ബോഡിയിലെ ഭൂരിപക്ഷം അംഗങ്ങളുടെയും അഭിപ്രായവും അത് തന്നെ ആയിരുന്നു.
ഇന്റർവ്യൂകളിൽ, ജനിപ്പിച്ച മാതാപിതാക്കളെയും ജനിച്ച മതത്തെയും ഖുറാനെയും തള്ളിപ്പറഞ നിങ്ങളുടെ അത്തരം സ്റ്റേറ്റ്‌മെന്റ് ശരിയായില്ല എന്ന് പറഞ്ഞതിന് എന്നെ ഒരു പ്രോഗ്രാമിന് വിളിക്കാൻ എന്റെ സഹപ്രവർത്തക പറഞ്ഞപ്പോൾ മറ്റ് സഹപ്രവർത്തകരുടെ മുൻപിൽ പബ്ലിക് ആയിട്ട് നിങ്ങൾ എന്നെയും, ജിഹാദിയാണ് അവരെ വിളിക്കണ്ട എന്ന് പറഞ്ഞില്ലേ? വായ തുറന്നാൽ വർഗീയത വിളമ്പുന്ന നിങ്ങളുടെ ശവം കാണണമെന്ന് എനിക്ക് ഒരു താല്പര്യവും ഇല്ല.
Content Highlights: Actress Usha Haseena heavily criticized actress Lakshmipriya in a Facebook post for publicly calling her a 'Jihadi'. Usha stated that AMMA does not need communal minded people and firmly expressed her support for fellow actress Ansiba.
Published: 22 Jun 2026, 04:29 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented