തമിഴ് നടൻ വിജയ്‌യുമായുള്ള പ്രണയവാർത്തകളും സിനിമയിൽ നിന്ന് താൻ വിരമിക്കുന്നു എന്ന തരത്തിലുള്ള പ്രചരണങ്ങളും തള്ളിക്കളഞ്ഞ് നടി തൃഷ കൃഷ്ണൻ. സിനിമ ഉപേക്ഷിച്ചെന്നും വിവാഹിതയായെന്നുമുള്ള വാർത്തകൾ വെറും കെട്ടുകഥകളാണെന്ന് താരം ഇൻസ്റ്റാഗ്രാമിലൂടെ വ്യക്തമാക്കി.

To advertise here,

കഴിഞ്ഞ കുറച്ചു കാലമായി തൃഷയും തമിഴക വെട്രി കഴകം അധ്യക്ഷനും നടനുമായ വിജയ്‌യും പ്രണയത്തിലാണെന്ന തരത്തിൽ വലിയ പ്രചരണങ്ങൾ നടക്കുന്നുണ്ട്. ഇതിനിടയിലാണ് തമിഴിലെ ചില നിർമ്മാതാക്കളെ ഉദ്ധരിച്ച് തൃഷ സിനിമ അഭിനയം നിർത്താൻ പോകുന്നുവെന്ന് മാധ്യമപ്രവർത്തകൻ ചിത്ര ലക്ഷ്മണൻ റിപ്പോർട്ട് ചെയ്തത്. പുതിയ സിനിമകളൊന്നും തൃഷ ഒപ്പിടാത്തതാണ് ഇത്തരമൊരു സംശയത്തിന് കാരണമായത്.

എന്നാൽ ഈ വാർത്തകളോട് പരിഹാസരൂപേണയാണ് തൃഷ പ്രതികരിച്ചത്. ‘ഞാൻ സിനിമ ഉപേക്ഷിച്ചെന്നും ഒരു സമ്പന്നനായ ബിസിനസുകാരനെ വിവാഹം കഴിച്ചെന്നും, എനിക്ക് രണ്ട് വയസ്സുള്ള നാല് കുട്ടികളുണ്ടെന്നും കേട്ടു! വേറെ എന്തെങ്കിലും ബാക്കിയുണ്ടോ അതോ ഇന്നത്തെ ഫിക്ഷൻ ക്വാട്ട കഴിഞ്ഞോ?’ - തൃഷ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

നേരത്തെ ചെന്നൈയിൽ നടന്ന ഒരു വിവാഹ ചടങ്ങിൽ വിജയ്‌യും തൃഷയും ഒരുമിച്ചെത്തിയത് ഇരുവരും തമ്മിലുള്ള ബന്ധം സ്ഥിരീകരിക്കുന്നതാണെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. വിജയ്‌യുടെ ഭാര്യ സംഗീത വിവാഹമോചനത്തിന് അപേക്ഷ നൽകിയെന്നും വിജയ്‌ക്ക് മറ്റൊരു നടിയുമായി ബന്ധമുണ്ടെന്ന് ആരോപിച്ചതായും വാർത്തകളുണ്ടായിരുന്നു.

1999-ൽ മിസ് ചെന്നൈ ആയതിന് ശേഷം സിനിമയിലെത്തിയ തൃഷ, തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലായി നിരവധി സൂപ്പർഹിറ്റ് സിനിമകളുടെ ഭാഗമായിട്ടുണ്ട്. വിശ്വംഭര, റാം തുടങ്ങിയ സിനിമകളാണ് തൃഷയുടേതായി ഇനി പുറത്തിറങ്ങാനുള്ളത്. തന്റെ വ്യക്തിജീവിതത്തെക്കുറിച്ച് പ്ലാൻ ചെയ്യുന്നവർ തന്നെ അവരുടെ ഹണിമൂൺ കൂടി പ്ലാൻ ചെയ്യട്ടെ എന്നാണ് മുൻപ് ഇത്തരമൊരു വിവാദത്തോട് തൃഷ പ്രതികരിച്ചത്.