ന്ത്യൻ സിനിമാലോകം ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നായ 'ടോക്‌സിക്: എ ഫെയറിടെയിൽ ഫോർ ഗ്രോൺ- അപ്സ്' ട്രെയ്‌ലർ റിലീസ് തീയതി അണിയറ പ്രവർത്തകർ ഔദ്യോഗികമായി പ്രഖ്യാപിച്ചു. റോക്കിങ് സ്റ്റാർ യഷിനെ അവതരിപ്പിക്കുന്ന പുതിയ പോസ്റ്ററിനൊപ്പമാണ് ചിത്രത്തിന്റെ ട്രെയ്‌ലർ തീയതി പ്രഖ്യാപിച്ചിരിക്കുന്നത്. ഓഗസ്റ്റ് എട്ടിന് ട്രെയ്‌ലർ പുറത്തിറങ്ങുമെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്.

To advertise here,

ചിത്രത്തിന്റെ ഏറ്റവും പുതിയ പോസ്റ്ററും ഇതുവരെയുള്ള അതേ നിഗൂഢത നിലനിർത്തുന്നതാണ്. യഷ് അവതരിപ്പിക്കുന്ന 'റായ' എന്ന കഥാപാത്രത്തിന്റെ നിഴൽ, കൈയിൽ ടോമി ഗൺ പിടിച്ചിരിക്കുന്ന രൂപത്തിൽ പോസ്റ്ററിൽ കാണാം. കഥയെക്കുറിച്ചുള്ള യാതൊരു സൂചനയും നൽകാതെ തന്നെ ചിത്രത്തിന്റെ നിഗൂഢവും തീവ്രവുമായ ലോകത്തെക്കുറിച്ചുള്ള കൗതുകം വർധിപ്പിക്കുന്നതാണ് പോസ്റ്റർ.

ട്രെയ്‌ലർ ബെംഗളൂരുവിൽ ആദ്യമായി പുറത്തിറക്കും. യഷിന്റെയും കെ.വി.എൻ. പ്രൊഡക്ഷൻസിന്റെയും സ്വന്തം നാടായ കർണാടകയിൽ നിന്നാണ് ചിത്രത്തിന്റെ പ്രമോഷൻ ഔദ്യോഗികമായി ആരംഭിക്കുന്നത്. 'ടോക്‌സിക്' ചിത്രീകരണം ആരംഭിച്ചതിന്റെ രണ്ടാം വാർഷികമായ ഓഗസ്റ്റ് എട്ടിനാണ് ട്രെയ്‌ലർ പുറത്തിറങ്ങുന്നത്.

റോക്കിങ് സ്റ്റാർ യഷ് നായകനാകുന്ന 'ടോക്‌സിക്: എ ഫെയറിടെയിൽ ഫോർ ഗ്രോൺ- അപ്സ്' സംവിധാനം ചെയ്യുന്നത് ഗീതു മോഹൻദാസാണ്. നയൻതാര, കിയാര അദ്വാനി, താര സുതാരിയ, രുക്മിണി വസന്ത്, ഹുമ ഖുറേഷി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. കന്നഡയിലും ഇംഗ്ലീഷിലുമായി ചിത്രീകരിച്ചിരിക്കുന്ന ചിത്രം ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഉൾപ്പെടെ നിരവധി ഭാഷകളിൽ ഓഗസ്റ്റ് 26-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും. കെ.വി.എൻ. പ്രൊഡക്ഷൻസും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.